Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ പ്രതിനിധികൾ...

അമേരിക്കൻ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക്, യു.എസ്-ഇറാൻ നയതന്ത്ര ചർച്ചക്ക് വഴിതുറക്കുന്നു; പശ്ചിമേഷ്യ സമാധാനത്തിലേക്ക്

text_fields
bookmark_border
അമേരിക്കൻ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക്,  യു.എസ്-ഇറാൻ നയതന്ത്ര ചർച്ചക്ക് വഴിതുറക്കുന്നു; പശ്ചിമേഷ്യ സമാധാനത്തിലേക്ക്
cancel

ബേൺ: പശ്ചിമേഷ്യയിലെ യുദ്ധത്തിന് വിരാമമിടാൻ യു.എസും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായുള്ള നയതന്ത്ര ചർച്ചകൾക്ക് സ്വിറ്റ്സർലൻഡ് വേദിയാകുന്നു. യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നിലവിൽ സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു കഴിഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും മുതിർന്ന ഉപദേശകനുമായ ജാരെദ് കുഷ്നർ നേരത്തെ തന്നെ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ആദ്യഘട്ട ചർച്ചകൾക്കാണ് സ്വിറ്റ്സർലൻഡിലെ പർവത റിസോർട്ടായ ബർഗൻസ്റ്റോക്കിൽ വേദിയൊരുങ്ങുന്നത്. ലബനാനിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ വീണ്ടും പോരാട്ടം കടുത്തതിനെത്തുടർന്ന് വെള്ളിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന ചർച്ചകൾ താൽക്കാലികമായി മാറ്റിവെച്ചിരുന്നു. എന്നാൽ യു.എസും ഖത്തറും ഇറാന്റെ സഹായത്തോടെയും നടത്തിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ ലബനാനിൽ പുതിയ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് ചർച്ചകൾക്കായി വീണ്ടും തയാ​റെടുപ്പുകൾ ഒരുങ്ങിയത്.

സ്റ്റീവ് വിറ്റ്കോഫിന് പുറമേ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ച സ്വിറ്റ്സർലൻഡിലേക്ക് എത്തിയേക്കുമെന്നാണ് വിവരം. എന്നാൽ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. ലബനാനിലെ വെടിനിർത്തൽ കരാർ പൂർണമായും നടപ്പിലാകുന്നത് യു.എസ്-ഇറാൻ ചർച്ചകളുടെ ഭാവി നിശ്ചയിക്കുന്നതിൽ നിർണായകമാണ്.

വെടിനിർത്തൽ ലംഘിക്കപ്പെട്ടാൽ അത് ചർച്ചകളെ ബാധിക്കുമെന്ന് അരാഗ്ചി വിദേശ നേതാക്കളെ അറിയിച്ചിട്ടുണ്ട്. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി വെള്ളിയാഴ്ച തന്നെ സ്വിറ്റ്സർലൻഡിൽ എത്തി സ്വിസ് വിദേശകാര്യമന്ത്രി ഇഗ്നാസിയോ കാസിസുമായി കൂടിക്കാഴ്ച നടത്തി. ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ദോഹ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

യു.എസും ഇറാനും തമ്മിലുണ്ടാക്കിയ 14 ഇന ധാരണാപത്ര പ്രകാരം ലബനാൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഉടനടി സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിത പാത ഇറാൻ പുനഃസ്ഥാപിക്കുകയും യു.എസ് തങ്ങളുടെ നാവിക ഉപരോധങ്ങൾ നീക്കാനും ധാരണയായിട്ടുണ്ട്. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുക, ഇറാന്റെ എണ്ണ കയറ്റുമതിക്ക് യു.എസ് ട്രഷറിയുടെ അനുമതി നൽകുക എന്നിവയും കരാറിന്റെ ഭാഗമാണ്.

60 ദിവസത്തെ കാലാവധിക്കുള്ളിൽ ഇറാന്റെ ആണവപദ്ധതി ഉൾപ്പെടെയുള്ള തർക്കവിഷയങ്ങളിൽ ഇരുവിഭാഗവും സാങ്കേതിക ചർച്ചകളിലൂടെ അന്തിമ കരാറിലെത്തണം. യു.എസ്, ഇറാൻ, ഖത്തർ, പാകിസ്താൻ എന്നിവർ പങ്കെടുക്കുന്ന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചർച്ചകളുടെ പുതിയ തീയതി ഔദ്യോഗികമായി ഉടൻ പ്രഖ്യാപിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelSwitzerlandMoULebanonCeasefire TalkSteve WitkoffUS Iran WarAbbas Araghchi
News Summary - After US envoy leaves for talks, Iran's Araghchi to travel to Switzerland today
Next Story