മിസൈൽ ആക്രമണം: ഡൽഹി- ഇസ്രായേൽ വിമാനം അബൂദബിയിലേക്ക് തിരിച്ചുവിട്ടു; തെൽഅവീവ് വിമാന സർവിസ് ചൊവ്വാഴ്ച വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ
text_fieldsന്യൂഡൽഹി/ ജറൂസലം: ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിന് സമീപം യമനിലെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചുവിട്ടു. ഡൽഹിയിൽനിന്നുള്ള എ.ഐ 139 വിമാനം തെൽ അവിവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ആക്രമണമുണ്ടായത്. തുടർന്ന് അബൂദബിയിലേക്കാണ് തിരിച്ചുവിട്ടത്. ഇസ്രായേലിലേക്കുള്ള വിമാന സർവിസ് ചൊവ്വാഴ്ച വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു.
ഇന്ന് രാവിലെയാണ് ഇസ്രായേലിനെ ഞെട്ടിച്ച മിസൈൽ ആക്രമണം നടന്നത്. എട്ടു പേർക്ക് പരിക്കേറ്റു. മിസൈൽ പതിച്ച സ്ഥലത്ത് വലിയ ഗർത്തം രൂപപ്പെടുകയും റോഡിനും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. താൽക്കാലികമായി അടച്ചിട്ട വിമാനത്താവളത്തിെന്റ പ്രവർത്തനം പിന്നീട് പുനരാരംഭിച്ചു.
മിസൈൽ കുതിച്ചെത്തിയപ്പോൾ രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിൽ സൈറൺ മുഴങ്ങി. മിസൈൽ തടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. പരാജയത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് ഇസ്രായേൽ വ്യോമസേന വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
വിമാനത്താവളത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. ട്രെയിൻ സർവിസും നിർത്തിവെച്ചു. തങ്ങളെ ആക്രമിക്കുന്നവരെ ഏഴ് മടങ്ങ് ശക്തമായി തിരിച്ചാക്രമിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഇസ്രായേൽ വിമാനത്താവളം വ്യോമഗതാഗതത്തിന് സുരക്ഷിതമായിരിക്കില്ലെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ പറഞ്ഞു. ഗസ്സയിലെ ഇസ്രായേൽ യുദ്ധത്തിന് തിരിച്ചടിയായി ഹൂതികൾ നടത്തുന്ന തിരിച്ചടിയിൽ ഏറ്റവും ശക്തമായതാണ് ഞായറാഴ്ചയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

