Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശത്രു രാജ്യങ്ങൾക്ക് മുന്നറിയിപ്പ്! ബഹിരാകാശത്ത് ആയുധങ്ങൾ വിന്യവിച്ചതായി യു.എസ്; വെളിപ്പെടുത്തി എയർഫോഴ്‌സ് സെക്രട്ടറി

text_fields
bookmark_border
Troy Meink - Photo Credit: The Sunday Guardian
cancel
camera_alt

ട്രോയ് മീങ്ക് - ഫോട്ടോ ക്രെഡിറ്റ് : ദി സൺ‌ഡേ ഗാർഡിയൻ

വാഷിങ്ടൺ: ഭൂമിയുടെ ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. പതിറ്റാണ്ടുകളായി ഊഹാപോഹങ്ങൾ മാത്രം നിലനിന്നിരുന്ന വിഷയത്തിലാണ് യു.എസ് വ്യോമസേനാ സെക്രട്ടറി ട്രോയ് മീങ്ക് (Air Force Secretary Troy Meink) വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനക്കും റഷ്യക്കും കടുത്ത മുന്നറിയിപ്പുമായി മേരിലാൻഡിൽ നടന്ന എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിലാണ് അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തിയത്.

ചരിത്രത്തിൽ ആദ്യമായാണ് ഭൂമിയുടെ ഭ്രമണപഥത്തിൽ ആയുധങ്ങളുണ്ടെന്ന് യു.എസ് പരസ്യമായി സമ്മതിക്കുന്നത്. ജോയിന്റ് ഫോഴ്സിനെ ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള 'സ്പേസ് കൺട്രോൾ' ആയുധങ്ങൾ ഭ്രമണപഥത്തിലുണ്ടെന്നാണ് ട്രോയ് മീങ്കിന്റെ വെളിപ്പെടുത്തൽ. ഈ അത്യാധുനിക സംവിധാനങ്ങൾ പ്രതിരോധ ആവശ്യങ്ങൾക്കും ഒപ്പം കമാൻഡുകളുടെ നിർദ്ദേശപ്രകാരം ആക്രമണങ്ങൾക്കും ഉപയോഗിക്കാമെന്ന് സ്പേസ് ഫോഴ്സ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

2007 മുതൽ തന്നെ റഷ്യയും ചൈനയും ബഹിരാകാശ ആയുധങ്ങൾ പരീക്ഷിക്കുകയും അവ പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. ശത്രുരാജ്യങ്ങളുടെ ഇത്തരം നടപടികൾ കാരണം ബഹിരാകാശം ഇപ്പോൾ പൂർണമായും ഒരു യുദ്ധക്കളമായി മാറി കഴിഞ്ഞുവെന്നാണ് പെന്റഗന്റെ വിലയിരുത്തൽ. ആശയവിനിമയത്തിലെ തെറ്റിധാരണകൾ ഒഴിവാക്കുന്നതിനും ശത്രുക്കൾക്ക് ശക്തമായ പ്രതിരോധ സന്ദേശം നൽകുന്നതിനുമാണ് നിലവിലെ പരസ്യപ്രഖ്യാപനം എന്ന് സ്പേസ് ഫോഴ്സ് വക്താവ് പറഞ്ഞു.

ആധുനിക യുദ്ധമുറകളിൽ ജി.പി.എസ്, ആശയവിനിമയ ശൃംഖലകൾ, ഇൻ്റലിജൻസ്, ടാർഗെറ്റിങ് ഡാറ്റ എന്നിവ നൽകുന്നതിൽ ഉപഗ്രഹങ്ങളുടെ (Satellites) പങ്ക് നിർണായകമാണ്. ശത്രുരാജ്യങ്ങൾ ഈ ഉപഗ്രഹങ്ങളെ തകർക്കാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ വിദഗ്ധർ കാലങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. അത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ അത് സൈനിക നീക്കങ്ങളെ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരുടെ ദൈനംദിന ആശയവിനിമയ സംവിധാനങ്ങളെയും ഗുരുതരമായി ബാധിക്കും. എന്നിരുന്നാലും, ഭ്രമണപഥത്തിൽ അമേരിക്ക വിന്യവിച്ചിരിക്കുന്ന ആയുധങ്ങളുടെ കൃത്യമായ സ്വഭാവമെന്തെന്നോ, അവ എത്രകാലമായി അവിടെയുണ്ടെന്നോ ഉള്ള വിവരങ്ങൾ വ്യോമസേനാ സെക്രട്ടറി വെളിപ്പെടുത്തിയിട്ടില്ല.

സൈബർ ആയുധങ്ങൾ, ലേസർ സംവിധാനങ്ങൾ, അല്ലെങ്കിൽ മറ്റ് ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ എന്നിവ ബഹിരാകാശ ആയുധങ്ങളുടെ കൂട്ടത്തിൽപ്പെടാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഭ്രമണപഥത്തിൽ വെച്ചുള്ള ഏതൊരു സായുധ സംഘട്ടനവും ഭാവിയിൽ വലിയ ഭീഷണികൾ സൃഷ്ടിച്ചേക്കാം. യുദ്ധത്തിൽ തകരുന്ന ഉപഗ്രഹങ്ങളുടെ ഭാഗങ്ങൾ അതിവേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങളായി മാറുകയും, ഇത് ഭാവിയിൽ മറ്റ് ബഹിരാകാശ പേടകങ്ങളുടെ സുരക്ഷിത യാത്രക്കും വിക്ഷേപണങ്ങൾക്കും കനത്ത വെല്ലുവിളിയാവുകയും ചെയ്യും. ഭാവിയിൽ ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള സൈനിക മത്സരം ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് പൂർണമായി വ്യാപിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് യു.എസിന്റെ പുതിയ വെളിപ്പെടുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air Force Secretary reveals US has deployed weapons in space
Next Story