Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ അനുകൂല...

ഇസ്രായേൽ അനുകൂല ലോബികൾക്ക് വീണ്ടും തിരിച്ചടി: യു.എസ് കോൺഗ്രസിലെ ആദ്യ അഫ്ഗാൻ-അമേരിക്കൻ വനിതയായി ആയിഷ വഹാബ് തെരഞ്ഞെടുക്കപ്പെട്ടു

text_fields
bookmark_border
us election
cancel
camera_alt

ആയിഷ വഹാബ്

വാഷിങ്ടൺ: കാലിഫോർണിയയിലെ 14-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തെരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് ഡെമോക്രാറ്റിക് സ്ഥാനാർഥി ആയിഷ വഹാബ് വിജയിച്ചു. ഇതോടെ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അഫ്ഗാൻ-അമേരിക്കൻ വനിതയായി ആയിഷ മാറി. ഡെമോക്രാറ്റ് സ്ഥാനാർഥി മെലിസ ഹെർണാണ്ടസിനെ 20 ശതമാനത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആയിഷ തെരഞ്ഞെടുക്കപ്പെട്ടത്.

ലൈംഗിക ആരോപണങ്ങളെത്തുടർന്ന് ഏപ്രിലിൽ എറിക് സ്വൽവെൽ രാജിവെച്ച ഒഴിവിലേക്ക് നടന്ന പ്രത്യേക തെരഞ്ഞെടുപ്പിലാണ് ഡെമോക്രാറ്റിക് പാർട്ടിയിലെ തീവ്രമായ ആഭ്യന്തര പോരാട്ടങ്ങൾക്കൊടുവിൽ ആയിഷ വഹാബ് വിജയിച്ചത്. കാലിഫോർണിയയിലെ ഈസ്റ്റ് ബേ മണ്ഡലത്തിൽ തുടക്കം മുതൽ മുൻതൂക്കം നിലനിർത്തിയിരുന്ന സ്റ്റേറ്റ് സെനറ്ററായ ആയിഷക്ക്, സംസ്ഥാന ഡെമോക്രാറ്റിക് പാർട്ടിയുടെയും 'അവർ റെവല്യൂഷൻ' പ്രസ്ഥാനത്തിന്റെയും ലേബർ യൂണിയനുകളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും ആറ്റോർണി ജനറലിന്റെയും ശക്തമായ പിന്തുണയുണ്ടായിരുന്നു.

വിജയം സ്ഥിരീകരിച്ച ശേഷം വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ, ‘ഫോസ്റ്റർ കെയർ ജീവിതത്തിൽ നിന്ന് കോൺഗ്രസിലേക്കുള്ള ഈ യാത്ര അമേരിക്കൻ സ്വപ്ന സാക്ഷാത്കാരത്തിന്റെ തെളിവാണ്. ആദ്യമായി ഒരു അഫ്ഗാൻ-അമേരിക്കക്കാരിയെ കോൺഗ്രസിലേക്ക് തെരഞ്ഞെടുത്ത് ഈ മണ്ഡലം ഇന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്’ ആയിഷ പറഞ്ഞു.

അടുത്ത വർഷം ജനുവരി 20 വരെ മാത്രമായിരിക്കും വഹാബിന് സാൽവെലിന്റെ ശേഷിക്കുന്ന കാലാവധി പൂർത്തിയാക്കാൻ സാധിക്കുക. എങ്കിലും, അടുത്ത നവംബറിൽ നടക്കുന്ന സമ്പൂർണ്ണ കാലാവധിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹെർണാണ്ടസുമായി അവർ വീണ്ടും കടുത്ത മത്സരത്തിന് ഒരുങ്ങുകയാണ്.

സോവിയറ്റ് അധിനിവേശ കാലത്ത് അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ആയിഷയുടെ മാതാപിതാക്കൾ ന്യൂയോർക്ക് സിറ്റിയിലാണ് കുടിയേറിയത്. തുടർന്ന് 1987ൽ വഹാബ് ജനിച്ചു. ജനനത്തിന് തൊട്ടുപിന്നാലെ പിതാവ് കൊല്ലപ്പെടുകയും താമസിയാതെ മാതാവും മരണപ്പെടുകയും ചെയ്തു. അതിനുശേഷം വഹാബും സഹോദരിയും ഫോസ്റ്റർ കെയർ സംവിധാനത്തിലാണ് വളർന്നത്. പിന്നീട് 9-ാം വയസ്സിൽ ഫ്രീമോണ്ടിലുള്ള ഒരു അഫ്ഗാൻ-അമേരിക്കൻ ദമ്പതികൾ ഇവരെ ദത്തെടുക്കുകയായിരുന്നു.

2018ൽ ഹേവാർഡ് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ യു.എസിൽ ഒരു പൊതു പദവിയിലെത്തുന്ന ആദ്യ അഫ്ഗാൻ-അമേരിക്കൻ വനിതയായി അവർ മാറിയിരുന്നു. പിന്നീട് 2022ൽ കാലിഫോർണിയ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‍ലിം വനിതയായും അവർ ചരിത്രത്തിന്റെ ഭാഗമായി.

മത്സരത്തിലുടനീളം ആയിഷ മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും, ഇസ്രായേൽ അനുകൂല ലോബിയായ ഐപക് വലിയ തുക ഇറക്കിയതോടെ എതിർസ്ഥാനാർഥിയായ ഹെർണാണ്ടസിന്റെ പ്രചാരണത്തിന് വലിയ ഊർജ്ജം ലഭിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ആയിഷയുടെ ലീഡ് കേവലം 6 ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. പ്രചാരണത്തിന്റെ അവസാന വാരങ്ങളിൽ ഹെർണാണ്ടസിനെ പിന്തുണച്ചും ആയിഷയെ അധിക്ഷേപിച്ചും പരസ്യങ്ങൾ നൽകാൻ ഐപാക് 50 ലക്ഷത്തിലധികം ഡോളർ ചെലവഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിലെ വിവിധ ഗ്രൂപ്പുകളുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന 'ട്രാക്ക് എ.ഐ.പി.എ.സി' നൽകുന്ന വിവരമനുസരിച്ച്, ഹെർണാണ്ടസിനായി മാത്രം ഏകദേശം 64 ലക്ഷം ഡോളർ ലോബി ഗ്രൂപ്പ് ചെലവഴിച്ചിട്ടുണ്ട്.

നേരത്തേ ഐപാകിന് കനത്ത തിരിച്ചടി നൽകികൊണ്ട് യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഈജിപ്ഷ്യൻ-അമേരിക്കൻ വംശജനായ ഡോ. അബ്ദുൽ അൽ സയീദ് വിജയിച്ചിരുന്നു. ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളുടെ 60 ദശലക്ഷം ഡോളറിലധികം വരുന്ന ഭീമമായ പ്രചാരണ ചെലവുകളെയും എതിർപ്പുകളെയും അതിജീവിച്ചായിരുന്നു അദ്ദേഹത്തിന്റെ ചരിത്ര നേട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:californiaus congressdemocratic partyUS Election
News Summary - Aisha Wahab becomes first Afghan-American elected to US Congress
Next Story