`ഹുർമുസിലൂടെ അമേരിക്ക ഇപ്പോൾ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല, ഭാവിയിൽ ചെയ്യുകയുമില്ല, പാതയെ ആശ്രയിക്കുന്ന ലോകരാഷ്ട്രങ്ങൾ അതിന്‍റെ സംരക്ഷണം ഏറ്റെടുക്കണം' -ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: ഹുർമുസ് കടലിടുക്കിനെ ആശ്രയിക്കേണ്ട അത്യാവശ‍്യം തങ്ങൾക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ പാതയെ ആശ്രയിക്കുന്ന മറ്റ് രാജ‍്യങ്ങൾ കടലിടുക്കിന്‍റെ സംരക്ഷണം ഏറ്റെടുക്കണെമന്ന് ട്രംപ് ആഹ്വാനം ചെയ്തു. ഹുർമുസ് വീണ്ടും തുറന്നില്ലെങ്കിൽ ഇറാന്‍റെ ആണവ നിലയങ്ങൾ ആക്രമിക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രസ്താവന. `ലോകത്ത് മറ്റൊരിടത്തും ഞങ്ങളെപ്പോലെ ഒരു രാജ്യമില്ല, ഭാവിയിലേക്കായി ഞങ്ങൾ സുരക്ഷിതരാണ്. ഹുർമുസ് കടലിടുക്കിലൂടെ അമേരിക്ക ഇപ്പോൾ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല, ഭാവിയിൽ ചെയ്യുകയുമില്ല. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. മുൻപും ആവശ്യമുണ്ടായിരുന്നില്ല. ഈ പാതയിലൂടെ എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകരാഷ്ട്രങ്ങൾ ആ പാത സംരക്ഷിക്കണം. അവർ അത് മുറുകെ പിടിക്കുകയും സംരക്ഷിക്കുകയും വേണം' ട്രംപ് കൂട്ടി ചേർത്തു.
ഇറാനെതിരെയുള്ള നീക്കങ്ങളിൽ സഹകരിക്കാൻ വിമുഖത കാണിച്ച രാജ്യങ്ങൾക്ക് വേണ്ടിയാണ് ഹുർമുസ് വിഷയത്തിൽ താൻ ഇടപെട്ടതെന്ന് ട്രംപ് അവകാശപ്പെട്ടു. `പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ തന്നെ അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം. ഇതിനായി അമേരിക്ക അവരെ സഹായിക്കും. പാത സംരക്ഷിക്കാൻ അവർ തന്നെ നേതൃത്വം നൽകണം. എന്നാൽ ഇറാനെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേരാൻ വിസമ്മതിച്ച, ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്കായി ഞങ്ങൾക്ക് ഇതിനായി മുന്നിട്ടിറങ്ങേണ്ടി വന്നു' ട്രംപ് വിശദീകരിച്ചു. പേർഷ്യൻ ഗൾഫിനെ ഒമാൻ കടലിടുക്കുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന ഹുർമുസ് ലോകത്തിലെ 25 ശതമാനം എണ്ണയും കടന്നുപോകുന്ന നിർണ്ണായക പാതയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹുർമുസ് അതിപ്രധാനമാണ്. രാജ്യത്തിന്റെ ഊർജ ഇറക്കുമതിയുടെ 80 ശതമാനവും കടന്നുപോകുന്നത് ഹുർമുസിലൂടെയായതിനാൽ നൂറുകണക്കിന് കപ്പലുകളുടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നിലവിലെ പ്രതിസന്ധികൾ മറികടക്കാന്‍ ട്രംപ് രണ്ട് നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. ഒന്നുകിൽ അമേരിക്കയുടെ പക്കൽ നിന്നും എണ്ണ വാങ്ങുക, അല്ലെങ്കിൽ കടലിടുക്കിനെ ആശ്രയിക്കുന്ന രാജ‍്യങ്ങൾ അതിന്‍റെ നിയന്ത്രണം ഏറ്റെടുക്കുക. സംഘർഷം അവസാനിക്കുന്നതോടെ ഹുർമുസ് കടലിടുക്ക് സ്വാഭാവികമായും തുറക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
അതേ സമയം ആഗോളതലത്തിലും രാജ്യത്തിനകത്തും കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന സൂചനകൾക്കൊടുവിൽ ‘ഇറാൻ കുരുക്കി’ൽനിന്ന് തലയൂരാൻ ട്രംപ് ശ്രമിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അമേരിക്കയോട് വെടിനിർത്തലിന് ഇറാൻ ഭരണകൂടം അഭ്യർഥിച്ചതായി ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ പുതിയ ഭരണകൂടം മുൻഗാമികളെ അപേക്ഷിച്ച് തീവ്രവാദ നിലപാടുകൾ കുറഞ്ഞവരാണെന്നും പുതിയ പ്രസിഡന്റ് കൂടുതൽ ബുദ്ധിശാലിയാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിക്കുകയായിരുന്നു. ലോകവ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുകയും തടസ്സങ്ങളില്ലാതെ കപ്പൽ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്താൽ വെടിനിർത്തൽ കരാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിബന്ധനകൾ പാലിക്കാത്ത പക്ഷം ഇറാനെ നാമാവശേഷമാക്കുമെന്നും ശിലായുഗത്തിലേക്ക് കൊണ്ടുപോുകമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനുനേരെ 33 ദിവസമായി തുടരുന്ന ആക്രമണം അവസാനിപ്പിക്കുമെന്ന് ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സൂചന നൽകിയിരുന്നു. രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ സൈനികനീക്കം അവസാനിപ്പിക്കുമെന്ന് അറിയിച്ച പ്രസിഡന്റ്, മണിക്കൂറുകൾക്കുശേഷം ഇറാൻ പ്രസിഡന്റ് വെടിനിർത്തൽ ആവശ്യപ്പെട്ടതായും അവകാശപ്പെട്ടു. യുദ്ധം നിർത്തുന്നതുസംബന്ധിച്ച നിർണായക പ്രഖ്യാപനം വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെയുണ്ടാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും വ്യക്തമാക്കി. എന്നാൽ, ലബനാനിലും ഇറാനിലും ആക്രമണം തുടരുമെന്ന് ഇസ്രായേൽ അറിയിച്ചു.
അതേസമയം, ട്രംപിന്റെ പ്രസ്താവന തള്ളിയ ഇറാൻ, ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരായ പ്രത്യാക്രമണം ശക്തമാക്കി. ഉടമ്പടികളിൽ വിശ്വാസമില്ലാത്ത ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തെ മുഖവിലക്കെടുക്കില്ലെന്നും ആറുമാസം കൂടി യുദ്ധം തുടരാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. ഖത്തറിൽ എണ്ണ ടാങ്കറിനുനേരെയുണ്ടായ മിസൈൽ ആക്രമണമടക്കം ഗൾഫ് രാജ്യങ്ങളിൽ കനത്ത ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇസ്രായേൽ ലക്ഷ്യമാക്കി ഇറാനു പുറമെ ലബനാനിൽനിന്ന് ഹിസ്ബുല്ലയും മിസൈലാക്രമണം നടത്തുന്നുണ്ട്. ഹൂതികളും ഇസ്രായേൽ ലക്ഷ്യംവെക്കുന്നു. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിന് ചൈന-പാക് സംയുക്ത നീക്കം ആരംഭിച്ചുവെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

