കൊറോണ: ന്യൂയോർക്കിൽ അടിയന്തരാവസ്ഥ
text_fieldsന്യൂയോർക്ക്: തലസ്ഥാനമായ വാഷിങ്ടണിൽ കോവിഡ് സ്ഥിരീകരിച്ചതിനു പുറമെ, അമേരിക്കയിലെ സുപ്രധാന നഗരമായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസ് ബാധിതരുടെ എണ്ണം 89 ആയി ഉയർന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. രാജ്യത്ത് മരണസംഖ്യ 19 ആയി ഉയരുകയും 30 സംസ്ഥാനങ്ങളിലേക്ക് വൈറസ് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഫ്ലോറിഡയിലാണ് ഏറ്റവുമൊടുവിലത്തെ മരണം. വാഷിങ്ടണിലുള്ള 50കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാൾക്കു പുറമെ നഗരത്തിലെത്തിയ നൈജീരിയൻ സ്വദേശിക്കും വൈറസ് ബാധിച്ചതായി കൊളംബിയ ജില്ല മേയർ മുറിൽ ബൗസർ പറഞ്ഞു.
ഇറാനിൽ മരണം 194
ഞായറാഴ്ച പുതുതായി റിപ്പോർട്ട് ചെയ്ത 49 എണ്ണമുൾപ്പെടെ ഇറാനിൽ കോവിഡ് മരണം 194 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനിലെ 31 പ്രവിശ്യകളിലുമായി 6,566 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആഡംബര കപ്പൽ ഓക്ലൻഡിലേക്ക് മാറ്റും
കോവിഡ് സ്ഥരീകരിച്ചതിനെ തുടർന്ന് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ തീരത്ത് നിരീക്ഷണത്തിലുള്ള ആഡംബര കപ്പൽ ഗ്രാൻഡ് പ്രിൻസസ് ഒാക്ലൻഡിലേക്ക് മാറ്റുമെന്ന് കപ്പലുടമകൾ അറിയിച്ചു. കപ്പൽ ജീവനക്കാരായ 19 പേർക്കും രണ്ട് യാത്രക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 3,533 യാത്രക്കാരുള്ള കപ്പലിൽ രോഗലക്ഷണങ്ങളെ തുടർന്ന് 45 പേരെ പരിശോധിച്ചതിൽനിന്നാണ് 21 പേർക്ക് സ്ഥിരീകരിച്ചത്.
കാലിഫോർണിയയിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാനും പ്രത്യേക നിരീക്ഷണത്തിലാക്കാനും ഫെഡറൽ സർക്കാർ സംവിധാനെമാരുക്കും. മറ്റിടങ്ങളിലുള്ളവർക്ക് അതത് പ്രവിശ്യ സർക്കാറുകളും സംവിധാനങ്ങളൊരുക്കും. ജീവനക്കാരെ കപ്പലിൽതന്നെ പരിശോധനയും നിരീക്ഷണവും നടത്തും.
കൂടുതൽ രാജ്യങ്ങളിൽ വൈറസ് ബാധ
ബംഗ്ലാദേശ്, കൊളംബിയ, ബൾഗേറിയ, കോസ്റ്ററീക, മാൾട്ട, മാലദ്വീപ്, പരഗ്വേ എന്നീ രാജ്യങ്ങളിലും കോവിഡ് ബാധ സ്ഥിരീകരിച്ചു. 20നും 25നും ഇടക്ക് പ്രായമുള്ള മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ ഇറ്റലിയിൽ നിന്നെത്തിയവരാണ്. ബൾഗേറിയയിൽ നാലു േപർക്കാണ് സ്ഥിരീകരിച്ചത്. പരേഗ്വയിൽ എക്വഡോറിൽനിന്നെത്തിയ 32കാരനാണ് രോഗം ബാധിച്ചത്.