യു.എസിൽ സർക്കാർ ആനുകൂല്യംപറ്റുന്ന വിദേശികൾക്ക് ഗ്രീൻകാർഡ് നിർത്തുന്നു
text_fieldsവാഷിങ്ടൺ: യു.എസിൽ ഭക്ഷ്യ റേഷൻ ഉൾപ്പെടെ സർക്കാർ ആനുകൂല്യം അനുഭവിക്കുന്ന വിദേശികൾക്ക് ഗ്രീൻ കാർഡ് സംവിധാനം നിർത്തലാക്കാൻ ട്രംപ് ഭരണകൂടത്തിെൻറ നീക്കം. ലക്ഷക്കണക്കിന് വിദേശികളെ ബാധിക്കുന്ന തീരുമാനം ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. വിലകുറഞ്ഞ മരുന്നുകൾ ലഭിക്കാൻ പാർട്ട് ഡി മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നവരുൾപ്പെടെ പുതിയ നിയമത്തോടെ ഗ്രീൻ കാർഡിന് അർഹരായവരുടെ പട്ടികയിൽനിന്ന് പുറത്താകും.
ശരാശരി പ്രതിവർഷം 3,82,000 പേരെ ബാധിക്കുന്നതാണ് നിയമമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നേരേത്ത ഗ്രീൻ കാർഡ് അനുവദിക്കപ്പെട്ടവർക്ക് ഇളവുണ്ടാകും. വിദേശ തൊഴിലാളികൾക്കു നേരെ ട്രംപ് സർക്കാർ തുടരുന്ന കടുത്ത നടപടികളുടെ ഭാഗമാണ് നിയമം.
ഗ്രീൻ കാർഡ് അനുവദിക്കപ്പെടുന്നവർ സമ്പദ്വ്യവസ്ഥക്ക് ഭാരമാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ രാജ്യത്തെ ഫെഡറൽ നിയമം മുമ്പും ശിപാർശ ചെയ്തിരുന്നുവെങ്കിലും പണമായി ആനുകൂല്യം ലഭിക്കുന്നവരെ മാത്രമാണ് ഇൗ വിഭാഗത്തിൽെപടുത്തിയിരുന്നത്. എന്നാൽ, ഇനിമുതൽ രാജ്യത്ത് സ്ഥിരമായി തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾ ഒരുനിലക്കുള്ള ആനുകൂല്യവും പറ്റുന്നില്ലെന്ന് ബോധ്യപ്പെടുത്തേണ്ടിവരും. സർക്കാറിനെ ഏതെങ്കിലും തരത്തിൽ ആശ്രയിക്കുന്നവർ പരിധിക്ക് പുറത്താവും. നിയമപ്രകാരം ഗ്രീൻ കാർഡ് നിഷേധിക്കപ്പെടാതിരിക്കാൻ അപേക്ഷകരിൽ ചില വിഭാഗങ്ങൾ 10,000 ഡോളർ ബോണ്ട് നൽകേണ്ടിവരും.