വീണ്ടും മാനക്കേട്; ട്രംപിന്റെ ഹാൻഡ്ഷേക്കിൽ നിന്ന് ഒഴിഞ്ഞുമാറി പോളണ്ടിലെ പ്രഥമവനിത(വിഡിയോ)
text_fieldsവാർസോ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ കാമറകളുടെ മുന്നിൽ നാണം കെടുത്തി പോളണ്ടിലെ പ്രഥമ വനിത. പോളണ്ടിലെ പ്രസിഡന്റ് ആൻഡ്ര ഡുഡയുടെ ഭാര്യ, ഹാൻഡ് ഷേക്കിനായി നീട്ടിയ ട്രംപിന്റെ കൈ അവഗണിച്ച് മെലാനിയയുടെ അടുത്തേക്ക് നീങ്ങിയതാണ് ഇത്തവണ സോഷ്യൽ മീഡിയ ആഘോഷമാക്കിയത്. ട്രംപിന്റെയും മെലാനിയയുടെയും പെരുമാറ്റങ്ങളും അബദ്ധങ്ങളും ട്വിറ്ററിലും മറ്റും വലിയ ചർച്ചക്ക് വിഷയമാകാറുണ്ട്. അതിനിടെയാണ് പുതിയ സംഭവം വീണുകിട്ടിയത്.
പോളണ്ടിന്റെ തലസ്ഥാനമായ വാർസോവിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു പ്രസിഡന്റും ഭാര്യ മെലാനിയയും. ആതിഥേയരായ പ്രസിഡന്റ് ഡുഡയുടെ കൈ കുലുക്കിയ ശേഷം ട്രംപ് ഭാര്യ അഗത ഡുഡക്ക് നേരെയും കൈനീട്ടി. അതു ശ്രദ്ധിക്കാതെ അഗത മെലാനിയക്ക് നേരെ നടന്നടുക്കുകയായിരുന്നു. മെലാനിയയുമായി സൗഹൃദം പങ്കുവെച്ച ശേഷമാണ് അഗത ട്രംപിന് ഹാൻഡഷേക്ക് നൽകിയത്. ഈ സമയമത്രയും നീട്ടിപ്പിടിച്ച കൈയുമായി നിൽക്കുകയായിരുന്നു ട്രംപ്.
ട്രംപിനെ അഗത മനപ്പൂർവം അവഹേളിക്കുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയിയൽ ഉയർന്നിട്ടുള്ള പരിഹാസം. എന്നാൽ ട്രംപ് അഭിവാദനം ചെയ്തത് ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും പിന്നീട് തന്റെ ഭാര്യ ട്രംപിന് ഹാൻഡ്ഷേക്ക് നൽകിയെന്നും പ്രസിഡന്റ് ഡുഡ വിശദീകരിച്ചു. വിവാദങ്ങൾ തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തി.
