വാഷിങ്ടൺ: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്ന് അമേരിക്ക. മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന അമേരിക്ക കോവി ഡ് 19 ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിക്കുന്ന രാജ്യമായി. ശനിയാഴ്ച പുറത്തുവന്ന കണക്കനുസരിച്ച് 20,455 പേരാണ് അമേരിക്കയിൽ മരിച്ചത്. 24 മണിക്കൂറിനിടെ 2,108 പേർ അമേരിക്കയിൽ മരിച്ചു.
ഒറ്റ ദിവസം രണ്ടായിരത്തിലേറെ പേർക്ക് ജീവൻ നഷ്ടമാകുന്ന ആദ്യ രാജ്യമാണ് അമേരിക്ക. ന്യൂയോർക്കിൽ വെള്ളിയാഴ്ച മാത്രം 738 പേർ മരിച്ചു.ഇറ്റലിയിൽ ഇതുവരെ 19,468 പേരാണ് മരിച്ചത്. അമേരിക്കയിൽ ശനിയാഴ്ച പുതുതായി 3,132 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 525,559 ആയി. രോഗം ഭേദമായത് 29,263 പേർക്കാണ്.
രോഗവ്യാപനം കണക്കിലെടുത്ത് ന്യൂയോർക്കിലെ വിദ്യാലയങ്ങൾ ഈ അധ്യയന വർഷം മുഴുവൻ അടച്ചിടുമെന്ന് മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു. സെപ്റ്റംബറിലാണ് അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത്. ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1,766,855 ആയി. 108,124 പേർ മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 400,708 ആണ്.