കാനഡയിലെ സ്കൂളിൽ വെടിവെപ്പ്; അഞ്ചു മരണം
text_fieldsഓട്ടവ: കാനഡയിൽ സ്കൂളിനു നേർക്കുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനേഡിയൻ പ്രവിശ്യയായ സാസ്കാച്വനിലെ ലാലോചിലും ഹൈസ്കൂളിലുമായാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് വെടിവെക്കാനുപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
വെടിവെപ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവരിൽ പ്രവിശ്യാ മേയറുടെ മകളും ഉൾപ്പെടുന്നു. സ്കൂളിലെ അധ്യാപികയായിരുന്നു ഇവർ. കൊലപാതകത്തിനു മുമ്പ് സംഭവത്തെക്കുറിച്ച് തോക്കുധാരി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്ചെയ്തിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. സ്കൂളിൽ തോക്കുധാരികളെ കണ്ട് നിരവധി വിദ്യാർഥികൾ പുറത്തേക്കോടി.
സ്വിറ്റ്സർലൻഡിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുകയായിരുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തെ അപലപിച്ചു. കാനഡയിൽ വെടിവെപ്പ് പരമ്പര അപൂർവമാണ്. 1992ൽ മോൺട്രിയാൽ പോളിടെക്നിക് കോളജിലുണ്ടായ വെടിവെപ്പിൽ 14 വിദ്യാർഥികളും 1989ൽ കോൺകോർഡിയ കോളജിലുണ്ടായ വെടിവെപ്പിൽ നാലു വിദ്യാർഥികളും കൊല്ലപ്പെട്ടിരുന്നു. 2014ൽ ഏറ്റവും കൂടുതൽ ഗാർഹിക അതിക്രമങ്ങളുണ്ടായ മേഖലയാണ് കാനഡയിലെ സാസ്കാച്വൻ പ്രവിശ്യയെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
