വെനിസ്വേലൻ സർക്കാരിനെ അട്ടിമറിച്ച് മദൂറോയെ യു.എസിലേക്ക് കടത്താൻ ശ്രമം
text_fieldsകറാക്കസ്: വെനിസ്വേലയിൽ അട്ടിമറി നടത്തി പ്രസിഡൻറ് നികളസ് മദൂറോയെ യു.എസിലേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായി അമേരിക്കൻ പൗരെൻറ വെളിപ്പെടുത്തൽ. യു.എസ് സൈനിക ഉദ്യോഗസ്ഥൻ ജോർദാൻ ഗൊഡ്രിയോ ആണ് ഇതിനായി കരുക്കൾ നീക്കിയത്.
അട്ടിമറി ശ്രമം നടത്താൻ ശ്രമിച്ചതിന് ലുക് ഡെൻമാൻ(34) ഉൾപ്പെടെ 12 പേരെ വെനിസ്വേലൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ ഡെൻമാെൻറ വെളിപ്പെടുത്തലാണ് വെനിസ്വേലൻ ഔദ്യോഗിക മാധ്യമം സംപ്രേഷണം ചെയ്തത്. കറാക്കസ് വിമാനത്താവളത്തിെൻറ നിയന്ത്രണം പിടിച്ചെടുത്ത് മദൂറോയെ വിമാനത്തിൽ യു.എസിലേക്ക് കടത്തുന്നതിനായി ഫ്ലോറിഡയിലെ സൈന്യവുമായി ബന്ധപ്പെട്ടിരുന്നതായി ഡെൻമാൻ പറഞ്ഞു.
അട്ടിമറിയുടെ സൂത്രധാരൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആണെന്ന് മദൂറോ ആരോപിച്ചു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.
അതിനിടെ പിടിയിലായ പൗരൻമാരെ വിട്ടുകിട്ടാൻ എന്തുനടപടിയും സ്വീകരിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. അട്ടിമറിക്ക് ശ്രമിച്ചുവെന്ന മദൂറോയുടെ ആരോപണം വിശ്വാസയോഗ്യമെല്ലന്ന് ട്രംപ് ഭരണകൂടം പ്രതികരിച്ചു. അട്ടിമറിക്ക് യു.എസിനെ സഹായിച്ചെന്ന ആരോപണം വെനിസ്വേലൻ പ്രതിപക്ഷം തള്ളിയിട്ടുണ്ട്.
