ഡ്രീം ആക്ട് പിൻവലിക്കൽ; യു.എസിലെ 7000 ഇന്ത്യാക്കാരുടെ ഭാവി തുലാസില്‍
text_fieldsവാഷിങ്ടണ്‍: മാതാപിതാക്കളോടൊപ്പം നിയമ വിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ കുട്ടികള്‍ക്ക് രാജ്യത്ത് കഴിയാൻ അനുമതി നല്‍കുന്ന ഡ്രീം ആക്ട് ഭരണഘടന വിരുദ്ധമാണെന്ന് യു.എസ്. അറ്റോര്‍ണി ജനറല്‍. ഈ പദ്ധതി നിർത്തലാക്കാൻ ഡോണാൾഡ് ട്രംപ് സർക്കാർ തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍ മാധ്യമങ്ങളെ അറിയിച്ചു.
മുൻ പ്രസിഡന്‍റ് ബറാക് ഒബാമ 2012ല്‍ രൂപം നൽകിയ പദ്ധതിയാണ് ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡി.എ.സി.എ) എന്ന ഡ്രീം ആക്ട്. ഈ നിയമപ്രകാരം കുടിയേറിയ കുട്ടികള്‍ക്ക് അമേരിക്കയിൽ ജോലി ചെയ്യുന്നതിനും ഡിപോർട്ട് ചെയ്യുന്നതിൽ നിന്നും സംരക്ഷണമുണ്ട്.
ഡ്രീം ആക്ട് പദ്ധതിയുടെ അടിസ്ഥാനത്തില്‍ എട്ട് ലക്ഷത്തോളം പേര്‍ക്ക് യു.എസിൽ ജോലി ചെയ്യുന്നതിന് ഒബാമ സർക്കാർ അനുമതി നല്‍കിയിരുന്നു. ഇത് സാവകാശം പിന്‍വലിക്കുകയാണെന്ന് ജെഫ് സെഷന്‍ വ്യക്തമാക്കി.
ട്രംപിന്‍റെ തീരുമാനം നിയമപരമായി അംഗീകരിക്കുന്നതിന് യു.എസ് കോണ്‍ഗ്രസിന് ആറു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഡ്രീം ആക്ട് പിന്‍വലിച്ചാല്‍ ഇന്ത്യന്‍ വംശജരായ 7000ത്തോളം പേരുടെ ഭാവിയാണ് അവതാളത്തിലാക്കുക.
അതേസമയം, ട്രംപ് സർക്കാറിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്‍റെ തീരുമാനത്തെ നാണംകെട്ട പ്രവർത്തിയെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ലീഡര്‍ നാന്‍സി പെലോസി കുറ്റപ്പെടുത്തി.
വിദേശികൾക്ക് അവസരം നല്‍കുന്ന രാജ്യമാണെങ്കിലും ഇവിടെ നിയമവ്യവസ്ഥകള്‍ നിലവിലുണ്ടെന്നാണ് പുതിയ തീരുമാനത്തോട് ട്രംപ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
