ഇസ്രായേലിലേക്ക് റോക്കറ്റ് വർഷം; ഹിസ്ബുല്ല കേന്ദ്രങ്ങളിൽ വ്യോമാക്രമണം
text_fieldsബൈറൂത്: ഹമാസ് നേതാവ് സാലിഹ് അൽ അറൂരി വധത്തിന് തിരിച്ചടിയായി ലബനാനിൽനിന്ന് ഇസ്രായേലിലേക്ക് 62 റോക്കറ്റുകൾ വിക്ഷേപിച്ച് ഹിസ്ബുല്ല. പിന്നാലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.
ഗസ്സയിൽ 92ാം ദിവസവും ആക്രമണം തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഒരാഴ്ച നീളുന്ന മിഡിലീസ്റ്റ് പര്യടനത്തിന് തുടക്കമായി. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായും വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ജോർഡൻ, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഇസ്രായേൽ, വെസ്റ്റ്ബാങ്ക് സന്ദർശനത്തിനുശേഷം അദ്ദേഹം ഈജിപ്തിലെത്തും. യുദ്ധാനന്തര ഗസ്സയാണ് പ്രധാന ചർച്ചാവിഷയം.
ബൈറൂത്തിൽ നടന്ന അറൂറി വധത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലി വ്യോമനിരീക്ഷണ കേന്ദ്രമായ മൗണ്ട് മെറോണിനെ ലക്ഷ്യമിട്ടാണ് ശനിയാഴ്ച രാവിലെ 62 റോക്കറ്റുകൾ വിക്ഷേപിച്ചത്. നിരീക്ഷണ കേന്ദ്രവും രണ്ട് സൈനിക കേന്ദ്രങ്ങളും തകർത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ആക്രമണം സ്ഥിരീകരിച്ച ഇസ്രായേൽ സൈന്യം നാശനഷ്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയില്ല.
മണിക്കൂറുകൾക്കുശേഷം ഇസ്രായേലി പോർവിമാനങ്ങൾ ഹിസ്ബുല്ല കേന്ദ്രങ്ങളായ അയ്തൽ ശഅബ്, യാരോൺ, റാമിയ എന്നിവിടങ്ങളിൽ ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങളെന്നവകാശപ്പെട്ട്, നിരവധി കെട്ടിടങ്ങൾ തകർക്കുന്ന വിഡിയോയും പുറത്തുവിട്ടു. ഖാൻ യൂനുസിലും പരിസര പ്രദേശങ്ങളിലും വീടുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 122 പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 22,722 ആയി. 58,166 പേർക്ക് പരിക്കുണ്ട്. വെസ്റ്റ്ബാങ്കിലും ഇസ്രായേലിന്റെ വ്യാപക പരിശോധനയും അറസ്റ്റും തുടരുകയാണ്. അതേസമയം, ഖാൻ യൂനുസിലെ ബനീ സുഹൈലയിൽ എട്ട് ഇസ്രായേലി കരസൈനികരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഗസ്സയിലെ അൽ തൂഫ ഖബർസ്ഥാനിലെ 1100 ഖബറുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് 150 മൃതദേഹങ്ങൾ ഇസ്രായേൽ സൈനികർ കടത്തിയതായി ഗസ്സ സർക്കാർ മീഡിയ ഓഫിസ് അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ‘അൽ ജസീറ’ പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

