വ്യാജ എച്ച് -1 ബി വിസ: നാല് ഇന്ത്യൻ വംശജർ യു.എസിൽ അറസ്റ്റിൽ
text_fieldsവാഷിങ്ടൺ: വ്യാജ എച്ച് -1 ബി വിസ കേസിൽ ഐ.ടി റിക്രൂട്ട്മെൻറ് കമ്പനി ജീവനക്കാരായ നാല് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായി യു.എസ് നീതിവകുപ്പ് അറിയിച്ചു. വിജയ് മനെ (39), വെങ്കിട്ടരമണ മന്നം (47), ഫെർണാണ്ടോ സിൽവ (53) എന്നിവരെ ന്യൂ ജഴ്സിയിൽനിന്നും സതീഷ് വെമുരിയെ (52) കാലിഫോർണിയയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
വ്യാജ വിസക്കായി ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.
2.5 ലക്ഷം യു.എസ് ഡോളറിെൻറ ബോണ്ടിൽ ഇവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രൊക്യുർ പ്രഫഷനൽസ് ഇൻക്, ക്രിപ്റ്റോ ഐ.ടി സൊലൂഷൻസ് ഇൻക് എന്നീ കമ്പനികളിലെ ജീവനക്കാരാണിവർ.
യു.എസ് കമ്പനികൾക്ക് വിദഗ്ധ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്ന കുടിയേറ്റരഹിത വിസയാണ് എച്ച് -1 ബി. കമ്പനികളുടെ പേരിൽ വ്യാജമായി തസ്തിക സൃഷ്ടിച്ച് എച്ച് -1 ബി വിസ പദ്ധതി വഴി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് യു.എസ് കമ്പനികൾക്ക് കൈമാറുകയായിരുന്നു ഇവർ. തൊഴിലാളി ക്ഷാമം നേരിടുന്ന യൂ.എസ് കമ്പനികൾക്ക് കാലതാമസമോ വിസ നടപടിക്രമങ്ങളോ ഇല്ലാതെ ജീവനക്കാരെ എത്തിക്കുകയായിരുന്നു ഇവരെന്നും അധികൃതർ പറഞ്ഞു.