പശ്ചിമേഷ്യ എങ്ങോട്ട്?; ആശങ്കയുടെ മുൾമുനയിൽ ലോകം
text_fieldsലണ്ടൻ: ‘ഇസ്രായേൽ ഇറാനെതിരെ, എങ്കിൽ ലോകം ഇറാനെതിരെ. നയപരമായ ഈ നേട്ടം ഇസ്രായേലിന്റെ സുരക്ഷക്കായി പ്രയോജനപ്പെടുത്താൻ നമുക്കാകണം’’- ഇറാനിൽനിന്നുള്ള മിസൈലുകളും ഡ്രോണുകളും ആക്രമണവുമായി എത്തിയതിന് പിറകെ ഇസ്രായേൽ പ്രതിപക്ഷ നേതാവ് യൊആവ് ഗാലന്റിന്റെതാണ് വാക്കുകൾ.
ഏപ്രിൽ ഒന്നിന് ഇസ്രായേൽ നടത്തിയ എംബസി ആക്രമണത്തിന് ദിവസങ്ങൾക്കു ശേഷം ഒരേ സമയം നൂറുകണക്കിന് മിസൈലുകൾ വർഷിച്ച് ഇറാൻ തിരിച്ചടിക്കുമ്പോൾ ലോകം ഞെട്ടലിലാണ്. ഗസ്സയിലെ നിരപരാധികളുടെ ജീവനെടുത്ത് വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെ ഏറെ പണിപ്പെട്ട് മൗനം തുടരുന്ന വൻശക്തികളേറെയും ഇറാൻ ആക്രമണത്തിനു തൊട്ടുപിന്നാലെ കടുത്ത ഭാഷയിൽ അപലപിച്ച് രംഗത്തെത്തി. ഇസ്രായേലിന് സ്വയം പ്രതിരോധം അവകാശമാണെന്നും അതിന് എത്രവേണേലും സഹായം നൽകുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
ഗസ്സയിലെ അറുതിയില്ലാത്ത കുരുതി ലോക മനഃസാക്ഷിയെ ഞെട്ടിക്കുകയും എല്ലാ കോണുകളിൽനിന്നും എതിർപ്പുയരുകയും ചെയ്യുമ്പോൾ വിഷയം വഴിതിരിഞ്ഞുപോകൽ ഇസ്രായേലിന് നിർബന്ധമാണ്. ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ തകർക്കാനും തുടങ്ങിയ ആക്രമണം ഒന്നും നേടാനാകാതെ ആറുമാസം പിന്നിട്ടു.
ഹമാസ് പിടിയിലുള്ള ബന്ദികളിലേറെയും മരിച്ചുകഴിഞ്ഞെന്ന് അമേരിക്ക ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഹമാസ് നേതൃത്വമാകട്ടെ, കാര്യമായ നഷ്ടങ്ങളില്ലാതെ ഇപ്പോഴും സുരക്ഷിതരും. നെതന്യാഹുവിനെതിരെ അതിശക്തമാണ് രാജ്യത്തിനകത്ത് പ്രതിഷേധം. എന്നും കൂട്ടുനിന്ന വൻശക്തി രാജ്യങ്ങൾ വരെ എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇറാന്റെ ആക്രമണം. അമേരിക്കയടക്കം രാജ്യങ്ങളെ മുന്നിൽനിർത്തി യുദ്ധം ഇറാനെതിരെ ആക്കി മാറ്റാനായാൽ ഗസ്സയിലെ സമാനതകളില്ലാത്ത ക്രൂരതകൾ ഒരുവിധം മറച്ചുപിടിക്കാനാകുമെന്നതാണ് ആശ്വാസം.
പതിറ്റാണ്ടുകളായി ഒളിഞ്ഞുള്ള നീക്കങ്ങളാണ് ഇറാനും ഇസ്രായേലും പരസ്പരം നയിച്ചുകൊണ്ടിരുന്നത്. അയൽപക്കത്ത് ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുല്ല, ഹൂതി തുടങ്ങിയവ ഇസ്രായേലിനെതിരെ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇസ്രായേലാകട്ടെ, ഇറാൻ നേതൃത്വത്തെ ഇല്ലാതാക്കാനാണ് ഏറെയായി ശ്രമം നടത്തിയത്.
2021ൽ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്റിസാദയെയും 2022ൽ റവലൂഷനറി ഗാർഡ്സ് കമാൻഡർ സയാദ് ഖുദാഈയെയും വധിച്ചവർ അവസാനം ഏപ്രിൽ ഒന്നിന് ഖുദ്സ് സേന കമാൻഡർ മുഹമ്മദ് റിസ സഹേദിയെയും ഇല്ലാതാക്കി. ഏറെയായി വാക്കിലൊതുക്കിയ പ്രതികാരമാണ് ഒടുവിൽ ഇറാൻ പരസ്യമാക്കിയത്. ഇത് മറ്റുള്ളവർ കൂടി ഏറ്റെടുത്ത് തങ്ങളെ രക്ഷിക്കണമെന്ന ഇസ്രായേലിന്റെ മോഹം ഇത്തവണ വിജയം കാണുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ആക്രമണത്തിനുടൻ ഞായറാഴ്ച ചേർന്ന് ഇസ്രായേൽ യുദ്ധ മന്ത്രിസഭ യോഗം പ്രത്യേക തീരുമാനമൊന്നുമെടുക്കാതെയാണ് പിരിഞ്ഞത്. എന്നാൽ, ആക്രമണം തന്നെയാണ് വഴിയെന്ന് തീരുമാനിച്ചാൽ പശ്ചിമേഷ്യ വീണ്ടും വലിയ യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

