അതീവ സുരക്ഷ ജയിലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച അൽ ശബാബ് ഭീകരർ കൊല്ലപ്പെട്ടതായി സൊമാലിയ
text_fieldsഏറ്റുമുട്ടലിനെ തുടർന്ന് മൊഗാദിശുവിലെ ജയിലിൽ നിന്നുമുയർന്ന പുക
മൊഗാദിശു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിശുവിലെ അതീവ സുരക്ഷ ജയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച അൽ ശബാബ് ഭീകരരെ വധിച്ചതായി സൊമാലിയ സ്ഥിരീകരിച്ചു. സൈനിക യൂണിഫോം ധരിച്ച് സുരക്ഷാ സേനയെ അനുകരിച്ചായിരുന്നു ഭീകരർ ജയിലിനടുത്തേക്ക് വന്നത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലൂടെയാണ് ഭീകര സംഘടനയിലെ ഏഴുപേരെ വധിച്ചതെന്ന് സൊമാലിയ സർക്കാർ അറിയിച്ചു. ഭീകര സംഘടനയിലെ അംഗങ്ങളെ പാർപ്പിച്ചിരിക്കുന്നതായി അറിയപ്പെടുന്ന ഭൂഗർഭ ജയിൽ സമുച്ചയമായ ഗോഡ്ക ജിലോവിലാണ് ഏറ്റുമുട്ടൽ നടന്നത്.
കാറിൽ ബോംബ് ഘടിപ്പിച്ച് സ്ഫോടനം സൃഷ്ടിച്ച അക്രമികൾ നഗരത്തിലുടനീളം വെടിവെപ്പ് നടത്തുകയും സ്ഫോടനങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് അക്രമണം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ സുരക്ഷ സേനയിലെ മൂന്ന് പേർ കൊല്ലപ്പെട്ടതായും സർക്കാർ അറിയിച്ചു. സെൽ ഗെയ്റ്റിലെ സ്ഫോടനത്തോട് കൂടിയാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് സൊമാലിയയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
സൊമാലി ഇന്റലിജൻസ് ഏജൻസിയുടേതിന് സമാനമായി പെയിന്റ് ചെയ്ത വാഹനങ്ങളാണ് അക്രമികൾ ഉപയോഗിച്ചതെന്നും സൈന്യത്തിന്റേതിന് സമാനമായ യൂണിഫോമാണ് ഇവർ ധരിച്ചിരുന്നതെന്നും സൊമാലി സ്റ്റേറ്റ് മീഡിയ പറഞ്ഞു. സായുധ സേനയുടെ വാഹനങ്ങൾ പരിശോധനക്ക് വിധേയമല്ലാത്തതിനാലാണ് നിയന്ത്രണ ചെക്ക്‌പോസ്റ്റുകളിലൂടെ എളുപ്പത്തിൽ കടന്നുപോകാൻ അവർക്ക് സാധിച്ചതെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
അൽ ഖാഇദയുടെ അനുബന്ധ സംഘടനയാണ് അൽ ശബാബ്. ജയിലിലടക്കപ്പെട്ട തങ്ങളുടെ അംഗങ്ങളെ മോചിപ്പിക്കുന്നതിനാണ് ആക്രമണം നടത്തിയതെന്ന് അൽ ശബാബ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. സോമാലിയയിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാറിനെ താഴെയിറക്കാൻ 2006 മുതൽ അൽ ശബാബ് സായുധ പോരാട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

