കാനഡയിൽ തൂക്കുസർക്കാർ; ട്രൂഡോ പ്രധാനമന്ത്രിയായേക്കും
text_fieldsമോൺഡ്രിയൽ: കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ് പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാന ഡയിൽ തൂക്കു സർക്കാർ ഉറപ്പായി.
ഫലമറിഞ്ഞ 304 സീറ്റിൽ ട്രുഡോയുടെ ലിബറൽ പാർട്ടി ഓഫ് കാനഡക്ക് 146 സീറ്റാണ് ലഭിച്ചത്. എന്നാൽ ഭൂരിപക്ഷ സർക്കാറുണ്ടാക്കാൻ 170 സീറ്റുകൾ വേണം. അതേസമയം, ട്രുഡോ സർക്കാർ പരാജയമാണെങ്കിൽ കൺസർവേറ്റീവ് പാർട്ടി, സർക്കാർ രൂപീകരണത്തിന് തയാറാവുമെന്നും തങ്ങൾ വിജയിക്കുമെന്നും കൺസർവേറ്റീവ് നേതാവ് ആൻഡ്ര്യൂ സച്ചീർ വ്യക്തമാക്കി.
ജസ്റ്റിൻ ട്രൂഡോയുടെ വിജയത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആശംസകൾ അറിയിച്ച് ട്വീറ്റ് ചെയ്തു. ‘‘ മികച്ച പോരാട്ട വിജയത്തിന് ട്രൂഡോക്ക് ആശംസകൾ നേരുന്നു. ഇരു രാഷ്ട്രങ്ങളുടേയും പുരോഗതിക്കായി താങ്കേളാടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.’’ എന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ വർഷം നടന്ന ജി 7 ഉച്ചകോടിയിൽ ട്രൂഡോയെ ട്രംപ് നെറിയില്ലാത്തയാൾ എന്ന് വിശേഷിപ്പിച്ചിരുന്നു.
തന്നേയും തെൻറ പാർട്ടിയേയും വിജയിപ്പിച്ചതിന് വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് ട്രൂഡോ ട്വീറ്റ് ചെയ്തു. കാനഡയെ ശരിയായ പാതയിൽ നയിക്കുന്നതിന് തന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദിയുണ്ടെന്നും കാനഡക്കാർക്ക് വേണ്ടി തെൻറ ടീം കഠിന പ്രയത്നം ചെയ്യുമെന്നും ട്രൂഡോ വ്യക്തമാക്കി.