യു.എസ് തെരഞ്ഞെടുപ്പ്: ഹാക്കർമാർ 21 സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടു
text_fieldsവാഷിങ്ടൺ: കഴിഞ്ഞവർഷം നടന്ന യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഹാക്കർമാർ 21 സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടതായി ഒൗദ്യോഗിക സ്ഥിരീകരണം. എന്നാൽ, ഹാക്കർമാർക്ക് നിർണായക വിവരങ്ങൾ ചോർത്താനായെന്നോ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനായെേന്നാ റിപ്പോർട്ട് പറയുന്നില്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇ-മെയിലുകൾ അയച്ചാണ് ഹാക്കിങ് ശ്രമം നടന്നത്.
എന്നാൽ, ഹാക്കിങ്ങിന് പിന്നിൽ റഷ്യൻ ഇടപെടലുണ്ടായെന്നതിനെ ശരിവെക്കുന്നതായ സൂചനകളൊന്നും ഫെഡറൽ ഉദ്യോഗസ്ഥർ സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടില്ല. സംസ്ഥാനങ്ങളെ ഹാക്കർമാർ ലക്ഷ്യമിട്ടതായി കഴിഞ്ഞവർഷം തന്നെ റിപ്പോർട്ടുണ്ടായിരുന്നു.
തുടർന്ന് ഹാക്കിങ് സംബന്ധിച്ച് വിവരം തങ്ങൾക്ക് കൈമാറണമെന്ന് സംസ്ഥാനങ്ങൾ ഫെഡറൽ സർക്കാറിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മാത്രമാണ് ഹാക്കർമാർ ലക്ഷ്യമിട്ട സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഹോംലാൻഡ് സെക്യൂരിറ്റി ഇതുസംബന്ധിച്ച ഒൗദ്യോഗികവിവരം കൈമാറിയത്.
സംസ്ഥാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവരം കൈമാറാനുണ്ടായ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കാലിഫോർണിയ അടക്കമുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.