മദുറോയുടെ ‘ധനസഹായി’ അലക്സ് സാബിനെ യു.എസിലേക്ക് നാടുകടത്തി വെനിസ്വേല
text_fieldsകാരാക്കസ്: മുൻ വെനിസ്വേലൻ പ്രസിഡന്റ് നികോളാസ് മദുറോയുടെ വിശ്വസ്തനും പ്രമുഖ വ്യവസായിയുമായ അലക്സ് സാബിനെ വെനിസ്വേലൻ അധികൃതർ അമേരിക്കയിലേക്ക് നാടുകടത്തി. 2023-ൽ അമേരിക്ക തടവുകാരുടെ കൈമാറ്റ കരാറിലൂടെ വിട്ടയച്ച സാബിനെ, മൂന്ന് വർഷം തികയും മുൻപ് വീണ്ടും യു.എസിന് കൈമാറിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
വെനിസ്വേലൻ ഭരണഘടന അനുസരിച്ച് സ്വന്തം പൗരമാരെ മറ്റ് രാജ്യങ്ങൾക്ക് വിട്ടുകൊടുക്കാൻ നിയമമില്ല. എന്നാൽ ഈ നിയമക്കുരുക്ക് മറികടക്കാൻ വെനിസ്വേലൻ ഇമിഗ്രേഷൻ അതോറിറ്റി തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയത്. കൊളംബിയയിൽ ജനിച്ച് പിന്നീട് വെനിസ്വേലൻ പൗരത്വം നേടിയ സാബിനെ, ഔദ്യോഗിക ഉത്തരവിൽ കൊളംബിയൻ പൗരൻ എന്ന് മാത്രമാണ് വിശേഷിപ്പിച്ചത്. അമേരിക്കയിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ഈ കൊളംബിയൻ പൗരനെ നാടുകടത്തുന്നു എന്ന് കാണിച്ചാണ് വെനിസ്വേല കൈമാറ്റ നടപടികൾ പൂർത്തിയാക്കിയത്.
ജനുവരിയിൽ മഡുറോയെ യു.എസ് പ്രത്യേക സേന പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയതിന് പിന്നാലെ വെനിസ്വേലയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടായി. മുൻ വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റോഡ്രിഗസ് യു.എസ് പിന്തുണയോടെ താൽക്കാലിക പ്രസിഡന്റായി അധികാരമേറ്റു.പുതിയ ഭരണകൂടം വന്നതോടെ വ്യവസായ മന്ത്രിയായിരുന്ന സാബിനെ സ്ഥാനങ്ങളിൽ നിന്ന് നീക്കി.കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി മന്ത്രിയായിരുന്ന സാബിന്റെ ഭാര്യ കാമില ഫാബ്രിയെയും ഫെബ്രുവരിയിൽ പുറത്താക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സാബ് വെനിസ്വേലയിൽ വീട്ടുതടങ്കലിലോ ജയിലിലോ ആണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു.
മഡുറോ സർക്കാരിന്റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുകയും അമേരിക്കൻ ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് അമേരിക്ക വർഷങ്ങളായി സാബിനെതിരെ അന്വേഷണം നടത്തുന്നത്. വെനസ്വേലയുടെ ഭക്ഷ്യവിതരണ പദ്ധതികളിൽ അഴിമതിയും കോടിക്കണക്കിന് ഡോളർ കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
അമേരിക്കൻ അന്വേഷണ ഏജൻസികൾക്ക് മഡുറോ ഭരണകൂടത്തിലെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച നിർണായക വിവരങ്ങൾ സാബിൽ നിന്ന് ലഭിക്കാമെന്നാണ് റിപോർട്ടുകൾ. മയക്കുമരുന്ന് കടത്ത്, നർക്കോ-ടെററിസം തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട് നിലവിൽ ന്യൂയോർക്കിൽ വിചാരണ കാത്തുനിൽക്കുന്ന മദുറോക്കും വെനസ്വേലയിലെ മുൻ ഭരണകൂടത്തിനും എതിരെ തെളിവുകൾ നൽകുന്നതിൽ നിർണായകമാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

