Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആദ്യം കോവിഡ്...

ആദ്യം കോവിഡ് ബാധിക്കുന്നയാൾക്ക് സമ്മാനം; അമേരിക്കയിൽ ‘കൊറോണ വൈറസ് പാർട്ടി’

text_fields
bookmark_border
ആദ്യം കോവിഡ് ബാധിക്കുന്നയാൾക്ക് സമ്മാനം; അമേരിക്കയിൽ ‘കൊറോണ വൈറസ് പാർട്ടി’
cancel
camera_altRepresentative Image

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ വിചിത്രമായ മത്സരവുമായി ഒരുകൂട്ടം ചെറുപ്പക്കാർ. കോവിഡിനെ പിടിച്ചുകെട്ടാൻ ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകരും ഭരണാധികാരികളും പരിശ്രമിക്കുന്നതിനിടെയാണ് രോഗം പകർത്താനായി മത്സരം സംഘടിപ്പിച്ച് ഇവർ പ്രതിരോധപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്. 

കോവിഡ് ബാധിച്ചവർ അസുഖം ഭേദമാകാത്ത സാഹചര്യത്തിൽ തന്നെ പാർട്ടികൾ സംഘടിപ്പിക്കും. ഇതിൽ കോവിഡ് ബാധിക്കാത്തവരും പങ്കെടുക്കും. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവരിൽ ആർക്കാണോ ആദ്യം വൈറസ് ബാധയുണ്ടാകുന്നത്, അയാളെ വിജയിയായി കണക്കാക്കും. ഇതാണ് തലതിരിഞ്ഞ മത്സരത്തിന്‍റെ രീതി. 

ഇങ്ങനെ വൈറസിനെ ഏറ്റുവാങ്ങി മത്സരം ജയിക്കുന്നയാൾക്കായി സമ്മാനവും ഏർപ്പെടുത്തുന്നുണ്ട്. പങ്കെടുക്കുന്നവരിൽനിന്ന് ടിക്കറ്റ് ചാർജായി ഈടാക്കുന്ന തുകയാണ് സമ്മാനമായി നൽകുക. 

അലബാമയിലെ ടസ്കലൂസ നഗരത്തിൽ ഇത്തരം കോവിഡ് പാർട്ടികൾ നടത്തുന്നതിന്‍റെ വാർത്തകൾ സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. 

ഇത്തരം പാർട്ടികൾ നടത്തുന്നുവെന്ന വിവരം അഭ്യൂഹം മാത്രമാണെന്നാണ് ആദ്യം കരുതിയതെന്ന് അലബാമ സിറ്റി കൗൺസിൽ അംഗം സോന്യ മക്കിൻസ്ട്രി പറയുന്നു. തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് കോവിഡ് പാർട്ടികൾ അരങ്ങേറുന്നതായി വ്യക്തമായത്. 

ഏതാനും ദിവസങ്ങളായി നിരവധി കോവിഡ് പാർട്ടികൾ നടന്നിട്ടുണ്ട്. ഇത് തമാശയായി മാത്രം കാണാനാവില്ലെന്നും ഗുരുതരമായ സാഹചര്യമാണുണ്ടാവുകയെന്നും മക്കിൻസ്ട്രി ചൂണ്ടിക്കാട്ടുന്നു. പങ്കെടുക്കുന്നവർ അവർക്ക് കോവിഡ് ഏറ്റുവാങ്ങുക മാത്രമല്ല ചെയ്യുന്നത്. വൈറസുമായി വീടുകളിലേക്ക് മടങ്ങി വീട്ടുകാരെയും അപകടപ്പെടുത്തുന്നുണ്ട്. 

നേരത്തെ, വാഷിങ്ടണിലെ വാല്ല വാല്ല കൗണ്ടിയിൽ ഇത്തരം പാർട്ടി നടന്നതായി വിവരമുണ്ടായിരുന്നു. 20ഓളം പേർ പങ്കെടുത്ത പാർട്ടിയിൽനിന്ന് രണ്ട് പേർക്ക് രോഗബാധയുണ്ടായതായും റിപ്പോർട്ടുണ്ട്. 

അലബാമയിൽ ഇത്തരം കോവിഡ് പാർട്ടികൾക്കെതിരെ മുൻകരുതൽ സ്വീകരിക്കുകയാണ് അധികൃതർ. ഇതിന്‍റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി ഓർഡിനൻസ് ഇറക്കിയിട്ടുണ്ട്. 

ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ ജൂലൈ നാലിലെ കണക്ക് പ്രകാരം 29,36,122 പേർക്കാണ് വൈറസ് ബാധിച്ചത്. 1,32,318 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscovid 19
News Summary - Get infected at Covid party get paid -world news
Next Story