ട്രംപിനെ യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെ അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസ് ഇംപീച്ച് ചെയ്തു. അധികാര ദുർവിനിയോഗം നടത്തി, ജനപ്രതിനിധി സഭയുടെ പ്രവർത്തനത്തെ തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇംപീച്ച് ചെയ്തത്. 435 സഭയിൽ 431 പേരാണ് വോട്ട് ചെയ്തത്. അധികാര ദുർവിനിയോഗം നടത്തിയെന്ന പ്രമേയത്തെ 219 ഡെമോക്രാറ്റിക് പ്രതിനിധികൾ അനുകൂലിച്ചു. 164 റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്തു.
ജനപ്രതിനിധി സഭയുടെ പ്രവർത്തനത്തെ തടസപ്പെടുത്തിയെന്ന പ്രമേയത്തെ 229 പേർ അനുകൂലിച്ചു. 198 റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്തും വോട്ട് രേഖപ്പെടുത്തി. ഇംപീച്ച്മെന്‍റ് പ്രമേയം പാസാക്കാൻ 216 വോട്ടുകളാണ് വേണ്ടിയിരുന്നത്. 10 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷമാണ് പ്രമേയങ്ങൾ വോട്ടിനിട്ടത്.
അമേരിക്കയുടെ 243 വർഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റ് ആണ് ട്രംപ്. 1868ൽ ആൻഡ്രു ജോൺസനെയും 998ൽ ബിൽ ക്ലിന്‍റനെയും അമേരിക്കൻ കോൺഗ്രസ് ഇംപീച്ച്മെന്‍റ് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഇരുവരും പ്രസിഡന്‍റ് പദവിയിൽ തുടർന്നു. അമേരിക്കയുടെ 45മത് പ്രസിഡന്‍റാണ് ട്രംപ്.
തനിക്കെതിരായ ഇംപീച്ച്മെന്‍റ് നടപടി അട്ടിമറിയുടെ ഭാഗമാണെന്ന് ട്രംപ് പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ല. തനിക്കെതിരായ ആരോപണങ്ങളിൽ തെളിവില്ല. ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിയാണെന്നും ട്രംപ് വ്യക്തമാക്കി.
ദേശസുരക്ഷക്കും തെരഞ്ഞെടുപ്പ് ഐക്യത്തിനും എതിരെ ട്രംപ് ഭീഷണി ഉയർത്തിയെന്നും സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കുന്ന നടപടിയാണ് ജനപ്രതിനിധി സഭ ഏറ്റെടുത്ത് വിജയിപ്പിച്ചതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയം ഉപരിസഭയായ അമേരിക്കൻ സെനറ്റിന്‍റെ പരിഗണനക്ക് വരും. സെനറ്റിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ഇംപീച്ച്മെന്‍റ് നടപടികൾ ആരംഭിക്കും. സെനറ്റ് അംഗങ്ങൾ ജ്യൂറിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തു പോകേണ്ടിവരും.
അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിക്കാണ് സെനറ്റിൽ ഭൂരിപക്ഷമുള്ളത്. 100 അംഗ സെനറ്റിൽ 67 പേരുടെ പിന്തുണ വേണം പ്രമേയം പാസാകാൻ. എന്നാൽ, ഡെമോക്രാറ്റുകൾക്ക് 47 അംഗങ്ങൾ മാത്രമാണുള്ളത്. അതിനാൽ, പ്രമേയം പാസാകാൻ സാധ്യതയില്ല.
2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ മുൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച് യുക്രെയ്ൻ സർക്കാറിനു മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ് വിചാരണ നേരിടുന്നത്. സ്പീക്കർ നാൻസി പെലോസിയുടെ നിർദേശത്തെ തുടർന്ന് ജനപ്രതിനിധിസഭാ ഇംപീച്ച്മെന്‍റ് നടപടികൾ തുടങ്ങിയത്. തുടർന്ന് കോൺഗ്രസ് ഇന്‍റലിജൻസ് കമ്മിറ്റിയും ജുഡീഷ്യറി കമ്മിറ്റിയും ആഴ്ചകൾ നീണ്ട തെളിവെടുപ്പ് നടത്തി. ശേഷമാണ് ഇംപീച്ച്മെന്‍റ് പ്രമേയം ജനപ്രതിനിധി സഭയിൽ വോട്ടിനിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
