You are here

‘ഈയിടെയാണ് അവൻ ജീവിച്ചു തുടങ്ങിയത്; അപ്പോഴേക്കും അവർ കൊന്നുകളഞ്ഞു’

19:14 PM
30/05/2020
george-floyd-1-30520.jpg

ഹൂസ്റ്റണിൽനിന്നും ജോർജ് ഫ്ലോയിഡ് എന്ന 46കാരൻ മിന്നെപോളിസിലെത്തിയത് കൂടുതൽ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനായാണ്. ഹൂസ്റ്റണിൽ കറുത്തവർഗക്കാർ കൂടുതലായി താമസിക്കുന്ന തേർഡ് വാർഡിലായിരുന്നു കുട്ടിക്കാലം മുതൽ ജോർജ് ഫ്ലോയിഡ് കുടുംബത്തോടൊപ്പം കഴിഞ്ഞത്. 2018ൽ മിന്നസോട്ട സംസ്ഥാനത്തെ മിന്നെപോളിസ് നഗരത്തിലേക്ക് വന്നു. എന്നാൽ, പ്രതീക്ഷിച്ച ഒരു ജീവിതത്തിന് പകരം വംശവെറിയുടെ കഴുകന്മാരാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഫ്ലോയിഡ് അറിഞ്ഞിരുന്നില്ല. 

നോർത്ത് കരോലിനയിലാണ് ഫ്ലോയിഡ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ കുടുംബം ഹൂസ്റ്റണിലേക്ക് താമസം മാറി. സ്കൂൾ പഠനകാലം മുതൽക്കേ മികച്ച അത്ലറ്റും ഡാൻസറുമായിരുന്നു ഫ്ലോയ്ഡ്. ഹൈസ്കൂൾ പഠനകാലത്ത് ഫുട്ബാളിലും ബാസ്കറ്റ്ബാളിലും മികച്ച താരമായിരുന്നുവെന്ന് പങ്കാളി റോക്സി വാഷിങ്ടൺ പറയുന്നു. 

യേറ്റ്സ് ഹൈസ്കൂളിലായിരുന്നു ഫ്ലോയിഡിന്‍റെ പഠനം. സൗത്ത് ഫ്ലോറിഡ കമ്യൂണിറ്റി കോളജിന്‍റെ ബാസ്കറ്റ്ബാൾ ടീമിലെ സ്ഥിരം അംഗമായി. എന്നാൽ, പഠനം തുടരാൻ കഴിയാതെ ഫ്ലോയിഡ് ഹൂസ്റ്റണിലെ വീട്ടിലേക്ക് തന്നെ മടങ്ങി. 

പിന്നീട്, സംഗീത മേഖലയിലായി ഫ്ലോയിഡിന്‍റെ ശ്രദ്ധ. സ്ക്ര്യൂഡ് അപ് ക്ലിക്ക് എന്ന ഹിപ്-ഹോപ് മ്യൂസിക് ഗ്രൂപ്പിൽ അംഗമായി. ഹൂസ്റ്റണിൽനിന്നുള്ള പ്രശസ്ത സംഗീതജ്ഞൻ ഡി.ജി. സ്ക്ര്യൂ ആയിരുന്നു ഗ്രൂപ്പിന് നേതൃത്വം നൽകിയിരുന്നത്. 

എന്നാൽ, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ജോർജ് ഫ്ലോയിഡ് ഏറെ പാടുപെട്ടു. ഹൂസ്റ്റണിൽ ജോലി കുറഞ്ഞതോടെയാണ് മിന്നെപോളിസിലേക്ക് താമസം മാറ്റുന്നത്. പങ്കാളിയായ റോക്സി വാഷിങ്ടണും ആറ് വയസുകാരിയായ മകൾ ജിയാന്ന ഫ്ലോയിഡും ഒപ്പമുണ്ടായിരുന്നു. 

രണ്ട് പെൺകുട്ടികളാണ് ഫ്ലോയിഡിന്. ഒരാൾ നേരത്തെയുണ്ടായിരുന്ന ബന്ധത്തിൽ ജനിച്ചതാണ്. നല്ല ഒരു ഭർത്താവും പിതാവുമായിരുന്നു ഫ്ലോയിഡെന്ന് റോക്സി വാഷിങ്ടൺ കണ്ണീരോടെ പറയുന്നു. 

മിന്നെപോളിസിലെത്തിയ ഫ്ലോയിഡ് ജീവിതം എങ്ങനെയെങ്കിലും കരക്കടുപ്പിക്കാനുള്ള പ്രയത്നത്തിലായിരുന്നു. റസ്റ്ററന്‍റിലെ സുരക്ഷാ ജീവനക്കാരനായും ട്രക്ക് ഡ്രൈവറുമായും ജോലിയെടുത്തു. സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമെല്ലാം പ്രിയങ്കരനായി. എപ്പോഴും ചിരിക്കുന്ന, കൈനീട്ടി സ്വാഗതം ചെയ്യുന്ന ഫ്ലോയിഡിനെ റസ്റ്ററന്‍റിൽ വരുന്നവർക്കെല്ലാം സുപരിചിതനായിരുന്നു. 

വലിപ്പമേറിയ ശരീരവും കറുത്തവരോടുള്ള വംശീയതയും ഫ്ലോയിഡിന് വെല്ലുവിളിയായിരുന്നു. ഭീമാകാരനായ ഒരു പാവമായിരുന്നു ഫ്ലോയിഡെന്ന് വാഷിങ്ടൺ പറയുന്നു. വലിയ ശരീരം കണ്ട് ആളുകൾ എപ്പോഴും തെറ്റിദ്ധരിക്കും. വെല്ലുവിളിച്ച് നിൽക്കുന്ന ഒരാളെ പോലെ തോന്നും. എന്നാൽ, ഫ്ലോയിഡ് വളരെ പാവമായിരുന്നു. ആരെയും ദ്രോഹിച്ചിരുന്നില്ല. മകൾ ജിയാന്നയെ ജീവനായിരുന്നു. 

ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പൊലീസുകാരെ പിരിച്ചുവിടുക മാത്രമാണ് ആദ്യമുണ്ടായ നടപടി. അറസ്റ്റ് ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്തില്ല. കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വൻ പ്രതിഷേധത്തിനൊടുവിലാണ് പൊലീസുകാരനെതിരെ കുറ്റം ചുമത്താൻ അധികൃതർ തയാറായത്. 

പൊലീസുകാർ തന്‍റെ സഹോദരനെ കൊല്ലുകയായിരുന്നുവെന്ന് സഹോദരി ബ്രിജറ്റ് ഫ്ലോയിഡ് പറയുന്നു. ജോർജിന്‍റെ സഹോദരൻ റോഡ്നി ഫ്ലോയിഡും കസിൻ ടെറ ബ്രൗണും കൊലപാതകികൾക്ക് തക്ക ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നു. 

എത്ര പാവമായിരുന്നു എന്‍റെ സഹോദരൻ എന്നാണ് ഞാൻ ആലോചിക്കുന്നത് -മറ്റൊരു സഹോദരനായ ഫിലോനിസ് ഫ്ലോയിഡ് പറഞ്ഞു. ആർക്കും ഒരു ദ്രോഹവും ചെയ്യാൻ ജോർജിന് ഇഷ്ടമില്ലായിരുന്നു. എല്ലാവർക്കും അവനോട് സ്നേഹമായിരുന്നു. 

ഹൂസ്റ്റണിലെ തന്‍റെ ഏതാനും സുഹൃത്തുക്കളെ ഫ്ലോയിഡ് മിന്നെസോട്ടയിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ കൂടുതൽ മെച്ചപ്പെട്ട നില‍യിൽ ജീവിക്കാമെന്നും നല്ല ജോലി ലഭിക്കുമെന്നും പുതിയ തുടക്കമാകുമെന്നും ഫ്ലോയിഡ് പറഞ്ഞിരുന്നു. എന്നാൽ, അവർക്കെല്ലാം പിന്നീട് കേൾക്കേണ്ടിവന്നത് കൂട്ടുകാരന്‍റെ മരണവാർത്തയാണ്.

കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തായ മിൽട്ടൺ കാർനിക്ക്, ഫ്ലോയിഡിനെ കുറിച്ച് പറയാനുള്ളത് നല്ലതുമാത്രമാണ്. ഫ്ലോയിഡ് ഈയടുത്താണ് കുറച്ച് വസ്തുക്കൾ സ്വന്തമായി വാങ്ങിയത്. ആദ്യമായാണ് അങ്ങനെ വാങ്ങിക്കാൻ കഴിയുന്നത്. അതിന്‍റെ സന്തോഷത്തിൽകൂടിയായിരുന്നു ഫ്ലോയിഡ്. ഇപ്പോൾ മാത്രമാണ് അവൻ സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയത്. അപ്പോഴേക്കും അവർ അവനെ കൊന്നുകളഞ്ഞു -മിൽട്ടൺ പറയുന്നു.

സംശയത്തിന്‍റെ പേരിലാണ് പൊലീസ് ഫ്ലോയിഡിനെ കസ്റ്റഡിയിലെടുക്കുന്നതും പിന്നീട് അതിദാരുണമായി കൊലപ്പെടുത്തുന്നതും. പലചരക്ക് കടയിൽ കള്ളപ്പണ ഇടപാട് നടക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. പ്രതിയുടെ രൂപവുമായി സാദൃശ്യമുണ്ടെന്ന ഒറ്റക്കാരണത്താൽ വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥർ ജോർജ് ഫ്ലോയിഡിനെ പിടികൂടി വിലങ്ങണിയിച്ചു. ഫ്ലോയിഡ് അറസ്റ്റിനെ എതിർത്തെന്നും അതാണ് മരണത്തിൽ കലാശിച്ചതെന്നുമാണ് മിന്നസോട്ട പൊലീസ് വകുപ്പ് ആദ്യം പറഞ്ഞത്. എന്നാൽ, ഫ്ലോയിഡ് പൊലീസുകാർക്ക് നേരെ തിരിഞ്ഞിട്ടില്ലെന്ന് ദൃക്സാക്ഷികളും കാമറദൃശ്യങ്ങളും വ്യക്തമാക്കുന്നു. 

ഫ്ലോയിഡിനെ പിടികൂടി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ കാമറയുണ്ട്. എന്നാൽ, അവയിലെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 

ജോർജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് മിന്നെപ്പോളിസ് ഉൾപ്പെടെ നിരവധി അമേരിക്കൻ നഗരങ്ങളിൽ പ്രക്ഷോഭം ആളിക്കത്തി. കൊലപാതകികളായ പൊലീസുകാരെ ശിക്ഷിക്കണമെന്നും കറുത്തവർക്കുനേരെയുള്ള വംശീയ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. പലപ്പോഴും പ്രതിഷേധം അക്രമാസക്തമായി. മിന്നെപ്പോളിസിൽ പൊലീസ് സ്റ്റേഷന് തീവെച്ചു. പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പുണ്ടായി. മൂന്ന് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിലാണ് ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പൊലീസ് ഓഫിസർ ഡെറിക് ഷോവിനെതിരെ കുറ്റം ചുമത്തിയത്. മൂന്നാംമുറ ഉപയോഗിച്ച് നടത്തിയ കൊലപാതകക്കുറ്റമാണ് ഡെറിക്കിനുമേൽ ചുമത്തിയത്. കൊലപാതകം എഫ്.ബി.ഐ അന്വേഷിക്കുകയാണ്. 

 

Loading...
COMMENTS