മോദിയുടെ വിസ രേഖ ഹാജരാക്കണം –യു.എസ് കോടതി
text_fieldsവാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസിലേക്കുണ്ടായിരുന്ന യാത്രാവിലക്ക് നീക്കിയതുമായി ബന്ധപ്പെട്ട് ഒബാമ ഭരണകൂടം സ്വീകരിച്ച നടപടികളുടെ രേഖകള്‍ അടുത്ത ഫെബ്രുവരിയോടെ ഹാജരാക്കാന്‍ യു.എസ് ഫെഡറല്‍ കോടതി സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റിനോട് ആവശ്യപ്പെട്ടു. സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടന നല്‍കിയ ഹരജിയിലാണ് നടപടി. 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് യു.എസ് വിസ നിഷേധിച്ചത്. നേരത്തെ അനുവദിച്ച ടൂറിസ്റ്റ് വിസ 2005ലാണ് റദ്ദാക്കിയത്.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട യു.എസ് നിയമപ്രകാരം വിസ നിഷേധിക്കപ്പെടുന്ന ആദ്യത്തെയാളായിരുന്നു മോദി. എന്നാല്‍, 2014 മേയില്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടയുടന്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ മോദിയെ യു.എസിലേക്ക് ക്ഷണിച്ചു. രാഷ്ട്രത്തലവന്‍ എന്ന നിലക്ക് നിയമത്തില്‍നിന്ന് മോദിക്ക് ഇളവുനല്‍കി സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റ് വിസ പുന$സ്ഥാപിക്കുകയും രണ്ടുതവണ മോദി യു.എസ് സന്ദര്‍ശിക്കുകയും ചെയ്തു. 2013 ജൂണ്‍ മുതല്‍ നരേന്ദ്ര മോദിക്ക് അനുവദിച്ച വിസയുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശനിയമപ്രകാരം സിഖ്സ് ഫോര്‍ ജസ്റ്റിസ് അപേക്ഷ നല്‍കിയെങ്കിലും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റിന് അവ ഹാജരാക്കാനായില്ല. ഇതേതുടര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ സംഘടന ഹരജി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
