You are here

അമേരിക്കയിൽ ആളിപ്പടരുന്ന പ്രക്ഷോഭം; ബങ്കറിൽ ഒളിച്ച് ട്രംപ്  -VIDEO

യു.എസിൽ പ്രക്ഷോഭം തുടരുകയാണ്. ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധം വംശീയതക്കും ഭരണകൂട അതിക്രമത്തിനും എതിരെ ഉയരുന്ന അമേരിക്കൻ ജനതയുടെ വിമോചന സമരമായി പരിണമിച്ചിരിക്കുന്നു. പ്രക്ഷോഭത്തിന്‍റെ മൂർച്ചയറിഞ്ഞ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിനുള്ളിലെ ബങ്കറിൽ അഭയം തേടേണ്ടിവന്നു. പ്രതിഷേധത്തെ അടിമച്ചമർത്തുമെന്ന ട്രംപിന്‍റെ നിലപാട് നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാൻ കുറച്ചൊന്നുമല്ല സഹായിച്ചത്. 

തുടർച്ചയായ ആറാംദിവസവും അമേരിക്കൻ തെരുവുകൾ പ്രക്ഷോഭത്താൽ മുഖരിതമാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മിനിയപൊളിസിൽ വെള്ളക്കാരനായ പൊലീസ് ഓഫിസർ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസംമുട്ടിച്ച് 46 കാരനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയത്. 16 സംസ്ഥാനങ്ങളിലെ 25 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പലയിടത്തും പ്രക്ഷോഭം അക്രമാസക്തമായി. പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. മിനിയപൊളിസിൽ പൊലീസ് സ്റ്റേഷന് തീവെച്ചു. പ്രക്ഷോഭകർക്ക് നേരെ ഇൻഡ്യാനപൊളിസിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. എന്നാൽ, ഞങ്ങളല്ല വെടിവെച്ചതെന്ന് പൊലീസ് പറയുന്നു. 

വൈറ്റ് ഹൗസ് പോലും വിറച്ച രാത്രിയായിരുന്നു ഞായറാഴ്ച. വൈറ്റ് ഹൗസിന് നേരെ മാർച്ച് ചെയ്ത പ്രക്ഷോഭകർ നിരവധി വാഹനങ്ങളും കടകളും തകർത്തു. 800 മീറ്റർ മാത്രം അകലെയുള്ള വാഷിങ്ടൺ സ്മാരകത്തിന് സമീപത്തുനിന്ന് പുക ഉയർന്നതോടെ വൈറ്റ് ഹൗസ് ഇരുട്ടിലായി. പുറത്തേക്കുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത് സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച രാത്രിയുണ്ടായ പ്രതിഷേധത്തിൽ ഭയന്ന് ട്രംപിനെ സുരക്ഷാ ഏജൻസികൾ വൈറ്റ് ഹൗസിനകത്തെ ബങ്കറിൽ ഒളിപ്പിക്കുകയുണ്ടായി. അതേസമയം, വൈറ്റ് ഹൗസിന്‍റെ അതിർത്തി കടന്ന് പ്രതിഷേധക്കാർ എത്തിയിരുന്നെങ്കിൽ അവരെ ക്രൂരനായ്ക്കളെയും ആയുധങ്ങളെയും കൊണ്ട് നേരിട്ടേനെ എന്നാണ് ട്രംപ് പറഞ്ഞത്. 

പ്രക്ഷോഭം തണുപ്പിക്കാനോ അനുനയിപ്പിക്കാനോ ഉള്ള നടപടികളല്ല അമേരിക്കൻ ഭരണകൂടം കൈക്കൊണ്ടത്. തുടക്കം മുതൽക്കേ അടിച്ചമർത്തൽ നയമാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചത്. പ്രക്ഷോഭം തുടർന്നാൽ വെടിവെക്കുമെന്നാണ് ട്രംപ് ആദ്യം നിലപാടെടുത്തത്. ഇതിനെതിരെ വലിയ പ്രതിഷേധമയുർന്നിരുന്നു. അക്രമത്തെ മഹത്വവത്കരിക്കുന്നുവെന്നു കാട്ടി ട്വിറ്റർ ട്രംപിന്‍റെ ട്വീറ്റിനൊപ്പം മുന്നറിയിപ്പു കൂടി നൽകി. പിന്നീട് അൽപം മയപ്പെടുത്തേണ്ടിവന്നു ട്രംപിന്. കറുത്തവർഗക്കാർക്കെതിരായ അക്രമം വലിയ പ്രതിഷേധങ്ങൾക്കു കാരണമാകുന്നതെന്നു തനിക്കു മനസ്സിലാകുന്നുണ്ടെന്നും അവരുടെ വേദന തിരിച്ചറിയുന്നുവെന്നും ട്രംപ് പറഞ്ഞു.

140 നഗരങ്ങളിലായി 2000ലേറെ പ്രക്ഷോഭകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാൻഹട്ടണിൽ മേയർ ബിൽ ഡെ ബ്ലാസിയോയുടെ മകൾ കിയറ ഡി ബ്ലാസിയോയും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ലോ​സ്​ ആ​ഞ്​​ജ​ല​സി​ൽ പ്ര​ക്ഷോ​ഭ​ക​രെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ്​ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ റ​ബ​ർ ബു​ള്ള​റ്റ്​ കൊ​ണ്ട്​ ഹോ​ളി​വു​ഡ്​ ന​ട​ൻ ​കെ​ൻ​ട്രി​ക്​ സാം​പ്​​സ​ണ്​ പ​രി​ക്കേറ്റു. നിരവധി പ്രമുഖരാണ് പ്രക്ഷോഭത്തിന് പിന്തുണയുമായെത്തുന്നത്. 

വിവിധ സംസ്ഥാനങ്ങളിൽ പ്രക്ഷോഭകരെ നേരിടാൻ പൊലീസിനെ കൂടാതെ നാഷണൽ ഗാർഡ്സിനെയും വിന്യസിച്ചിട്ടുണ്ട്. ഏത് നിമിഷവും രംഗത്തിറങ്ങാൻ തയാറായിരിക്കാൻ സൈനിക പൊലീസിന് നിർദേശം നൽകിയിരിക്കുകയാണ്. ഫ്ലോയിഡിന്‍റെ കൊലപാതകം നടന്ന മിന്നെസോട്ട സംസ്ഥാനത്തെ മിനിയപൊളിസ് നഗരത്തിൽ വ്യാപക അക്രമമാണുണ്ടായത്. സൈന്യത്തെ വിന്യസിക്കാമെന്നുള്ള നിർദേശം ഗവർണർ ടിം വാൾസ് തള്ളി. മിനിയപൊളിസ് മേയർ ജേക്കബ് ഫ്രേ ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. അമേരിക്കയിൽ കറുത്തവനാകുക എന്നത് കൊല്ലപ്പെടാനുള്ള കാരണമാകരുതെന്നാണ് ജേക്കബ് ഫ്രേ പറഞ്ഞത്.

ജോ​ർ​ജ്​ ഫ്ലോ​യ്​​ഡി​ന്​ നീ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നിരവധി ഹോ​ളി​വു​ഡ്​ താ​ര​ങ്ങ​ൾ രം​ഗ​ത്തെത്തി. താ​ര​ങ്ങ​ളാ​യ ബി​യോ​ൺ​സ്, റി​ഹാ​ന, ലേ​ഡി ഗ​ഗ, ഡ്വ​യ​ൻ ജോ​ൺ​സ​ൺ, സ​ലീ​ന ഗോ​മ​സ്, കിം ​ക​ർ​ദാഷിയാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച​ത്. ​​​തന്‍റെ ജ​ന​ത ഓ​രോ ദി​വ​സ​വും കൊ​ല്ല​പ്പെ​ടു​ന്ന​ത്​ ഏ​റെ ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന്​ ഗാ​യി​ക​യും ന​ടി​യു​മാ​യ റി​ഹാ​നയും വം​ശ​വെ​റി രാ​ജ്യ​ത്ത്​ തു​ട​രു​ന്ന രോ​ഗ​മാ​ണെ​ന്ന്​ ആ​ക്​​ഷ​ൻ താ​രം ജോ​ൺ​സ​ണും പ​റ​യുന്നു. 

പ്ര​ക്ഷോ​ഭ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​ർ​ക്ക്​ ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലും ഹോ​ളി​വു​ഡി​​​​​െൻറ സ​ജീ​വ സാ​ന്നി​ധ്യമുണ്ട്. മോ​ഡ​ൽ ​ക്രി​സി ടൈ​ഗെ​ൻ, സം​വി​ധാ​യ​ക​രാ​യ സ​ഫാ​ദി സ​ഹോ​ദ​ര​ങ്ങ​ൾ, ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ​സെ​ത്​ റോ​ജ​ൻ, സം​വി​ധാ​യ​ക​ൻ അ​വ ഡു​വെ​ർ​ണെ, പോ​പ്​ ഗാ​യി​ക ഹാ​ൽ​സെ, കൊ​മേ​ഡി​യ​ൻ റേ ​സ​ണ്ണി, ന​ട​ൻ​മാ​രാ​യ ബെ​ൻ പ്ല​റ്റ്, സ്​​റ്റീ​വ്​ ക​ാ​രെ​ൽ, അ​ബ്ബി ജേ​ക​ബ്​​സ​ൺ, ബെ​ൻ ഷ്വാ​ർ​ട്​​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ്​ സം​ഭാ​വ​നു​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഭക്ഷണവും വെള്ളവും ഒരുക്കി സാധാരണക്കാരും പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. 

ഗൂഗിൾ, ട്വിറ്റർ, നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ തുടങ്ങിയ വൻകിട സ്ഥാപനങ്ങളും എച്ച്.ബി.ഒ ഉൾപ്പെടെ മാധ്യമസ്ഥാപനങ്ങളും പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ചു കഴിഞ്ഞു. അമേരിക്കയിലെ ഗൂഗിള്‍, യൂട്യൂബ് പേജുകളില്‍ കറുത്തവര്‍ഗക്കാര്‍ക്കും വംശീയ സമത്വത്തിനും വേണ്ടി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കറുത്ത റിബണ്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. രോഷവും സങ്കടവും പേടിയും നിസഹായതയും അനുഭവിക്കുന്നവര്‍ക്ക് ഒപ്പം തങ്ങളുണ്ടെന്ന് ഗൂഗിൽ സി.ഇ.ഒ സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു. മിനിയപൊളിസിൽ റിപ്പോർട്ടിങ്ങിനിടെ സി.എൻ.എൻ വാർത്താസംഘത്തെ കസ്റ്റഡിയിലെടുത്തതും വ്യാപക വിമർശനത്തിനിടയാക്കി.
 
ജോർജ് ഫ്ലോയിഡിനെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസിൽ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പൊലീസ് ഓഫിസർ ഡെറിക് ഷോവിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. എന്നാൽ, കൊലയാളിക്കെതിരെ ചുമത്തിയ മൂന്നാംമുറ കൊലക്കുറ്റം കുറഞ്ഞുപോയതായി ഫ്ലോയിഡിന്‍റെ കുടുംബം ആരോപിക്കുന്നു. 

അമേരിക്കയിൽ അടിമത്തം നിരോധിച്ച് ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോഴും തുടച്ചുമാറ്റാൻ കഴിയാത്ത വംശവെറിയുടെ ഏറ്റവുമൊടുവിലത്തെ ഇരയാണ് ജോർജ് ഫ്ലോയിഡ്. ലോകമേധാവിയായി അമേരിക്ക സ്വയം അവരോധിതമാകുമ്പോഴും കറുത്തവനെയും വെളുത്തവനെയും രണ്ട് കണ്ണിലൂടെ കാണുന്ന കാലത്തോളം മാനവികതയുടെ അളവുകോലിൽ അവർക്ക് തലതാഴ്ത്തേണ്ടി വരും. കറുത്തവൻ കൊല്ലപ്പെടേണ്ടവരാണെന്നുള്ള പൊതുധാരണ ഇല്ലാതാകുന്ന കാലത്തിനുവേണ്ടി തെരുവിലിറങ്ങി വിരൽ ചൂണ്ടുന്ന ആയിരങ്ങൾ പുതിയൊരു വിമോചന സമരപാതയാണ് തുറന്നിട്ടത്. നീതിയില്ലെങ്കിൽ സമാധാനമില്ലെന്ന മുദ്രാവാക്യവുമായി ഇവർ പറയുന്നു, വംശവെറിയിൽ കൊല്ലപ്പെടുന്നവരുടെ പട്ടികയിൽ അവസാനത്തേതാകണം ജോർജ് ഫ്ലോയിഡ് എന്ന പേര്.

Loading...
COMMENTS