യു.എ.ഇ ബന്ധം വിച്ഛേദിച്ച് അൽജീരിയ; വിമാനങ്ങൾക്ക് വ്യോമപാതയിൽ വിലക്ക്, അംബാസഡർ രാജ്യം വിടണമെന്ന് നിർദേശം
text_fieldsഅൽജീരിയൻ പ്രസിഡന്റ് അബ്ദുൽമജീദ് തബ്ബൂൺ
അൽജിയേഴ്സ്: യു.എ.ഇയുമായി നയതന്ത്രബന്ധം വിച്ഛേദിച്ച് അൽജീരിയ. യു.എ.ഇയിൽ നിന്ന് ‘പ്രകോപനപരവും ശത്രുതാപരവുമായ’ നടപടിയുണ്ടാകുന്നതായി ആരോപിച്ചാണ് കടുത്ത നടപടി അൽജീരിയൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. നയതന്ത്രബന്ധം വിച്ഛേദിച്ചതിനൊപ്പം യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത സിവിലിയൻ, സൈനിക വിമാനങ്ങൾക്ക് അൽജീരിയ വ്യോമപാത അടക്കുകയും ചെയ്തിട്ടുണ്ട്.
അൽജീരിയയിലെ യു.എ.ഇ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി തീരുമാനം ഔദ്യോഗികമായി അറിയിക്കുകയും 48 മണിക്കൂറിനകം നടപടി പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഉഭയകക്ഷി ബന്ധം സംരക്ഷിക്കുന്നതിനുള്ള ‘എല്ലാ മാർഗങ്ങളും പരീക്ഷിച്ചുകഴിഞ്ഞു’വെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, അൽജീരിയയുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച യു.എ.ഇ, ബന്ധം വിച്ഛേദിക്കൽ താൽകാലികമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധം സംരക്ഷിക്കേണ്ടതുണ്ടെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അൽജീരിയൻ പ്രസിഡന്റ് അബ്ദുൽമജീദ് തബ്ബൂൺ കഴിഞ്ഞ കുറച്ചുകാലമായി യു.എ.ഇയെ പരോക്ഷമായും നേരിട്ടും വിമർശിച്ചിരുന്നു. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും മേഖലയിലെ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനും യു.എ.ഇ ശ്രമിക്കുന്നുവെന്നാണ് അൽജീരിയ ആരോപണമുന്നയിച്ചിരുന്നത്.
യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് അൽജീരിയയുടെ നിലപാടിൽ പരോക്ഷമായി വിമർശനമുന്നയിച്ചിട്ടുണ്ട്. നയതന്ത്രബന്ധങ്ങൾ ‘യുക്തി, ആശയവിനിമയം, വ്യക്തമായ താൽപര്യങ്ങൾ’ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അവ്യക്തമായ സൂചനകളിലൂടെയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സെപ്റ്റംബർ 11 അർധരാത്രി മുതലാണ് യു.എ.ഇ വിമാനങ്ങൾക്ക് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. എന്നാൽ അൽജിയേഴ്സിലെ ഹുവാരി ബൂമദിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെനിന്നും സർവീസ് നടത്തുന്ന യു.എ.ഇ വാണിജ്യ വിമാനങ്ങൾക്ക് 2026 അവസാനം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഏപ്രിലിൽ തന്നെ യു.എ.ഇ വിമാനക്കമ്പനികളുടെ സർവീസുകൾ അൾജീരിയ നിർത്തിവെക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമസേവന കരാർ റദ്ദാക്കുകയും ചെയ്തിരുന്നു.
വടക്കേ ആഫ്രിക്കയിലെ വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും പലപ്പോഴും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. മൊറോക്കോയുമായുള്ള അൽജീരിയയുടെ ദീർഘകാല വൈരവും ഇതിൽ പ്രധാന ഘടകമാണ്. മൊറോക്കോയുമായുള്ള യു.എ.ഇയുടെ അടുത്ത ബന്ധം അൽജീരിയയെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2020ൽ മൊറോക്കോ നിയന്ത്രിക്കുന്ന പടിഞ്ഞാറൻ സഹാറയിൽ കോൺസുലേറ്റ് തുറന്ന ആദ്യ അറബ് രാജ്യമായി യു.എ.ഇ മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

