Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Afganistan- Drew Binsky
cancel
camera_alt

1. കാണ്ഡഹാറിലെ മാതളം വിളവെടുപ്പ്​. 2. ഡ്ര്യൂ ബിൻസ്​കി അഫ്​ഗാനിസ്​ഥാനിൽ

Homechevron_rightNewschevron_rightWorldchevron_rightഭീകരതയുടെ വിളനിലങ്ങളിൽ...

ഭീകരതയുടെ വിളനിലങ്ങളിൽ മധുരമാതളം പൂക്കു​ന്നു; അഫ്​ഗാൻ മണ്ണിലെ അതിശയങ്ങളുമായി ബിൻസ്​കി

text_fields
bookmark_border

ചോര മണക്കുന്ന മണ്ണിൽ മാതളത്തിന്‍റെ വിളവെടുപ്പുത്സവം​. ഭീകരത പേടിപ്പെടുത്തിയിരുന്ന കാണ്ഡഹാറിൽ പോംഗ്രാനേറ്റിന്‍റെ മധുരം പൂത്തുതളിർത്തുനിൽക്കുകയാണ്​. ലോകത്തിനുമുന്നിൽ ഭീതി കോറിയിട്ട വെടിയൊച്ചകളല്ല ഡ്ര്യൂ ബിൻസ്​കിയുടെ കാതുകളിലിപ്പോൾ നിറയുന്നത്​. അഫ്​ഗാനിസ്​ഥാന്‍റെ ഗ്രാമങ്ങളിലൂടെ, നഗരത്തെരുവുകളിലൂടെ, ആളുകളുടെ സ്​നേഹവായ്​പുകൾക്കു നടുവിൽ നടന്നുനീങ്ങു​േമ്പാൾ അയാൾ ആവേശഭരിതനായിരുന്നു. ചരിത്രവും സംസ്​കാരവും ഭക്ഷണവും ജീവിതരീതിയും ജനങ്ങളുമെല്ലാം അയാളുടെ കാഴ്ചകളിൽ അനൽപമായ വൈവിധ്യങ്ങൾ വിതറിയിട്ടു. ആരും കടന്നുചെല്ലാൻ മടിക്കുന്ന വഴികളിലൂടെ ആ അമേരിക്കൻ ​േബ്ലാഗർ സന്തോഷഭരിതനായി നടന്നുനീങ്ങിയപ്പോൾ അഫ്​ഗാൻ അവരുടെ വാതിലുകൾ അയാൾക്കായി തുറന്നിട്ടു. കാമറക്കുമുന്നിൽ പ്രത്യക്ഷപ്പെടാൻ മടിച്ചിരുന്ന സ്​ത്രീകൾ ഒഴുക്കുള്ള ഇംഗ്ലീഷിൽ അയാളുടെ ചോദ്യങ്ങൾക്ക്​ പ്രസന്നവദരരായി മറുപടി പറഞ്ഞു.

ചരിത്രമുറങ്ങുന്ന ഈ നാടിപ്പോൾ ടൂറിസത്തിന്​ പേരുകേട്ട ഇടമേയല്ല. ആളുകൾ ഈ രാജ്യത്തേക്ക്​ പറന്നിറങ്ങാൻ മടിക്കുന്നതിനിടയിലാണ്​ തുടർച്ചയായ രണ്ടാം വർഷവും ഡ്രൂ ബിൻസ്​കിയുടെ വരവ്​​. ബിൻസ്​കിയെപ്പോലെ ചുരുക്കം ചില സന്ദർശകർ റിസ്​കിനും മുകളിൽ ​ഈ നാടിന്‍റെ മനോഹാരിതയെ പ്രതിഷ്​ഠിച്ചാണ്​ ധൈര്യപൂർവം ഈ മണ്ണിൽ കാലുകുത്തുന്നത്​. മധ്യ അഫ്​ഗാനിലെ ബാമിയാൻ പ്രവിശ്യയിലെ വശ്യമനോഹരമായ പ്രകൃതിസൗന്ദര്യമടക്കം പകർത്തി ഡ്രൂ ബിൻസ്​കി തന്‍റെ യൂട്യൂബ്​ ചാനലിലൂടെ ലോകത്തിനുമുമ്പാകെ തുറന്നുവെച്ചപ്പോൾ കരുതിയതിനുമപ്പുറത്തെ കാഴ്​ചകളാണ്​ അതിൽ നിറയുന്നത്.


കാബൂളിലെ ബ്ലൂ മോസ്​ക്​

വയലൻസിന്‍റെ ഭൂമികയിൽ​ വലിയ താൽപര്യത്തോടെ പറന്നിറങ്ങുന്ന ബിൻസ്​കിയുടെ സാന്നിധ്യം അഫ്​ഗാനികളെയും അതിശയിപ്പിക്കുന്നു​. അയാൾ കുതിരപ്പുറത്തുകയറി കാബൂളിന്‍റെ തെരുവോരങ്ങളിലൂടെ സുസ്​മേരവദനനായി സഞ്ചരിക്കുന്നു. തലസ്​ഥാന നഗരിയിൽ, ചുവരിൽ മനോഹരമായ ഛായാചിത്രങ്ങൾ തൂങ്ങുന്ന ഹോട്ടൽമുറിയിൽ ഭീതിയൊന്നുമില്ലാതെ സ്വസ്​ഥമായി കിടന്നുറങ്ങുന്നു. പള്ളിമുറ്റത്ത്​ ആളുകൾക്കൊപ്പം കഥകൾ പറഞ്ഞിരിക്കുന്നു, റോഡരികിൽനിന്ന്​ ഷേവു ചെയ്യുന്നു, തട്ടുകടകളിൽനിന്ന്​ രുചിയൂറുന്ന ഭക്ഷണം കഴിക്കുന്നു. രക്​തരൂഷിതമെന്ന്​ മുദ്ര ചാർത്തപ്പെട്ട മണ്ണിൽ ബിൻസ്​കിയുടെ സന്തോഷം നിറഞ്ഞ സഞ്ചാരപഥങ്ങൾ ഒരുനാടിനെക്കുറിച്ചുള്ള മുൻവിധികൾ മാറ്റിയെഴ​ുതാൻ പര്യാപ്​തമാണ്​. ആ യാത്രയെ ആസ്​പദമാക്കി ബി.ബി.സി പ്രസിദ്ധീകരിച്ച വിഡിയോയിൽ അഫ്​ഗാന്‍റെ പ്രകൃതിയും സംസ്​കാരവും ജീവിതവുമെല്ലാം അത്ര മനോഹരമായാണ്​ ഇതൾവിരിയുന്നത്​.



യാത്രാ ബാഗുകൾ മുറുക്കുന്നതിനുമുമ്പ്​ അങ്ങോട്ട്​ പോകരു​െതന്ന്​ പറഞ്ഞവർ ഒരുപാടുണ്ടായിരുന്നു. നിങ്ങൾ തിരിച്ചുവരി​െല്ലന്ന്​ മുന്നറിയിപ്പ്​ നൽകിയവരാണ്​ ഏറെയും. അവർ നിങ്ങളെ വെടിവെച്ചുകൊല്ലുമെന്ന്​ പറഞ്ഞവരേറെ. എന്നാൽ, അതൊന്നും 29കാരനായ ബിൻസ്​കിയുടെ മനസ്സുമാറ്റിയില്ല. കോവിഡ്​ പരിശോധനകളെല്ലാം കഴിഞ്ഞ്​, അത്രമേൽ ആവേശത്തോടെ ഇസ്​തംബൂളിൽനിന്ന്​ അയാൾ കാബൂളിലേക്ക്​ പറന്നു.

അഫ്​ഗാനിലിറങ്ങിയശേഷം പരമ്പരാഗത പഷ്​തൂൺ വസ്​ത്രമണിഞ്ഞാണ്​ ബിൻസ്​കിയുടെ യാത്രകളേറെയും. താലിബാന്‍റെ ജന്മഗേഹമെന്നറിയപ്പെടുന്ന കാണ്ഡഹാറിന്‍റെ ഉള്ളറകളിലേക്കുവരെ ബിൻസ്​കി നടന്നെത്തി. ഉസാമ ബിൻ ലാദനും മുല്ല ഉമറും താമസിച്ചിരുന്ന പ്രദേശങ്ങളിലേക്കടക്കം ആ സഞ്ചാരം നീണ്ടു. ഗൈഡായി കൂടെക്കൂട്ടിയ നൂർ മുഹമ്മദിന്‍റെ സഹായത്താലായിരുന്നു ഈ യാത്രകളത്രയും. കാബൂളിലെ ബ്ലൂ മോസ്​ക്കിലും കാണ്ഡഹാറിലെ മാതളത്തോട്ടങ്ങളിലും ബാമിയാനിലെ പുരാതന കോട്ടക്കുള്ളിലും ഹെരാത്തിൽ അലക്​സാണ്ടർ ചക്രവർത്തി താമസിച്ചിരുന്ന വീട്ടിലുമൊക്കെ നൂർ മുഹമ്മദിനൊപ്പം ബിൻസ്​കിയെത്തി.


കുന്ദൂസിലെ നദീ താഴ്​വര

തകർന്നുപോയ സ്വസ്​ഥജീവിതം വീണ്ടെടുക്കാൻ കൊതിക്കുന്ന ആ രാജ്യത്തിന്‍റെ വിഭിന്നദേശങ്ങളിലൂടെ സഞ്ചരിച്ച ബിൻസ്​കിക്കുമുന്നിൽ തെളിഞ്ഞത്​ അതിജീവനത്തിനുകൊതിക്കുന്ന, സ്​നേഹപ്രിയരായ ഒരു ജനതയുടെ ചിത്രമാണ്​. അത്രയേറെ ഇഷ്​ടത്തോടെ അവരയാളെ ചേർത്തുനിർത്തി. 'അഫ്​ഗാനി ബൊലാനി'യുടെ രുചി ആ അമേരിക്കക്കാരന്‍റെ മനസ്സിൽ നിറച്ചുവെച്ചു. ആറു ദിവസമാണ്​ ആദ്യ സന്ദർശനത്തിൽ അയാൾ അഫ്ഗാനിലുണ്ടായിരുന്നതെങ്കിൽ ഇക്കുറി രണ്ടാഴ്ചക്കാലം ഈ മണ്ണിൽ അതിരറ്റ ഇഷ്​ടത്തോ​െട അയാൾ രാപാർത്തു. അത്രയേറെ ആവേശത്തോടെയാണ്​ ഇവിടേക്ക്​ വീണ്ടുമെത്തിയതെന്ന്​ പറയുന്ന ബിൻസ്​കി ഏറെ പ്രിയപ്പെട്ട ഇടമാണിതെന്ന്​ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ലോകത്തുടനീളം സഞ്ചരിക്കുന്ന തന്‍റെയുള്ളിൽ കാലങ്ങളോളം നിറയുന്ന മതിപ്പുളവാക്കിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ്​ അഫ്​ഗാനെന്ന്​ ബിൻസ്​കി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

ടി.വിയിലും ഓൺലൈനിലുമൊക്കെ നിറയു​ന്ന വാർത്തകളിൽ അഫ്​ഗാൻ പരാമർശിക്കപ്പെടുന്നത്​ ഒരിക്കലും പോസിറ്റീവ്​ ആയിട്ടല്ല എന്നതുകൊണ്ടാണ്​ ഈ മണ്ണിലേക്ക്​ വരണമെന്ന്​ ആദ്യം തോന്നിയതെന്ന്​ അദ്ദേഹം പറയുന്നു. മാധ്യമങ്ങൾ പറയുന്നതിന്‍റെ മറുപുറം അറിയാൻ ആഗ്രഹമുണ്ടായിരുന്നു. മൂന്നു കോടി ജനങ്ങൾ അധിവസിക്കുന്ന ഈ മണ്ണിൽ നടക്കുന്നതെന്താണെന്ന്​ ലോകത്തോട്​ പറയാനുള്ള താൽപര്യം കൊണ്ടായിരുന്നു അത്​. ഇവിടെ ആളുകൾ സ്​കൂളിൽ പോകുന്നുണ്ട്​. ജീവിക്കാനായി ജോലി ചെയ്യുന്നുണ്ട്​. വിശക്കു​േമ്പാൾ ഭക്ഷണം കഴ​ിക്കുന്നു, സാധനങ്ങൾ വാങ്ങാൻ മാർക്കറ്റുകളിലെത്തുന്നു. ലോകം കരുതുന്നതിനുമപ്പുറത്തെ അവിശ്വസനീയ ജീവിതമാണ്​ അഫ്​ഗാനിൽ താൻ കണ്ടതെന്നും ബിൻസ്​കി പറയുന്നു.


ബാമിയാനിലെ പുരാതന കോട്ടയുടെ അവശിഷ്​ടങ്ങൾ

ബാക്​പാക്കറുകൾ നിറഞ്ഞ നടത്താരകളുമായി, സഞ്ചാരത്തിന്​ കേളികേട്ട മണ്ണായിര​ുന്നു ഒരിക്കൽ ഇത്​. എന്നാൽ, പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിനും അക്രമങ്ങൾക്കും പിന്നാലെ ആ പകിട്ട്​​ ടൂറിസ്റ്റ്​ ഭൂപടത്തിൽനിന്ന്​ മാഞ്ഞുപോയി. ബിൻ ലാദനും മുല്ല ഉമറും താലിബാനുമൊക്കെച്ചേർന്ന്​ മണ്ണിലും മനസ്സിലും തീ കോരിയിട്ടതോടെ കാബൂളിന്‍റെയും ഹെരാത്തിന്‍റെയും ബമിയാന്‍റെയുമൊക്കെ സുന്ദര കാഴ്ചകളിൽനിന്ന്​ സഞ്ചാരികൾ മാറിനടക്കുകയായിരുന്നു. മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ അഫ്​ഗാൻ സന്ദർശിക്കുന്നതിൽനിന്ന്​ നിരുത്സാഹപ്പെടുത്തി. എന്നാൽ, ഭീതിയുടെ ആ മൂടുപടം മാറ്റാൻ വെമ്പൽ കൊള്ളുകയാണ്​ അഫ്​ഗാനിസ്​ഥാൻ. ഭീകരതയുടെ വിളനിലമെന്ന മുദ്രകൾ മായ്​ച്ചുകളഞ്ഞ്​​ സഞ്ചാരികളുടെ​ പ്രിയഭൂമിയെന്ന നിലയിലേക്ക്​ അഫ്​ഗാൻ മാറുമോയെന്ന ചോദ്യത്തിന്​ കാലമാണ്​ ഉത്തരം പറയേണ്ടത്​. എന്തായാലും ഭൂമിയുടെ വിവിധ കോണുകളിൽനിന്ന്​ 2020ൽ തങ്ങളുടെ നാട്​ സന്ദർശിക്കാനെത്തിയ 7000 ടൂറിസ്റ്റുകൾ മാറ്റത്തിലേക്കുള്ള തുടക്കമാകുമെന്ന്​ പ്രത്യാശിക്കുകയാണ്​ അഫ്​ഗാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanAmerican bloggerDrew Binsky
Next Story