Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ആദ്യം ഉമ്മയേയും...

‘ആദ്യം ഉമ്മയേയും ഉപ്പയേയും രക്ഷിക്കൂ... എന്നെ അവസാനം മതി!’: 13കാരി അൽമ, ഇസ്രയേൽ തകർത്ത കെട്ടിടത്തിൽ ഗസ്സയുടെ മനക്കരുത്ത്!

text_fields
bookmark_border
‘ആദ്യം ഉമ്മയേയും ഉപ്പയേയും രക്ഷിക്കൂ... എന്നെ അവസാനം മതി!’: 13കാരി അൽമ, ഇസ്രയേൽ തകർത്ത കെട്ടിടത്തിൽ ഗസ്സയുടെ മനക്കരുത്ത്!
cancel
camera_alt

ഇസ്രായേൽ ബോംബിട്ട് തകർത്ത അഞ്ചുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറ​ത്തേക്ക് വരുന്ന അൽമ

ഗസ്സ: അപാരമായ ധൈര്യത്തിന്റെയും സഹോദര സ്നേഹത്തിന്റെയും പര്യായമായി ഗസ്സയിൽനിന്നൊരു പെൺകുട്ടി. ഇസ്രായേൽ ക്രൂരൻമാർ ആകാശത്തുനിന്ന് ബോംബിട്ട് നിലംപരിശാക്കിയ അഞ്ചുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് കരുത്തുറ്റ വാക്കുകളിലൂടെ ജനഹൃദയങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ് അൽമ എന്ന 13കാരി.

വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയവരേയും മൃതദേഹങ്ങളും പുറത്തെടുക്കാൻ എത്തിയതായിരുന്നു രക്ഷാപ്രവർത്തകർ. കോൺക്രീറ്റ് കൂമ്പാരത്തിനടിയിൽനിന്ന് അൽമ (13) ഇവരുടെ കാലൊച്ച കേട്ടു. എന്റെ പേര് അൽമയാണെന്നും എനിക്ക് ഇവിടെ നിന്ന് പുറത്ത് വരാൻ കഴിയുന്നില്ലെന്നും അവൾ ഉറക്കെ വിളിച്ചു പറഞ്ഞു... ഇതുകേട്ട രക്ഷാപ്രവർത്തകർ, കൂടെ ആരാണുള്ളതെന്ന് ആരാഞ്ഞു.

ഉപ്പയും ഉമ്മയും സഹോദരങ്ങളും വല്യുപ്പയും വല്യുമ്മയും കെട്ടിടത്തിനിടയിൽ പെ​ട്ടിട്ടുണ്ടെന്നും അവരെ ആദ്യം രക്ഷിക്കണമെന്നും അൽമ മോൾ ആവശ്യപ്പെട്ടു. അവരെയൊക്കെ രക്ഷിച്ചശേഷം മാത്രം തന്നെ രക്ഷിച്ചാൽ മതി എന്നായിരുന്നു അൽമയുടെ അഭ്യർഥന.

തന്നെ അവസാനം സഹായിച്ചാൽ മതിയെന്നും ആദ്യം രക്ഷിക്കണ്ടെന്നും അവൾ ആവർത്തിച്ചു പറഞ്ഞു. ഒരുവയസ്സുകാരനായ എന്റെ അനുജൻ തർസാനെ സഹായിക്കൂവെന്നും ആവശ്യപ്പെടുന്നുണ്ട്. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ വേണമെങ്കിൽ തന്നെ ആദ്യം പുറത്തെടുത്തോളൂ എന്നും അൽമ രക്ഷാപ്രവർത്തകരോട് പറഞ്ഞു. തങ്ങളുടെ എല്ലാകാര്യവും അല്ലാഹുവിൽ അർപ്പിക്കുന്നുവെന്നും തങ്ങൾക്ക് അവൻ മതിയെന്നും കുട്ടി പറയുന്നുണ്ട്.

ഇത്രയേറെ മനക്കരുത്തും സഹജീവി സ്നേഹവമുള്ള ഫലസ്തീനികളെയാണ് മനുഷ്യത്വം ​തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇസ്രായേലിന്റെ അധിനിവേശ സേന കൊന്നുതോൽപിക്കാൻ ​ശ്രമിക്കുന്നതെന്ന് അൽജസീറ പുറത്തുവിട്ട വിഡിയോക്ക് താഴെ ആളുകൾ കമന്റ് ചെയ്യുന്നു. ഇസ്രായേലിന് കൊല്ലാൻ മാ​ത്രമേ സാധിക്കുകയുള്ളൂവെന്നും അൽമയെപ്പോലുള്ള ഗസ്സക്കാരുടെ ഇച്ഛാശക്തിയെ തോൽപിക്കാൻ ഒരിക്കലും കഴിയില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

രക്ഷാപ്രവർത്തകരും അൽമയും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്:

കുട്ടി: എന്റെ പേര് അൽമ. എനിക്ക് ഇവിടെ നിന്ന് പുറത്ത് വരാൻ കഴിയുന്നില്ല.

രക്ഷാപ്രവർത്തകർ: അൽമാ, നിന്റെ കൂടെ വേറെ ആരാണുള്ളത്?

അൽമ: എന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളും വല്യുപ്പയും വല്യുമ്മയും.

രക്ഷാപ്രവർത്തകർ: അവർ ജീവനോടെ ഉണ്ടോ

അൽമ: ഉണ്ട്. ഉണ്ട്. അവർ ജീവനോടെ ഉണ്ട്.

രക്ഷാപ്രവർത്തകർ: എന്താണ് ഇപ്പോൾ ചെയ്യേണ്ടത് അൽമ..

അൽമ: ആദ്യം എന്റെ സഹോദരങ്ങളെയും മാതാപിതാക്കളെയും മുത്തശ്ശിയെയും മുത്തശ്ശനെയും രക്ഷിക്കൂ... എന്നിട്ട് എന്നെ രക്ഷിക്കൂ...

രക്ഷാപ്രവർത്തകർ: ശരി, കുഞ്ഞേ...

അൽമ: എന്നെ അവസാനം സഹായിച്ചാൽ മതി... എന്നെ ആദ്യം രക്ഷിക്കണ്ട...

രക്ഷാപ്രവർത്തകർ: ശരി കുഞ്ഞേ...

അൽമ: എന്നെ അവസാനം സഹായിച്ചാൽ മതി. അല്ലെങ്കിൽ എന്നെ ആദ്യം സഹായിച്ചാൽ ഞാൻ നിങ്ങളെയും (രക്ഷാപ്രവർത്തനത്തിൽ) സഹായിക്കാം...

രക്ഷാപ്രവർത്തകർ: നിനക്ക് എത്ര വയസ്സായി..

അൽമ: 13 വയസ്സ്

രക്ഷാപ്രവർത്തകർ: ആരാ നിന്റെ സഹോദരി? സാറയാണോ?

അൽമ: അല്ല. റിഹാബ്. എന്റെ കുഞ്ഞനുജൻ തർസാനും ഇവിടെയുണ്ട്.

രക്ഷാപ്രവർത്തകർ: തർസാന് എത്ര വയസ്സായി?

അൽമ: അവന് ഒരു വയസ്സ്.. അല്ലാഹു ഞങ്ങളെ സംരക്ഷിക്കും... എന്റെ അനുജൻ തർസാനെ സഹായിക്കൂ.. പ്ലീസ്..

രക്ഷാപ്രവർത്തകർ: ഞാൻ നിന്റെ അടുത്തെത്താറായില്ലേ...

അൽമ: എത്താറായി

രക്ഷാപ്രവർത്തകർ: നീ എന്റെ ലൈറ്റ് കാണുന്നു​ണ്ടോ...

അൽമ: ഉണ്ട്.. ഞാൻ കാണുന്നുണ്ട്..

രക്ഷാപ്രവർത്തകർ: അൽമാ.. നിന്നെ ഞാൻ പുറത്തെടുക്കാൻ ശ്രമിക്കുകയാണ്.. നിന്നെ എനിക്ക് പുറത്തെടുക്കാൻ കഴിയും...

അൽമ: ദയവ് ചെയ്ത് പെട്ടെന്ന് പുറത്തെടുക്കൂ... എനിക്ക് എന്റെ അനുജനെയും അനുജത്തിയെയും കാണണം...

രക്ഷാപ്രവർത്തകർ: തീർച്ചയായും കുഞ്ഞേ...

അൽമ: എനിക്ക് അവരെ കാണണം.. എനിക്കവരെ മിസ് ചെയ്യുന്നു..

രക്ഷാപ്രവർത്തകർ: ഇത് അൽമയല്ലേ.. (രക്ഷാപ്രവർത്തകൻ കൈ കൊടുക്കുന്നു)

അൽമ: അതെ, അതെ..

രക്ഷാപ്രവർത്തകർ: നന്നായി അൽമാ... ഞാൻ പറഞ്ഞില്ലേ നിങ്ങളെ ഞങ്ങൾ രക്ഷിക്കുമെന്ന്... പുറത്തുവരൂ പ്രിയപ്പെട്ട കുട്ടീ...

ആദ്യം നിന്നെ പുറത്തെടുക്കട്ടേ... ഇങ്ങോട്ടുവരൂ...

(അൽമ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ പുറത്തേക്ക് നൂഴ്ന്ന് വരുന്നു..)

രക്ഷാപ്രവർത്തകർ: അൽമാ, നിന്റെ സഹോദരങ്ങളും രക്ഷിതാക്കളും എവിടെയാണുള്ളത്? നിന്റെ അടുത്താണോ...?

അൽമ: അതേ.. (പുറത്തെത്തിയ അൽമ കെട്ടിടത്തിന്റെ അവശിഷ്ടത്തിൽ ഓരോ ഭാഗം ചൂണ്ടിക്കാട്ടി പറയുന്നു:) എന്റെ സഹോദരങ്ങൾ ഇവിടെയാണുള്ളത്, എന്റെ ഉമ്മ ഇവിടെയാണുള്ളത്... എന്റെ അമ്മായി ഇവിടെയാണുള്ളത്..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaIsraelGaza Genocide
News Summary - Alma from gaza: Girl under Gaza rubble asks rescuers to save relatives first
Next Story