പൗരത്വ ഭേദഗതി നിയമം: ഇന്ത്യയിലെ മുസ്ലിംകളെ ബാധിക്കുമെന്ന് യു.എസ് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: മോദി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും ഇന്ത്യൻ മുസ്ലിംകളുടെ ന്യൂനപക്ഷ പദവിയെ ബാധിക്കുമെന്ന് യു.എസ് റിപ്പോർട്ട്. ഡിസംബർ 18ന് പുറത്തുവിട്ട, യു.എസ് കോൺഗ്രസിനു കീഴിലെ സമിതി (സി.ആർ.എസ്)യുടെ റിപ്പോർട്ടാണ് ഇന്ത്യയിലെ 20 കോടിയോളം വരുന്ന മുസ്ലിംകൾക്ക് എൻ.ആർ.സിയും സി.എ.എയും ആശങ്കക്ക് വകനൽകുന്നുവെന്ന് മുന്നറിയിപ്പ് നൽകുന്നത്.
1955ലെ പൗരത്വ നിയമം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നിഷേധിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പല ഭേദഗതികളും ഈ നിയമത്തിൽ വരുത്തിയിട്ടും ഒന്നുപോലും മതത്തിെൻറ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ മുസ്ലിംകൾ പീഡനം സഹിക്കുന്നില്ലെന്നു പറഞ്ഞാണ് ഭേദഗതി നടപ്പാക്കിയത്. എങ്കിൽ എന്തുകൊണ്ട് ശ്രീലങ്ക, ബർമ പോലുള്ള രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്നില്ലെന്ന് റിപ്പോർട്ട് ചോദിക്കുന്നു. പാകിസ്താനിൽ പീഡനത്തിനിരയാകുന്ന മുസ്ലിം ന്യൂനപക്ഷമായ അഹ്മദികൾക്കും പൗരത്വം നിഷേധിക്കുന്നു.
സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ച് തയാറാക്കുന്നതിനാൽ ആരെയും പുറത്താക്കുന്നതല്ല, ഇതെന്ന് സർക്കാർ അവകാശവാദം ഉന്നയിക്കുേമ്പാഴും യു.എൻ, യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ, നിരവധി മനുഷ്യാവകാശ സംഘടനകൾ എന്നിവ ഇതിൽ ആശങ്ക അറിയിച്ചതാണെന്നും സി.ആർ.എസ് വ്യക്തമാക്കുന്നു. രാജ്യാന്തരതലത്തിൽ ഇതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളും റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നുണ്ട്.
ദേശീയ, അന്താരാഷ്ട്ര വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് തയാറാക്കുന്ന യു.എസ് കോൺഗ്രസിനു കീഴിലെ സമിതിയാണ് സി.ആർ.എസ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പൗരത്വത്തിന് മതം മാനദണ്ഡമാകുന്നതെന്ന് രണ്ടു പേജ് വരുന്ന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
ഡിസംബർ 11ന് പാർലമെൻറ് അംഗീകാരം നൽകിയ പൗരത്വ ഭേദഗതി നിയമ പ്രകാരം പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് മുസ്ലിംകളല്ലാത്ത അഭയാർഥികൾക്ക് പൗരത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
