ഹമാസ് നേതാക്കളുടെ അപൂർവ ദൃശ്യങ്ങൾ പുറത്തുവിട്ട് അൽ ജസീറ
text_fieldsഗസ്സ: ഹമാസിന്റെ മുതിർന്ന നേതാക്കളുടെ അപൂർവ ആർക്കൈവൽ ദൃശ്യങ്ങൾ പുറത്തുവിട്ട് അൽ ജസീറ. വെള്ളിയാഴ്ച സംപ്രേഷണം ചെയ്ത ‘വാട് ഈസ് ഹിഡൻ ഈസ് ഗ്രേറ്റർ’ എന്ന പരിപാടിയിലാണ് ഹമാസ് സൈനിക വിഭാഗത്തിന്റെ രഹസ്യയോഗങ്ങളുടെയും ഭൂഗർഭ തുരങ്കങ്ങളിലെ നീക്കങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ടത്.
2023 ഒക്ടോബർ 7ന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് മുന്നോടിയായി ഹമാസ് നടത്തിയ ആസൂത്രണങ്ങളെക്കുറിച്ചുള്ള രേഖകളും പരിപാടിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഹമാസ് തലവനായിരുന്ന യഹ്‍യ സിൻവാറിന്റെയും സൈനിക വിഭാഗത്തിലെ മുൻനിര കമാൻഡറായിരുന്ന മുഹമ്മദ് ദൈഫിന്റെയും ഫോൺ സംഭാഷണ ദൃശ്യങ്ങൾ പുറത്തുവിട്ടവയിൽ ഉൾപ്പെടും.
തൊപ്പി ധരിച്ച് തുരങ്കത്തിലൂടെ നടക്കുന്ന മുഹമ്മദ് ദൈഫിനെ പുറത്തുവിട്ട ഒരു ദൃശ്യത്തിൽ കാണാം. കൂടെയുണ്ടായിരുന്നവരുമായി സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്. മറ്റ് ദൃശ്യങ്ങളിൽ ഹമാസിന്റെ മുതിർന്ന സൈനിക കമാൻഡർമാർ പരസ്പരം അഭിവാദ്യം ചെയ്യുന്നതും യോഗത്തിൽ പങ്കെടുക്കുന്നതും ഭൂഗർഭ തുരങ്കത്തിനുള്ളിൽ ഒരുമിച്ച് പ്രാർഥിക്കുന്നതും കാണാം.
ദൈഫിന്റെ ഡെപ്യൂട്ടി മർവാൻ ഈസ, മുഹമ്മദ് സിൻവാർ, ഇസ്സുദ്ദീൻ അൽ ഹദ്ദാദ്, റഅദ് സഅദ്, അഹമ്മദ് റൻദൂർ, റഫാഅ സലാമ എന്നിവരെയും ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മുൻ ഹമാസ് നേതാക്കളായ യഹ്‌യ സിൻവാറിനും ഇസ്മായിൽ ഹനിയ്യക്കുമൊപ്പം റോക്കറ്റ് നിർമാണശാലയിൽ നിൽക്കുന്ന ദൈഫിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 2021ൽ ഇസ്രായേൽ നടത്തിയ ‘ഓപ്പറേഷൻ ഗാർഡിയൻ ഓഫ് ദ വാൾസ്’ നടപടിക്കുശേഷം ദൈഫും സിൻവാറും തമ്മിൽ നടത്തിയതായി പറയപ്പെടുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്.
ഹമാസിന്റെ ഓപ്പറേഷൻസ് റൂമിൽ ഇസ്രായേൽ ടാങ്കുകളുടെ മാതൃകകൾ പരിശോധിക്കുകയും ബ്രിഗേഡ് കമാൻഡർമാരുമായി യുദ്ധപദ്ധതി ചർച്ച ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
2023 ഒക്ടോബർ 5ന് തിയ്യതിയിട്ട രേഖയാണ് അൽ ജസീറ പുറത്തുവിട്ട രേഖകളിൽ ശ്രദ്ധേയമായത്. ആറു മണിക്കൂർ നീണ്ട സൈനിക ആസൂത്രണ യോഗത്തിനുശേഷം മുഹമ്മദ് ദൈഫ് ഒപ്പിട്ട ഉത്തരവാണിതെന്നാണ് പരിപാടി അവകാശപ്പെടുന്നത്. ആക്രമണം രാവിലെ 6.30ന് ആരംഭിക്കണമെന്ന നിർദേശവും രേഖയിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 ഫെബ്രുവരിയിൽ ഹമാസിന്റെ ഉന്നത സൈനിക നേതൃത്വത്തിന്റെ യോഗം നടന്നതായും ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ അന്ന് തീരുമാനിച്ചതായും സൂചിപ്പിക്കുന്ന മറ്റൊരു രേഖയും അൽ ജസീറ പുറത്തുവിട്ടു.

