അമേരിക്കൻ നാവിക കപ്പലായ യു.എസ്.എസ് കിഡ്ഡിലെ 63 പേർക്ക് കോവിഡ്
text_fieldsവാഷിങ്ടൺ ഡി.സി: അമേരിക്കൻ നാവികസേനയുടെ നശീകരണക്കപ്പലായ യു.എസ്.എസ് കിഡ്ഡിലെ 63 നാവികർക്ക് കോവിഡ് ബാധ. കാലിഫോർണിയയിലെ സാന്‍റിയാഗോ നാവിക കേന്ദ്രത്തിൽ അടുപ്പിച്ച കപ്പലിലെ മുഴുവൻ നാവികരെയും നിരീക്ഷണത്തിലാക്കി.
300 നാവികരുള്ള കപ്പലിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുഴുവൻ നാവികരെയും കോവിഡ് നിർണയ പരിശോധനക്ക് വിധേയരാക്കുമെന്ന് ലഫ്റ്റനന്‍റ് കമാൻഡർ മെഗാൻ ഐസക് അറിയിച്ചു. കപ്പൽ വൈറസ് മുക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന അമേരിക്കയുടെ രണ്ടാമത്തെ യുദ്ധക്കപ്പലാണ് യു.എസ്.എസ് കിഡ്ഡ്. കിഴക്കൻ പസഫിക് സമുദ്രത്തിൽ നിമയവിരുദ്ധ മയക്കുമരുന്ന് കടത്തിനെതിരെ നിയോഗികപ്പെട്ട കപ്പൽപ്പടയാണ് യു.എസ്.എസ് കിഡ്ഡ്.
നേരത്തെ, അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയഡോർ റൂസ്വെൽറ്റിലെ 550 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ വിന്യസിക്കപ്പെട്ട തിയഡോർ റൂസ്വെൽറ്റിൽ 4800 നാവികരാണുള്ളത്.