പാകിസ്താനു പിന്നാലെ ബംഗ്ലാദേശിലും മ്യാന്മറിലും ചൈനയുടെ ഇടപെടൽ; ഇന്ത്യക്ക് ഭീഷണിയായി പുതിയ സാമ്പത്തിക ഇടനാഴി
text_fieldsബീജിങ്: പാകിസ്താനു പിന്നാലെ ബംഗ്ലാദേശിലും മ്യാന്മറിലും സ്വാധീനം ഉറപ്പിക്കാൻ പുതിയ സാമ്പത്തിക ഇടനാഴിയുമായി ചൈന. ഇന്ത്യയുടെ കിഴക്കൻ അതിർത്തികൾ ലക്ഷ്യമിട്ടുള്ള ‘ചൈന-മ്യാന്മർ-ബംഗ്ലാദേശ് സാമ്പത്തിക ഇടനാഴി’ എന്ന പദ്ധതി ചൈന വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വലിയ തിരിച്ചടിയാകുന്നതാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
ചൈനയുടെ യുനാൻ പ്രവിശ്യയിലെ കുൻമിങ്ങിൽനിന്ന് ആരംഭിച്ച് മ്യാന്മറിലെ മണ്ഡലേ വഴി ബംഗാൾ ഉൾക്കടലിലേക്ക് എത്തുന്നതാണ് ഈ പദ്ധതി. അവിടെനിന്ന് രണ്ട് ശാഖകളായി തിരിഞ്ഞ് യാങ്കൂണിലേക്കും മ്യാന്മറിലെ റാഖൈൻ സ്റ്റേറ്റിലുള്ള ക്യൂക്ഫ്യു ഡീപ്-സീ പോർട്ടിലേക്കും ഇത് നീളും. തുടർന്ന് റാഖൈൻ വഴി ബംഗ്ലാദേശിലേക്ക് പദ്ധതി വ്യാപിപ്പിച്ച് ചട്ടഗ്രാം, കോക്സ് ബസാർ തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനാണ് ചൈനയുടെ നീക്കം. ഇതുവഴി ബംഗാൾ ഉൾക്കടലിൽ നേരിട്ട് പ്രവേശനം നേടാൻ ബീജിങ്ങിന് സാധിക്കും.
ജൂൺ 22ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ബീജിങ് സന്ദർശിച്ചപ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചയിലാണ് ഈ വിഷയം ഉന്നയിക്കപ്പെട്ടത്. പതിനഞ്ച് വർഷം മുമ്പ് മുന്നോട്ടുവെച്ച ‘ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാന്മർ’ ഇടനാഴിയുടെ പുതിയ രൂപമാണ് ഈ പദ്ധതിയെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയെക്കൂടി ഇതിൽ ഉൾപ്പെടുത്താൻ താൽപര്യമുണ്ടെന്നും അവർ അവകാശപ്പെടുന്നുണ്ട്.
പടിഞ്ഞാറ് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി വഴി അറബിക്കടലിൽ പ്രവേശനം നേടിയ ചൈന, ഇപ്പോൾ കിഴക്ക് ബംഗാൾ ഉൾക്കടലിലും പിടിമുറുക്കുകയാണ്. സിപെക് ഇടനാഴി പാക് അധീന കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ വഴി കടന്നുപോകുന്നതിനാൽ ഇന്ത്യ ഇതിനെ നേരത്തെ തന്നെ ശക്തമായി എതിർത്തിരുന്നു. ഇരുവശത്തുനിന്നും ഇന്ത്യയെ തന്ത്രപരമായി വളയാനുള്ള ചൈനയുടെ നീക്കമാണിതെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പദ്ധതി പ്രഖ്യാപനത്തിൽ ചൈന വലിയ താൽപര്യം കാണിക്കുമ്പോഴും വലിയ വെല്ലുവിളികൾ ഇതിനുണ്ട്. ഇടനാഴിയുടെ പ്രധാന ഭാഗം കടന്നുപോകുന്ന മ്യാന്മറിലെ റാഖൈൻ പ്രദേശം നിലവിൽ രൂക്ഷമായ ആഭ്യന്തരയുദ്ധം നടക്കുന്ന മേഖലയാണ്. ജൂന്ത ഭരണകൂടത്തിന് അഞ്ചിലൊന്ന് ഭൂമിയിൽ മാത്രമാണ് നിയന്ത്രണമുള്ളത്. ബാക്കി ഭാഗം വിമത സേനകളുടെയും വംശീയ വിഭാഗങ്ങളുടെയും നിയന്ത്രണത്തിലാണ്. 2021ൽ ഒപ്പുവെച്ച മണ്ഡലേ-ക്യൂക്ഫ്യു റെയിൽവേ പദ്ധതി ഇതുവരെയും തുടങ്ങാൻ സാധിച്ചിട്ടില്ല.
ബംഗ്ലാദേശ് ഇതുവരെ ഔദ്യോഗികമായി പദ്ധതിയിൽ ഒപ്പുവെച്ചിട്ടില്ല. പദ്ധതി പരിശോധിച്ചുവരികയാണെന്നും മ്യാന്മറിൽ സമാധാനം പുനഃസ്ഥാപിക്കാതെ അതിർത്തി കടന്നുള്ള പാത സാധ്യമല്ലെന്നുമാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖലീലുർ റഹ്മാൻ ജൂൺ 27ന് മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്ത്യയുടെ ആശങ്കകളും ബൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനോടുള്ള എതിർപ്പും കാരണം നേരത്തെ ഉണ്ടായിരുന്ന ബി.സി.ഐ.എം പദ്ധതി 2019ൽ ചൈന ഔദ്യോഗിക പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ബംഗ്ലാദേശുമായി തീസ്ത നദീജല കരാർ അടക്കമുള്ള വിവിധ കരാറുകളിൽ ഒപ്പിട്ടുകൊണ്ട് ചൈന വീണ്ടും തന്ത്രപരമായ ചുവടുവെപ്പുകൾ നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

