എ.ഐ, ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾ ഇസ്രായേലിന് വിറ്റിരുന്നു -സമ്മതിച്ച് മൈക്രോസോഫ്റ്റ്; ഗസ്സക്കാർക്കെതിരെ ഉപയോഗിച്ചതിന് തെളിവില്ലെന്ന്
text_fieldsവാഷിങ്ടൺ: ഗസ്സയിൽ ആക്രമണം നടത്തുന്ന സമയത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങൾ ഇസ്രായേലിന് വിറ്റിരുന്നെന്ന് വെളിപ്പെടുത്തി മൈക്രോസോഫ്റ്റ്. എന്നാൽ, ഈ സാങ്കേതിക വിദ്യകൾ ഗസ്സയിലെ ആളുകളെ ലക്ഷ്യമിടുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉപയോഗിച്ചതായി തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ കോർപറേറ്റ് വെബ്സൈറ്റിലെ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. അസൂർ ക്ലൗഡ് സ്റ്റോറേജും അസൂർ എ.ഐ സേവനങ്ങളുമാണ് ഇസ്രായേലിന് നൽകിയത്.
കരാറുകൾക്ക് പുറത്ത് സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അനുമതിയും പരിമിതമായ അടിയന്തര സഹായവും നൽകി. ഇസ്രായേലി ബന്ദികളെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കായിരുന്നു ഇവ നൽകിയതെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. ജീവനക്കാരുടെ പരാതികളുടെയും മാധ്യമ റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിൽ പുറത്തുള്ള ഏജൻസിയാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയതെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, ഏത് ഏജൻസിയാണ് അന്വേഷണം നടത്തിയതെന്നും ഏതൊക്കെ കാര്യങ്ങൾക്ക് വേണ്ടിയാണ് ഇസ്രായേൽ സൈന്യം എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും വിശദീകരിക്കാൻ മൈക്രോസോഫ്റ്റ് തയാറായില്ല.
ഗസ്സയിൽ കുഞ്ഞുങ്ങളടക്കം പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നുതള്ളിയ യുദ്ധത്തിൽ മൈക്രോസോഫ്റ്റിന്റെ വ്യക്തമായ പങ്കാളിത്തത്തെക്കുറിച്ച് ആദ്യമായാണ് കമ്പനി തുറന്ന് സമ്മതിക്കുന്നത്. അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റിന് ഇസ്രായേലി പ്രതിരോധ മന്ത്രാലയവുമായുള്ള അടുത്ത പങ്കാളിത്തത്തെക്കുറിച്ച് അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്ന് മൂന്നു മാസത്തിനുശേഷമാണ് ഇക്കാര്യം മൈക്രോസോഫ്റ്റ് സമ്മതിച്ചത്.
ടെക് കമ്പനികൾ എ.ഐ ഉൽപന്നങ്ങൾ ഇസ്രായേൽ, യുക്രെയ്ൻ, യു.എസ് തുടങ്ങിയ രാജ്യങ്ങളുടെ സൈന്യത്തിന് വലിയ തോതിൽ വിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. നിരപരാധികളായവരെ ആക്രമിക്കാൻ എ.ഐ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

