വെളിച്ചെണ്ണ ശുദ്ധ വിഷമെന്ന് ഹാർവഡ് പ്രഫസർ
text_fieldsവാഷിങ്ടൺ: മലയാളിയുടെ ഇഷ്ട പാചക എണ്ണയായ വെളിച്ചെണ്ണ ശുദ്ധ വിഷമെന്ന് യു.എസിലെ പ്രശസ്ത കലാലയമായ ഹാർവഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസർ കാരിൻ മൈക്കൽസ്. ‘വെളിച്ചെണ്ണയും മറ്റു പോഷക അബദ്ധങ്ങളും’ എന്ന പേരിൽ ജർമൻ ഭാഷയിൽ നടത്തിയ വിഡിയോ പ്രഭാഷണത്തിൽ, നിങ്ങൾക്ക് കഴിക്കാവുന്ന ഏറ്റവും മോശം ഭക്ഷണമാണിതെന്ന് മൈക്കൽസ് കുറ്റപ്പെടുത്തുന്നു.
ഇതിനകം 10 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ ഇൗ പ്രഭാഷണം കേട്ടത്. അമിത വണ്ണം കുറക്കാനും രോഗ പ്രതിരോധത്തിനും മികച്ചതെന്ന കണ്ടെത്തലിനെ തുടർന്ന് യൂറോപ്പിലും അമേരിക്കയിലും വരെ വൻതോതിൽ പ്രചാരം നേടിയ വെളിച്ചെണ്ണ ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഉപയോഗിച്ചുവരുന്നുണ്ട്. പൂരിത കൊഴുപ്പിെൻറ സാന്നിധ്യം വെളിച്ചെണ്ണയിൽ ഏറെ കൂടുതലുള്ളതാണ് പ്രശ്നമെന്ന് ഹാർവഡിലെ ടി.എച്ച് ചാൻ സ്കൂൾ ഒാഫ് പബ്ലിക് ഹെൽത്തിൽ സാംക്രമിക രോഗവിഭാഗം അഡ്ജങ്റ്റ് പ്രഫസർ കാരിൻ പറയുന്നു.
വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവക്ക് സാധ്യത വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. പൂരിത കൊഴുപ്പ് കൂടുതലുള്ള വെണ്ണ (63 ശതമാനം), മാട്ടിറച്ചി (50 ശതമാനം) എന്നിവയേക്കാൾ ഏറെ കൂടുതലാണ് വെളിച്ചെണ്ണയിലേത്- 80 ശതമാനം.
എന്നാൽ, വാഴ്സിറ്റി തന്നെ പുറത്തിറക്കുന്ന ആരോഗ്യ പത്രികയിൽ ഇതിെന ഖണ്ഡിച്ച് ഹാർവഡ് സ്കൂൾ ഒാഫ് പബ്ലിക് ഹെൽത്ത് ഡോക്ടർ വാൾട്ടർ സി. വില്ലെറ്റും രംഗത്തുണ്ട്. നല്ല കൊളസ്ട്രോൾ നിർമിക്കുന്നതിൽ ഇത് നിർണായകമാണെന്നു പറയുന്ന വില്ലെറ്റ് ചിലപ്പോഴെങ്കിലും ഇത് ഉപയോഗിക്കാറുണ്ടെന്നും വ്യക്തമാക്കുന്നു.