ഗസ്സക്കും വെസ്റ്റ്ബാങ്കിനും 10 കോടി ഡോളർ സഹായം പ്രഖ്യാപിച്ച് അമേരിക്ക
text_fieldsവാഷിങ്ടൺ: ഗസ്സക്കും വെസ്റ്റ്ബാങ്കിനുമായി 10 കോടി ഡോളർ (83.28 കോടി രൂപ) സഹായം പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രായേൽ സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. ഇസ്രായേലിലും ഫലസ്തീനിലും സമാധാനം നിലനിൽക്കാൻ ദ്വിരാഷ്ട്ര പരിഹാരമാണ് ഉചിതമെന്നും ബൈഡൻ പറഞ്ഞു.
അതേസമയം, 10 ഹമാസ് നേതാക്കൾക്കും സംഘടനക്കുമെതിരെ അമേരിക്കൻ ട്രഷറി വകുപ്പ് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ഗസ്സയിലേക്ക് ലോകരാജ്യങ്ങളിൽനിന്നുള്ള സാമ്പത്തിക സഹായം തടയലാണ് ലക്ഷ്യം. ഇറാനാണ് ഹമാസിന്റെ പ്രധാന സ്പോൺസറെന്നാണ് അമേരിക്കയുടെ ആരോപണം.അതിനിടെ, കർശന നിബന്ധനകളോടെ ഗസ്സയിലേക്ക് ഈജിപ്തിൽനിന്ന് റഫ അതിർത്തി വഴി ചരക്കുനീക്കത്തിന് ഇസ്രായേൽ സമ്മതിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ മാത്രമാണ് അനുവദിക്കുക. ബന്ദികളെ മോചിപ്പിക്കാത്തിടത്തോളം ഇസ്രായേലിൽനിന്ന് സഹായം നൽകില്ല. ബന്ദികളെ സന്ദർശിക്കാൻ റെഡ്ക്രോസിനെ അനുവദിക്കണം. ഹമാസിന് ഒരു കാരണവശാലും സഹായം ലഭിക്കരുതെന്നും നിബന്ധനയുണ്ട്.
ഹമാസ് ആക്രമണത്തെയും സിവിലിയന്മാർക്ക് നേരെയുള്ള അതിക്രമങ്ങളെയും അപലപിച്ചും ഗസ്സയിലേക്ക് സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയത്തെ ഫ്രാൻസ്, ചൈന, അൽബേനിയ, എക്വഡോർ, ഗാബോൺ, ഘാന, ജപ്പാൻ, മാൾട്ട, മൊസാംബീക്, സ്വിറ്റ്സർലൻഡ്, യു.എ.ഇ എന്നീ രാജ്യങ്ങൾ പിന്തുണച്ചു. ബ്രിട്ടണും റഷ്യയും വിട്ടുനിന്നു. അമേരിക്ക വീറ്റോ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

