കാനഡയിലെ കാട്ടുതീ കാരണം യുഎസ് നഗരങ്ങളിലെ വായു മലിനമാകുന്നു; ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ അധിക തീരുവ ചുമത്തും, ഭീഷണിയുമായി ഡോണൾഡ് ട്രംപ്
text_fieldsവാഷിംഗ്ടൺ: കാനഡയിലെ കാട്ടുതീ മൂലം അമേരിക്കയിലേക്ക് പുക പടരുന്നതിൽ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാട്ടുതീ നിയന്ത്രിക്കാൻ കാനഡ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കാനഡയ്‌ക്കെതിരെ തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി താൻ സംസാരിച്ചതായും വിഷയം ഗൗരവമായി കാണണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ നൽകും. എന്നാൽ കാട്ടുതീ മൂലം നമ്മുടെ വായു മലിനമാകുന്നത് അനുവദിക്കാനാവില്ല. ഇതിന് നഷ്ടപരിഹാരമോ അല്ലെങ്കിൽ തീരുവകളോ ഏർപ്പെടുത്തേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനഡ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന തീരുവകളിലേക്ക് ഈ മലിനീകരണത്തിന്റെ ചെലവ് കൂടി ഉൾപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. കാനഡയിലെ കാട്ടുതീ അതിരൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 888 കാട്ടുതീ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും നിയന്ത്രണാതീതമാണ്.
ഈ പുക മിനസോട്ട, മിഷിഗൺ, പെൻസിൽവാനിയ, ഒഹായോ, ന്യൂയോർക്ക് തുടങ്ങിയ അമേരിക്കൻ സംസ്ഥാനങ്ങളിലെ വായുവിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മോശം വായുനിലവാരമുള്ള നഗരമായി വെള്ളിയാഴ്ച ഡെട്രോയിറ്റ് മാറിയപ്പോൾ, ചിക്കാഗോ, വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക് എന്നിവ തൊട്ടുപിന്നിലുണ്ട്.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിൽ ഇരുരാജ്യങ്ങൾക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ വ്യക്തമാക്കിയിരുന്നു. കാനഡയെ വിമർശിക്കുന്നതിന് പകരം, കൂടുതൽ അഗ്നിശമന സഹായങ്ങൾ നൽകാൻ അമേരിക്ക തയ്യാറാകണമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

