ബ്രസീൽ തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ വലതുപക്ഷത്തിന് മുന്നേറ്റം
text_fieldsസാവോപോളോ: നിർണായകമായ ബ്രസീൽ തെരഞ്ഞെടുപ്പിെൻറ ഒന്നാംഘട്ടത്തിൽ തീവ്ര വലതുപക്ഷ സ്ഥാനാർഥിക്ക് മുൻതൂക്കം. എന്നാൽ, 50 ശതമാനം വോട്ട് നേടാൻ കഴിയാത്ത സാഹചര്യത്തിൽ അന്തിമ വിധിക്ക് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. വലതുപക്ഷ കക്ഷിയായ സോഷ്യൽ ലിബർട്ടി പാർട്ടിയുടെ സ്ഥാനാർഥി ജയർ ബൊൽസൊനാരോയാണ് ഞായറാഴ്ചത്തെ വോെട്ടടുപ്പിൽ മുന്നേറ്റമുണ്ടാക്കിയത്.
ആകെ പോൾ ചെയ്തതിെൻറ 47 ശതമാനത്തിലേറെ വോട്ടുകൾ ഇദ്ദേഹം നേടി. തൊട്ടടുത്ത എതിരാളിയായ ഇടതുപക്ഷാഭിമുഖ്യമുള്ള വർക്കേഴ്സ് പാർട്ടി സ്ഥാനാർഥി ഫെർണാണ്ടോ ഹദ്ദാദിന് 28 ശതമാനം വോട്ടാണ് ലഭിച്ചത്. ഇൗ മാസം 28ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഇവർ തമ്മിലാണ് മത്സരിക്കുക. അതേസമയം, തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായ ആരോപണവുമായി ബൊൽസൊനാരോ രംഗത്തെത്തി. ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ അവിശ്വാസം രേഖപ്പെടുത്തി നേരത്തേതന്നെ ഇദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.

മുൻകാല തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി രാജ്യത്ത് ധ്രുവീകരണവും സംഘർഷവും ശക്തമായ തെരഞ്ഞെടുപ്പാണ് ഇപ്രാവശ്യം നടന്നത്. 63കാരനായ ബൊൽസൊനാരോയുടെ രംഗപ്രവേശനമാണ് കടുത്ത മത്സരത്തിന് കാരണമായത്. സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും എതിരായ ഇേദ്ദഹത്തിെൻറ പ്രസ്താവനകളും മുൻ പട്ടാള ഭരണകൂടത്തെ ന്യായീകരിച്ചതുമടക്കം നിരവധി തവണ ജയർ ബൊൽസൊനാരോ വിവാദങ്ങളിലകപ്പെട്ടിരുന്നു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടക്കമുള്ളവരുടെ ആരാധകനായ ഇദ്ദേഹം തന്നെയാവും വലിയ അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ ജയിച്ചുകയറുക. എന്നാൽ, ഒന്നാം ഘട്ടത്തിൽ പരാജയപ്പെട്ട പാർട്ടികളുടെ പിന്തുണ നേടാനായാൽ ഇടതുപക്ഷ സ്ഥാനാർഥി ഫെർണാണ്ടോ ഹദ്ദാദ് ജയിച്ചുകയറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
