വടക്കൻ ഗസ്സക്ക് സഹായ വിലക്ക്; ബന്ദി മോചനം വൈകിച്ച് ഹമാസ്
text_fieldsവെള്ളിയാഴ്ച ഇസ്രായേൽ വിട്ടയച്ച ഫലസ്തീനികൾക്ക് നൽകിയ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നൽകിയ വരവേൽപ്
ജറൂസലം: വാക്കുകൾ മുറിഞ്ഞ്, ഹൃദയം നിറഞ്ഞ്, കണ്ണുകൾ സജലങ്ങളായി രണ്ടാം നാളിലും അവരെത്തി. വെസ്റ്റ് ബാങ്കിലെ ഓഫർ ജയിലിലെത്തിച്ച ഫലസ്തീനികളും റഫ അതിർത്തി വഴി ഇസ്രായേലികളുമാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഒരു കുറ്റവും ചുമത്താതെ വർഷങ്ങൾ തടവറയിലിട്ട ആയിരക്കണക്കിന് ഫലസ്തീനികളിൽ പെട്ടവരാണ് വെടിനിർത്തലിന്റെ ആദ്യ ദിവസം പുറത്തെത്തിയത്. സ്കൂൾ വിദ്യാർഥികളായിരിക്കെ ഇസ്രായേൽ പൊലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചവർ വരെ മോചിതരായവരിൽ പെടും. രണ്ടാം ദിവസം മോചിപ്പിക്കുന്നവരുടെ പട്ടിക ഹമാസ് പുറത്തുവിട്ടെങ്കിലും കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി വടക്കൻ ഗസ്സയിലേക്ക് സഹായട്രക്കുകൾക്ക് പ്രവേശനം വിലക്കുന്നുവെന്നതു നിരത്തി മോചനം അവർ വൈകിച്ചു.
നാലു ദിവസത്തെ വെടിനിർത്തലിൽ ഹമാസ് ബന്ദിയാക്കിയ 50 പേരും ഇസ്രായേൽ ജയിലുകളിലുള്ള വെസ്റ്റ്ബാങ്ക്, ജറൂസലം മേഖലകളിലെ 150 ഫലസ്തീനികളെയുമാണ് മോചിപ്പിക്കുക. തുടർന്നുള്ള ഓരോ 10 ബന്ദിയെയും മോചിപ്പിച്ചാൽ ഒരു ദിവസം വെടിനിർത്തൽ നീട്ടുമെന്നും കരാർ വ്യക്തമാക്കുന്നു. എന്നാൽ, വെടിനിർത്തൽ ചൊവ്വാഴ്ച കഴിഞ്ഞും തുടരുമെന്നാണ് ചർച്ചകൾ നൽകുന്ന സൂചനയെന്ന് മധ്യവർത്തികളിലൊരാളായ ഈജിപ്ത് അധികൃതർ സൂചന നൽകുന്നു. വാഷിങ്ടൺ: നാലു ദിവസത്തെ വെടിനിർത്തൽ കൂടുതൽ നീട്ടാൻ സാധ്യതയും പ്രതീക്ഷയും പങ്കുവെച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഈ സാധ്യതകൾ ‘യഥാർഥ’മാണെന്നാണ് കരുതുന്നതെന്ന് വെള്ളിയാഴ്ച മാധ്യമ പ്രവർത്തകരോട് ബൈഡൻ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കൽ ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹമാസിനെ ഉന്മൂലനം ചെയ്യൽ ഇസ്രായേലിന്റെ നിയമാനുസൃത ദൗത്യമായാണ് മനസ്സിലാക്കുന്നതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
കരാറിന്റെ ഭാഗമായി റഫ അതിർത്തി വഴി ചരക്കുകൾ എത്തുന്നതും തുടരുന്നുണ്ട്. 200 ട്രക്കുകൾ വരെ ഒരു ദിവസം കടത്തിവിടുമെന്നാണ് കരാർ. ഭക്ഷണം, ആശുപത്രി മരുന്നുകൾ, അവശ്യവസ്തുക്കൾ, ഇന്ധനം അടങ്ങിയവ ആകും ട്രക്കുകൾ വഴി എത്തുക.
അതിനിടെ, കനത്ത ബോംബിങ്ങിൽ വീടുവിട്ടിറങ്ങേണ്ടിവന്ന പതിനായിരങ്ങളും മടങ്ങുകയാണ്. വീടുകൾ ചാരമായും ഉറ്റവർ കൊല്ലപ്പെട്ടും നിരവധി പേരെ വേദനകൾ വേട്ടയാടുമ്പോഴും പിറന്ന മണ്ണിലേക്ക് മടങ്ങുന്നവരാണ് ഏറെ പേരും. വടക്കൻ ഗസ്സയിൽ പകുതിയിലേറെ താമസ കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. അവിടേക്ക് മടങ്ങരുതെന്ന് ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഫലസ്തീനികൾ അത് ചെവികൊടുത്തില്ല.
ഇസ്രായേൽ ചരക്കുകപ്പലിനു നേരെ ആക്രമണം
ദുബൈ: ഇസ്രായേൽ ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമണം. ഇസ്രായേലിനെതിരെ ലോകം മുഴുക്കെ പ്രതിഷേധം പടരുന്നതിനിടെയാണ് സി.എം.എ സി.ജി.എം സിമി കപ്പലിൽ ഡ്രോൺ പതിച്ചത്. മാൾട്ട പതാക വഹിക്കുന്ന കപ്പലിനു നേരെ ഇറാൻ നിർമിത ശഹീദ്-136 ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. കപ്പലിനകത്ത് പൊട്ടിത്തെറിച്ച ഡ്രോൺ കേടുപാടുകൾ സൃഷ്ടിച്ചെങ്കിലും ജീവനക്കാരിൽ ആർക്കും പരിക്കില്ല. അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു ഇറാൻ കപ്പലിനു നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്.
ഇസ്രായേൽ ശതകോടീശ്വരനായ ഇഡൻ ഓഫറുടെ ഈസ്റ്റേൺ പസഫിക് ഷിപ്പിങ് എന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സിമി കപ്പൽ. കഴിഞ്ഞ ദിവസം യമനിൽ ഹുദൈദക്കു സമീപം ചെങ്കടലിൽ ഒരു കപ്പൽ ഹൂതികൾ റാഞ്ചിയിരുന്നു. എല്ലാത്തിനു പിന്നിലും ഇറാനാണെന്നാണ് അമേരിക്കൻ ഭാഷ്യം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നു പറഞ്ഞ യു.എസ് അധികൃതർ ഇറാൻ ബന്ധത്തിന് തെളിവൊന്നും നിരത്തിയിട്ടില്ല. ദിവസങ്ങൾക്കു മുമ്പ് ദുബൈയിൽനിന്ന് പുറപ്പെട്ട നാൾ മുതൽ കപ്പൽ പിന്തുടരുന്ന സംവിധാനം ഓഫ് ചെയ്തുവെച്ചിരുന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം സംബന്ധിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല.
മൊത്തം ഫലസ്തീനി തടവുകാർ 7200
ഗസ്സ: ഇസ്രായേൽ തടവറകളിൽ കഴിയുന്നത് 7200 ഫലസ്തീനികളെന്ന് ഫലസ്തീനിയൻ പ്രിസണേഴ്സ് ക്ലബ് ഡയറക്ടർ ഖദുറ ഫാരിസ്. ഇതിൽ 2200 പേരെ പിടികൂടിയത് ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷമാണ്. 1967ൽ ഫലസ്തീനുമേൽ ഇസ്രായേൽ സമഗ്രാധിപത്യം നേടിയ ശേഷം വിവിധ കാലഘട്ടങ്ങളിലായി ഏഴര ലക്ഷം ഫലസ്തീനികൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതേ സമയം, മുഴുവൻ ഫലസ്തീൻ തടവുകാരുടെയും മോചനമാണ് ഹമാസ് ആവശ്യപ്പെടുന്നത്. സിവിലിയന്മാരെ മോചിപ്പിക്കുന്നതിലെ ഉദാരനിലപാട് ആയിരിക്കില്ല സൈനികരുടെ മോചനകാര്യത്തിലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. 2011ൽ ഗിലാദ് ഷാലിത് എന്ന ഒരൊറ്റ ഇസ്രായേലി സൈനികന് പകരമായി ആയിരത്തിലധികം ഫലസ്തീനികളെ ഇസ്രായേൽ മോചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫലസ്തീനികൾക്ക് പ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

