തുർക്കിയയിൽ തുടർഭൂചലനം; ഒരു മരണം
text_fieldsഅങ്കാറ: ഭൂചലനം മൂന്നാഴ്ചമുമ്പ് സംഹാരതാണ്ഡവമാടിയ തുർക്കിയയിൽ തുടർ ചലനങ്ങൾ അടങ്ങുന്നില്ല. തിങ്കളാഴ്ച ദക്ഷിണ തുർക്കിയയിലുണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിച്ചു. നേരത്തെയുണ്ടായ ഭൂചലനത്തിൽ വിള്ളൽ വീണ ചില കെട്ടിടങ്ങൾ നിലംപൊത്തി. 69 പേർക്ക് പരിക്കേറ്റു. മലാത്യ പ്രവിശ്യയിലെ യെസില്യൂർട് നഗരത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു.
രണ്ടു ഡസനിലധികം കെട്ടിടങ്ങളാണ് തകർന്നുവീണത്. തകർന്ന കെട്ടിടത്തിനുള്ളിൽനിന്ന് സാധനങ്ങൾ എടുക്കാൻ ശ്രമിച്ച പിതാവും മകളും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി യെസില്യൂർട് മേയർ അറിയിച്ചു. രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നുണ്ട്.
ദക്ഷിണ തുർക്കിയയിലും വടക്കൻ സിറിയയിലുമായി ഫെബ്രുവരി ആറിനുണ്ടായ ഭൂചലനത്തിൽ 48,000ത്തിലധികം പേരാണ് മരിച്ചത്. ഈ സംഭവത്തിനുശേഷം മേഖലയിൽ ഇതുവരെ പതിനായിരത്തോളം തുടർചലനങ്ങളുണ്ടായിട്ടുണ്ട്.