Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘എ​ണ്ണ’​യി​ട്ട്...

‘എ​ണ്ണ’​യി​ട്ട് അ​ധി​നി​വേ​ശം

text_fields
bookmark_border
‘എ​ണ്ണ’​യി​ട്ട് അ​ധി​നി​വേ​ശം
cancel

ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ സംഭരണമുള്ള വെനിസ്വേലയിലെ യു.എസ് അധിനിവേശം, ആഗോള സാമ്പത്തിക-അധികാര ഘടനയെ മാറ്റിമറിക്കാൻ പര്യാപ്തമായതും ഏറെ മാനങ്ങളുള്ളതുമായ രാഷ്ട്രീയ ഇടപെടൽ തന്നെയാണ്

വെനിസ്വേലയിലേക്കുള്ള യു.എസിന്റെ കടന്നുകയറ്റം പ്രതീക്ഷിച്ചത്. 2024ൽ നികളസ് മദുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പൊതുതെരഞ്ഞെടുപ്പിലെ അട്ടിമറി ആരോപണം പുറത്തുവന്നപ്പോൾതന്നെ ഏതുനിമിഷവും അത് സംഭവിച്ചേക്കാം എന്ന് നിരീക്ഷിച്ചവരുണ്ട്. അതു സംഭവിച്ചു, ശനിയാഴ്ച പുലർച്ച, യൂഗോ ചാവെസിന്റെ പിൻഗാമിയും വെനിസ്വേലയുടെ നിലവിലെ ഭരണാധികാരിയുമായ നിക്കോളാസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യു.എസ് സൈന്യം പിടികൂടുകയും തന്ത്രപ്രധാന ഇടങ്ങളിൽ നിയന്ത്രണം സ്ഥാപിക്കുകയും ചെയ്തതോടെ യു.എസ് അധിനിവേശത്തിന്റെ പുതിയൊരു ചരിത്രം കൂടി പിറന്നു.

മയക്കുമരുന്നിനെതിരയോ ?

വെനിസ്വേലയിലെ മയക്കുമരുന്നു സംഘങ്ങൾക്കെതിരെ നേരത്തേ ട്രംപ് യുദ്ധ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വെനിസ്വേലൻ തുറമുഖത്ത് സി.ഐ.എ നേതൃത്വത്തിൽ മയക്കുമരുന്ന് വേട്ട എന്ന നിലയിൽ യു.എസ് ആക്രമണം നടത്തിയത്. കണക്കുകൾ പരിശോധിക്കുമ്പോൾ, അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിൽ വെനിസ്വേലക്ക് വലിയ പങ്കൊന്നുമില്ല. എക്കാലത്തും, ലാറ്റിനമേരിക്കൻ അധിനിവേശത്തിന് യു.എസ് പറയുന്ന ന്യായമാണ് ഈ ‘മയക്കുമരുന്ന് വേട്ട’. പാനമയിലും ഹോണ്ടുറസിലുമെല്ലാം ഈ കടന്നുകയറ്റമുണ്ടായിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് എന്നത് വെനിസ്വേലയുടെയോ മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെയോ ആവശ്യമല്ല; അതിന് യു.എസ് തന്നെയാണ് വലിയ ആവശ്യക്കാർ. ‘സാധനം ലഭ്യമാണെങ്കിൽ വാങ്ങാൻ ആളുണ്ടെ’ന്നതാണ് നിലവിൽ യു.എസിന്റെ അവസ്ഥ. അമേരിക്കയിലെ പ്രമുഖ ഫാർമ കമ്പനിയായ പർദ്യൂ ലാബ്സ് തന്നെ കുറഞ്ഞ അളവിൽ ഓക്സിട്ടോസിൻ വിപണനം നടത്തുന്നുണ്ട്.

അധിനിവേശത്തിന് പിന്നിൽ

യു.എസ് അധിനിവേശത്തിന്റെ യഥാർഥ കാരണം എന്തെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുള്ള രാജ്യമാണ് വെനിസ്വേല. മദൂറോ ഭരണകൂടം എണ്ണ ഉൽപാദനവും കയറ്റുമതിയും കാര്യക്ഷമമാക്കിയാൽ, അത് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുക യു.എസിനുതന്നെയാകും. ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ എണ്ണ കയറ്റുമതിക്കെതിരെ ട്രംപ് സ്വീകരിക്കുന്ന നിലപാടിന്റെ അതേ കാരണം തന്നെയാണ് ഇവിടെയും. അപ്പോൾ എണ്ണയിലാണ് കണ്ണ്.

2022ൽ, യു.എസ് ഒരു അധിനിവേശത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഇപ്പോൾ സ്ഥിതി മാറി. അധിനിവേശത്തിന് ആവശ്യമായ സാഹചര്യം രാജ്യത്തിനകത്തും പുറത്തും സജ്ജമാക്കിയാണ് ട്രംപിന്റെ വരവ്. എണ്ണ സമ്പത്ത് കൈക്കലാക്കുക തന്നെയാണ് ആത്യന്തിക ലക്ഷ്യം. അത്തരം നിയന്ത്രണം ആഗോള എണ്ണ വ്യാപാരത്തെയും വിലനിർണയത്തെയും രൂപപ്പെടുത്താനുള്ള യു.എസിന്റെ സ്വാധീനത്തെ ശക്തിപ്പെടുത്തുകയും ഊർജ വിപണികളിൽ ഡോളറിന്റെ പങ്ക് വിപുലപ്പെടുത്തുകയും അതുവഴി റഷ്യക്കും ചൈനക്കുമേൽ ആധിപത്യം സ്ഥാപിക്കാനാവുകയും ചെയ്യും. അതുകൊണ്ടുതന്നെ, ഇത് കേവലമൊരു അധിനിവേശം മാത്രമല്ല; ആഗോള സാമ്പത്തിക-അധികാര ഘടനയെ മാറ്റിമറിക്കാൻ പര്യാപ്തമായതും ഏറെ മാനങ്ങളുള്ളതുമായ രാഷ്ട്രീയ ഇടപെടൽ തന്നെയാണ്.

മഷാദോ ചിരിക്കുന്നു

അറിയില്ലേ, മരിയ മഷാദോയെ? പോയവർഷത്തെ സമാധാന നൊബേൽ ജേത്രിയാണ് മഷാദോ. മദൂറോയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായ മഷാദോക്ക് സമാധാന നൊബേൽ ലഭിച്ചപ്പോൾ, അതേ പുരസ്കാരത്തിന് വാശിപിടിച്ചിരുന്ന ട്രംപ് ചിരിക്കുകയായിരുന്നു. ട്രംപിനുവേണ്ടി പലപ്പോഴും വെനിസ്വേലയിൽ കാര്യങ്ങൾ നിർവഹിച്ചത് മഷാദോയായിരുന്നുവല്ലോ. ആ നിലയിൽ സമാധാന പുരസ്കാരം ലഭിച്ചത് ട്രംപിനുതന്നെയെന്ന് പലരും വിലയിരുത്തുകയും ചെയ്തു. മദൂറോ പുറത്തുപോകുമ്പോൾ ചിരിക്കുന്നവരുടെ കൂട്ടത്തിൽ മഷാദോയുമുണ്ട്.

2002 മുതൽ ചാവെസ് ഭരണകൂടത്തിനെതിരെ പോർമുഖത്തുണ്ട് മഷാദോ. കടുത്ത സാമ്രാജ്യത്വ വിരുദ്ധ സമീപനം ചാവെസ് സ്വീകരിക്കുമ്പോഴും ഒരു ഭരണകൂട തലവൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. നാഷനൽ അസംബ്ലിയിൽ പ്രതിപക്ഷത്തിന് അർഹമായ സ്ഥാനമില്ലാത്തതും തെരഞ്ഞെടുപ്പുകൾ സുതാര്യമല്ലാത്തതുമൊക്കെ ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭങ്ങൾ അവിടെ നടന്നിട്ടുണ്ട്. എന്നാൽ, ശിഥിലമായ പ്രതിപക്ഷസ്വരങ്ങളെ എളുപ്പത്തിൽ അടിച്ചമർത്താനും അവഗണിക്കാനും ചാവെസിനും തുടർന്നുവന്ന മദൂറോക്കും കഴിഞ്ഞിരുന്നു. ഇവിടെയാണ്, പ്രതിപക്ഷത്തെ ഐക്യപ്പെടുത്താനും ജനാധിപത്യ തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാജ്യത്ത് അവബോധം സൃഷ്ടിക്കാനും മഷാദോക്ക് കഴിഞ്ഞത്. 2024ലെ തെരഞ്ഞെടുപ്പിൽ അവർക്ക് മത്സരിക്കാനായില്ലെങ്കിലും ശക്തമായ പ്രതിപക്ഷനിരയെ മദൂറോക്കെതിരെ അണിനിരത്താൻ അവർക്കായി. ഇതിനിടയിൽ പലകുറി അവർ തടവറയിലുമായി.

രാജ്യത്ത് ജനാധിപത്യത്തിന്റെ ചില ശബ്ദങ്ങൾ മഷാദോക്ക് കേൾപ്പിക്കാനായെങ്കിലും, ‘ശത്രുരാജ്യത്തിന്റെ സുഹൃത്ത്’ എന്ന വിമർശനവും അവർ കേട്ടിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിക്കണമെന്നാണ് അവരുടെ ഒരാവശ്യം. ലോകത്ത് ഒരു രാജ്യം നേരിട്ട് നിയന്ത്രിക്കുന്ന ഏറ്റവും വലിയ പെട്രോളിയം കമ്പനിയാണ് വെനിസ്വേലയിലെ പി.ഡി.വി.എസ്.എ. 1976ൽ ആരംഭിച്ച, ഏതാണ്ട് മുക്കാൽ ലക്ഷം പേർ ജോലിയെടുക്കുന്ന ഈ സ്ഥാപനം വെനിസ്വേലയുടെ അഭിമാനസ്തംഭവും അവരുടെ സാമ്രാജ്യത്വവിരുദ്ധ നയങ്ങളുടെ പ്രതീകവുമാണ്. ഈ സ്ഥാപനം സ്വകാര്യവത്കരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേലുമായും മഷാദോ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യമായ ലികുഡുമായി ചേർന്ന് പ്രവർത്തിക്കാൻ മഷാദോയുടെ പാർട്ടി കരാർ ഒപ്പിട്ടിരുന്നു. 2019ൽ വെനിസ്വേലയിൽ മഷാദോ നടത്തുന്ന പോരാട്ടം ഇസ്രായേലിന്റെ കൂടിയാണെന്ന് നെതന്യാഹു പറഞ്ഞു.

മദൂറോയുടെ ഭാവി?

അത്രയൊന്നും ശുഭകരമല്ല എന്നുതന്നെ പറയാം. പാനമ ഭരണാധികാരി നൊറീഗ 17 വർഷം യു.എസ് ജയിലിൽ കഴിഞ്ഞത് ഓർക്കാവുന്നതാണ്. മദൂറോക്ക് സൈനിക പിന്തുണയുമായി റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ വരില്ലെന്ന് ഉറപ്പാണ്. പരമാവധി, യു.എന്നിൽ ചില സമ്മർദങ്ങൾ അവർക്ക് ചെലുത്താനായേക്കാം. ലാറ്റിനമേരിക്കയിൽനിന്നും ആവശ്യമായ സഹായം അദ്ദേഹത്തിന് ലഭിക്കുമെന്നും കരുതാനാവില്ല.

ലക്ഷ്യം എണ്ണ?

ലോകത്തിൽ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സംഭരണം വെനസ്വേലയ്ക്കാണ്, അമേരിക്കയുടേതിനേക്കാൾ അഞ്ചിരട്ടിയിലധികം. എന്നാൽ, ഉപരോധം നേരിടുന്ന വെനസ്വേലയെക്കാൾ നിരവധി മടങ്ങ്, ഏകദേശം 125 ബില്ല്യൺ ഡോളറിന്റെ ക്രൂഡ് ഓയിൽ അമേരിക്ക കയറ്റുമതി ചെയ്തു. ഈ ക്രൂഡ് സംഭരണ അമേരിക്കയുടെ ലക്ഷ്യമെന്ന് ആരോപണമുയർന്നിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venezuelaus militarycrud oilUSAInvasion
News Summary - american invasion in venezuela
Next Story