അസദ് സേനയുടെ ആക്രമണത്തിൽ 14 സിറിയൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
text_fieldsഡമസ്കസ്: സിറിയയിലെ പുതിയ വിമത നേതൃത്വത്തിലുള്ള സർക്കാറിന്‍റെ സൈന്യവും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബശ്ശാറുൽ അസദിനോട് കൂറുപുലർത്തുന്ന സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച മെഡിറ്ററേനിയൻ തുറമുഖമായ ടാർടൂസിന് സമീപമാണ് ആക്രമണമുണ്ടായത്. അസദിന്റെ വിശ്വസ്ത സേനയിലെ മൂന്ന് പേർ കൊല്ലപ്പെട്ടതായി യു.കെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്.ഒ.എച്ച്.ആർ) പറഞ്ഞു.
കൂടുതൽ സുരക്ഷാ സേനയെത്തി അസദ് സേനയെ തുരത്തിയതായാണ് റിപ്പോർട്ടുകൾ. മൂന്നാഴ്‌ച മുമ്പ് അസദിനെ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് ഇത്ര വലിയ ആക്രമണമുണ്ടാകുന്നത്. ആയിരക്കണക്കിന് തടവുകാർക്കെതിരെ വധശിക്ഷാ ഉത്തരവുകളും ഏകപക്ഷീയമായ വിധികളും പുറപ്പെടുവിച്ചതിന് മുൻ സർക്കാർ ഉദ്യോഗസ്ഥനെ സെയ്ദ്നയ ജയിലിൽനിന്ന് പിടികൂടാൻ നിലവിലെ സുരക്ഷാ സേന ശ്രമിച്ചപ്പോളാണ് അസദിന്റെ വിശ്വസ്തരുമായി ഏറ്റുമുട്ടലുണ്ടായത്.
ഹൈഅത് തഹറീർ അശ്ശാം (എച്ച്.ടി.എസ്) നേതൃത്വത്തിലുള്ള വിമത സേന സിറിയയിൽ അധികാരം പിടിച്ചെടുത്തതോടെയാണ് അസദിന്റെ 50 വർഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കപ്പെട്ടത്. അസദിന് കുടുംബത്തോടൊപ്പം റഷ്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നെന്നാണ് റിപ്പോർട്ടുകൾ. അസദ് ഭരണകാലത്ത് സിറിയക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ പാശ്ചാത്യരാജ്യങ്ങളോട് പുതിയ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

