നാൻസി പെലോസിക്ക് പിന്നാലെ കൂടുതൽ പ്രതിനിധി സംഘങ്ങൾ തായ്‍വാനിലേക്ക്
text_fieldsവാഷിങ്ടൺ ഡി.സി: നാൻസി പെലോസി തായ്‍വാൻ സന്ദർശിച്ച് 12 ദിവസങ്ങൾക്കകം കൂടുതൽ അമേരിക്കൻ നിയമ പ്രതിനിധി സംഘങ്ങൾ തായ്വാനിലെത്തി. പെലോസിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ചൈന, തായ്‍വാൻ കടലിടുക്കിൽ സൈനികാഭ്യാസം നടത്തുകയും യുദ്ധവിമാനങ്ങൾ വിന്യസിക്കുകയും ചെയ്തിരുന്നു. കൂടുതൽ പ്രതിനിധി സംഘങ്ങൾ എത്തുന്നത് ആക്രമങ്ങൾ വഷളാക്കാൻ കാരണമായേക്കും.
യു.എസ് നിയമജ്ഞരായ എഡ് മാർക്കി, ജോൺ ഗാരമെണ്ടി, അലൻ ലോവെന്തൽ, ഡോൺ ബെയർ, ഓമുവ അമത എന്നിവരാണ് സംഘത്തിലുള്ളവർ. ആഗസ്റ്റ് രണ്ടിനായിരുന്നു പെലോസിയുടെ സന്ദർശനം. ഇതിന് മുമ്പ് 1997ലാണ് ഒരു അമേരിക്കൻ സ്പീക്കർ തായ്‍വാനിലെത്തിയത്. ഉപദ്രവകരവും പ്രകോപനപരവുമായ നീക്കമാണ് അമേരിക്ക നടത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പെലോസിയുടെ സന്ദർശനത്തെ വിമർശിച്ചിരുന്നു.
ചൈനയെ കുറിച്ച് സംസാരിക്കാനായിരുന്നില്ല തായ്‍വാൻ സന്ദർശനമെന്നും തായ്‍വാനുമായുള്ള സൗഹൃദത്തിന്‍റെ ഭാഗമായിരുന്നുവെന്നും പെലോസി അറിയിച്ചിരുന്നു. എന്നാൽ തായ്‍വാനെ സഹായിക്കാൻ അമേരിക്ക തയ്യാറാണെന്ന് പെലോസി കൂട്ടിച്ചേർത്തു. ചൈനയുടെ ശക്തി പ്രകടനങ്ങൾ നടത്തിയപ്പോൾ കിഴക്കൻ തായ്വാനിൽ യു.എസും യുദ്ധക്കപ്പലുകളുമായി സജ്ജമായിരുന്നു.