You are here
ഫ്ലോറിഡയിൽ ആഞ്ഞുവീശി മൈക്കിൾ കൊടുങ്കാറ്റ്; രണ്ടു മരണം
വാഷിങ്ടൺ: യു.എസ് സംസ്ഥാനമായ ഫ്ലോറിഡയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് നാശംവിതച്ച് മൈക്കിൾ കൊടുങ്കാറ്റ്. സംഭവത്തിൽ മരം ദേഹത്തു വീണ് കുട്ടിയടക്കം രണ്ടുപേർ മരിച്ചു. രാജ്യത്തിെൻറ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കൊടുങ്കാറ്റ് ദുരന്തത്തെ നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും ഒരുക്കിയതിനാൽ മരണസംഖ്യ കുറക്കാനായി.
മിക്ക കടൽത്തീര നഗരങ്ങളും വെള്ളംകയറിയും മരങ്ങൾ വീണും സ്തംഭിച്ചിരിക്കയാണ്. കാറ്റഗറി-4 വിഭാഗത്തിൽപെട്ട മൈക്കിൾ കൊടുങ്കാറ്റ് ബുധനാഴ്ച വൈകീട്ടാണ് അടിച്ചുവീശിയത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്.
വ്യാഴാഴ്ച പുലർച്ചെയോടെ ദുർബലമായ കാറ്റ് ജോർജിയ ഭാഗത്തേക്കു നീങ്ങിയതായി നിരീക്ഷണകേന്ദ്രങ്ങൾ അറിയിച്ചു. ഫ്ലോറിഡ, അലബാമ, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിൽ മിക്കയിടത്തും വൈദ്യുതി തകരാറിലാണ്. വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവക്ക് വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.