ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ പുറത്താക്കാനൊരുങ്ങി ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന റെക്സ് ടില്ലേഴ്സനു പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ലെഫ്. ജനറൽ മക്മാസ്റ്റർക്ക് വൈറ്റ്ഹൗസിന് പുറത്തേക്കുള്ള വഴി തെളിയുന്നു. ഉത്തര കൊറിയയുമായുള്ള ഉന്നതതല കൂടിക്കാഴ്ചക്കുമുമ്പ് മക്മാസ്റ്ററെ പുറത്താക്കാനായി ട്രംപ് പദ്ധതിയിടുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് റിപ്പോർട്ട് തള്ളിക്കളഞ്ഞു. ട്രംപും മക്മാസ്റ്ററും തമ്മിൽ നല്ല ബന്ധമാണ് തുടരുന്നതെന്നും അവർ വ്യക്തമാക്കി. വൈറ്റ്ഹൗസിലെ ഏറ്റവും ശക്തമായ പദവിയാണ് ദേശീയ സുരക്ഷ കൗൺസിൽ. മക്മാസ്റ്ററുടേത് കർക്കശ സ്വഭാവമാണെന്നും അദ്ദേഹത്തിെൻറ കണ്ടെത്തലുകൾ വളരെ ദീർഘിച്ചതും അപ്രസക്തവുമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.
2016ലെ യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടു എന്ന കാര്യം സംശയാതീതമാണെന്നും മക്മാസ്റ്റർ പ്രസ്താവിച്ചിരുന്നു. ഇതും ട്രംപിനെ ചൊടിപ്പിച്ചു. മക്മാസ്റ്ററുടെ വ്യക്തിത്വം സംബന്ധിച്ചും ട്രംപിന് അസ്വസ്ഥതയുണ്ടായിരുന്നു. ഇക്കഴിഞ്ഞ ദിവസം വ്യാപാര കാര്യങ്ങളിൽ പ്രസിഡൻറുമായുള്ള ഭിന്നതയെ തുടർന്ന് സാമ്പത്തിക ഉപദേശകസ്ഥാനത്തുനിന്ന് ഗാരി കോഹ്ൻ രാജിവെച്ചിരുന്നു. പകരം ടി.വി അനലിസ്റ്റ് ലാരി കുഡ്ലോയെ ആണ് ട്രംപ് നിയമിച്ചത്.
യു.എന്നിലെ മുൻ യു.എസ് അംബാസഡർ ജോൺ ബോൾട്ടൻ, ദേശീയ സുരക്ഷ കൗൺസിലിലെ ചീഫ് ഒാഫ് സ്റ്റാഫ് കീത് കെേല്ലാഗ് എന്നിവരെയാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മൈക്കിൾ ഫ്ലിന്നിനെ പുറത്താക്കിയാണ് ട്രംപ് മക്മാസ്റ്ററെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചത്. തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട വിഷയം തന്നെയാണ് ഫ്ലിന്നിനും വിനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
