കാലിഫോർണിയ തീരത്ത് കുടുങ്ങിയ കപ്പലിൽ 21 പേർക്ക് വൈറസ് ബാധ
text_fieldsവാഷിങ്ടൺ: കൊവിഡ്-19 (കൊറോണ) വൈറസ് ഭീതിയെ തുടർന്ന് കാലിഫോർണിയ തീരത്ത് പിടിച്ചിട്ട കപ്പലിലെ 21 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 19 പേർ ജീവനക്കാരും രണ്ടു പേർ യാത്രക്കാരുമാണ്. വൈസ് പ്രസിഡന്‍റ് മൈക് പെൻസ് ആണ് ഇക്കാര്യം അറിയിച്ചത്.
‘ഗ്രാൻഡ് പ്രിൻസസ്’ എന്ന ആഡംബര കപ്പലിൽ 3500ൽപരം ആളുകളുണ്ട്. കൊറോണ മരണത്തെതുടർന്ന് കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് ഗ്രാൻഡ് പ്രിൻസസ് അധികൃതർക്ക് വെല്ലുവിളിയാകുന്നത്.
വാണിജ്യാടിസ്ഥാനത്തിലുള്ളതല്ലാത്ത തുറമുഖത്തേക്ക് കപ്പൽ മാറ്റി കപ്പലിലെ മുഴുവൻ ആളുകളെയും പരിശോധിക്കാനും ക്വാറന്‍റൈൻ ചെയ്യാനുമാണ് ഇപ്പോൾ നീക്കം.
കഴിഞ്ഞ മാസം ഇത്തരത്തിൽ പ്രതിസന്ധി ജപ്പാനും നേരിട്ടിരുന്നു. കൊവിഡ് ഭീതിയിൽ യോകോഹാമ തുറമുഖത്ത് ‘ഡയമണ്ട് പ്രിൻസസ്’ എന്ന കപ്പൽ പിടിച്ചിടുകയും കപ്പലിലെ ഇന്ത്യക്കാർക്കടക്കം വൈറസ് ബാധിക്കുകയും ചെയ്തിരുന്നു.