അമേരിക്കയിൽ അഞ്ചു വയസ്സുകാരൻെറ വെടിയേറ്റ് സഹോദരൻ കൊല്ലപ്പെട്ടു
text_fieldsപൊഗ്രിഫിന്‍ (ജോര്‍ജിയ) : കുറ്റിക്കാട്ടില്‍നിന്ന് കിട്ടിയ തോക്കെടുത്തു അഞ്ചു വയസ്സുകാരന് സഹോദരനു നേരെ വെടിവച്ചു. 12 വയസ്സുകാരന് ദാരുണാന്ത്യം. മെയ് ഒമ്പതിന് ശനിയാഴ്ചയായിരുന്നു സംഭവം.
രണ്ടു സഹോദരന്മാരും ചേർന്ന് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കളിക്കുന്നതിനിടയിലാണ് നിലത്തുകിടന്ന തോക്ക് അഞ്ചു വയസ്സുകാരൻെറ ശ്രദ്ധയില്‍ പെട്ടത്. കളിത്തോക്കാണെന്ന് കരുതി സഹോദരനു നേരെ കാഞ്ചി വലിക്കുകയായിരുന്നു. മാറില്‍ വെടിയേറ്റ സഹോദരന് നിലത്തുവീണത് കണ്ട് കുട്ടി നിലവിളിച്ചു.
തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയവര്‍ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് പൊലീസ് ട്രാഫിക്ക് പരിശോധന നടത്തുന്നതിനിടയില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടെന്നും അവര്‍ പോകുന്നതിനിടയില്‍ തോക്ക് ഇവിടെ ഉപേക്ഷിച്ചതാകാമെന്നുമാണ് പൊലീസ് നിഗമനം.
കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരവും പൊലീസിൻെറ വിശദീകരണവും സാമ്യമുള്ളതാണെന്നും എന്നാല്‍ തോക്കിൻെറ ഉടമസ്ഥന് ആരാണെന്ന് കണ്ടുപിടിക്കുന്നതിൻ ഡി.എന്‍.എ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. കുട്ടികള്‍ക്ക് ലഭിക്കുംവിധം തോക്ക് ഉപേക്ഷിച്ച വ്യക്തികളെ കണ്ടെത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
