തോക്കുകളുമായി വളർന്ന അമേരിക്കക്കാരനായ കുട്ടി; ചാർളി കിർക്കിന്റെ കൊലയാളിയെ അറിയാം
text_fieldsവലതുപക്ഷ പ്രവർത്തകനായ ചാർളി കിർക്കിന്റെ കൊലപാതകത്തിന് അറസ്റ്റിലായ 22 വയസ്സുള്ള ജെയിംസ് ടൈലർ റോബിൻസൺ അമേരിക്കൻ പൗരനാണെന്ന് തെളിഞ്ഞിരിക്കുന്നു. മിടുക്കനും ശാന്തനുമായ വിദ്യാർഥിയുടേതാണ് റോബിൻസണിന്റെ പ്രൊഫൈൽ. എന്നാൽ, പ്രതിയെക്കുറിച്ച് പുറത്തുവരുന്ന പുതിയ വിശദാംശങ്ങൾ ഇങ്ങനെയാണ്.
റോബിൻസൺ സെന്റ് ജോർജിന്റെ ഒരു നഗപ്രാന്തത്തിലാണ് വളർന്നതെന്നാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച് റിപ്പബ്ലിക്കൻമാരായ തന്റെ കുടുംബത്തോടൊപ്പം ലാറ്റർ ഡേ സെയിന്റ്സ് (മോർമോൺ) പള്ളിയിൽ അദ്ദേഹം പോവാറുണ്ട്.
റോബിൻസണിന്റെ മാതാപിതാക്കൾക്ക് വേട്ടയാടാനുള്ള ലൈസൻസുണ്ട്. കുടുംബത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് റോബിൻസണും ഇളയ സഹോദരന്മാരും വർഷങ്ങളായി തോക്കുകൾ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തി. എന്നാൽ, ആ ഫോട്ടോകളിൽ ഭൂരിഭാഗവും വെടിവെപ്പിനു ശേഷം നീക്കംചെയ്തതായി ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
റോബിൻസണിനെക്കുറിച്ച് ഉദ്ധരിച്ച മിക്ക ആളുകളും അദ്ദേഹത്തെ ശാന്തനും പഠനത്തിൽ മിടുക്കനുമായ ഒരു കുട്ടിയായിട്ടാണ് വിശേഷിപ്പിച്ചത്. മാതാവ് ഒരു സാമൂഹിക പ്രവർത്തകയാണ്. പിതാവ് ബിസിനസുകാരനും. ഡിക്സി ടെക്നിക്കൽ കോളജിൽ ഇലക്ട്രിക്കൽ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിൽ വിദ്യാർഥിയായിരുന്നു റോബിൻസൺ. അതിനുമുമ്പ്, യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രീ-എൻജിനീയറിങ് പഠിച്ചു.
സമീപ വർഷങ്ങളിൽ അദ്ദേഹം കൂടുതൽ രാഷ്ട്രീയം പേറുന്നവനായി. ചാർളി കിർക്കിനോടും അദ്ദേഹത്തിന്റെ വീക്ഷണങ്ങളോടും അനിഷ്ടം പ്രകടിപ്പിച്ചു. ചാർളിയെ ‘വെറുപ്പ് നിറഞ്ഞവൻ’ എന്നും ‘വെറുപ്പിന്റെ പ്രചാരകൻ’ എന്നും വിശേഷിപ്പിച്ചു.
റോബിൻസൺ വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധം പ്രഖ്യാപിച്ചിട്ടില്ല. ഇതുവരെ വോട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
കിർക്കിനെ വെടിവച്ച മേൽക്കൂരക്കു സമീപത്തുനിന്ന് കൊലപാതകത്തിനുപയോഗിച്ചതെന്ന് കരുതുന്ന ഒരു ബോൾട്ട്-ആക്ഷൻ മൗസർ റൈഫിൾ കണ്ടെടുക്കുകയുണ്ടായി. ‘ഹേ ഫാസിസ്റ്റ്!’ പോലുള്ള സന്ദേശങ്ങൾ കൊത്തിയെടുത്ത വെടിയുണ്ട കുടുകൾ അന്വേഷകർ കണ്ടെത്തി. കൂടാതെ, നിരീക്ഷണ ദൃശ്യങ്ങൾ, ഡിജിറ്റൽ സന്ദേശങ്ങൾ, കൈപ്പത്തി അടയാളം, കാൽപ്പാടുകൾ, കൈത്തണ്ടയിലെ മുദ്രകൾ എന്നിവ റോബിൻസണിനെ സംഭവസ്ഥലവുമായി ബന്ധപ്പിച്ചതായി പറയപ്പെടുന്നു. വെടിയുണ്ടകളുടെ കേസിംഗുകളിലെ കൊത്തിയെടുത്ത സന്ദേശങ്ങൾ അസാധാരണമാണെന്നും അവ എന്താണ് സൂചിപ്പിക്കുന്നത് പഠിച്ചുവരികയാണെന്നും അന്വേഷകർ പറയുന്നു.
കിർക്കിന്റെ കൊലപാതകത്തിനു മുമ്പ് റോബിൻസൺ ഒരു കുടുംബ അത്താഴത്തിൽ പങ്കെടുത്തിരുന്നുവെന്നും മറ്റൊരു കുടുംബാംഗവുമായുള്ള സംഭാഷണത്തിൽ ആക്ടിവിസ്റ്റ് യൂട്ടാ വാലി യൂനിവേഴ്സിറ്റിയിലേക്ക് പോവുന്നുവെന്ന് പരാമർശിച്ചതായും പറയുന്നു. ചാർളിയെ ഇഷ്ടമല്ലാത്തതിന്റെ കാരണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും അവൻ സംസാരിച്ചു. ഒടുവിൽ ഒരു ഹൈടെക് ട്രാക്കിങ്ങിനുശേഷമാണ് റോബിൻസൺ പിടിയിലായത്.
യൂട്ടവാലി സര്‍വകലാശാലയിലെ ചടങ്ങിനിടെയാണ് കിർക്കിനു നേർക്ക് വെടിയുതിർത്തത്. സർവകലാശാലയിലെ ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

