അരനൂറ്റാണ്ടിന് ശേഷം നാസ വീണ്ടും ചാന്ദ്രദൗത്യത്തിന്
text_fieldsആർട്ടെമിസ് 1 ദൗത്യത്തിലെ എസ്.എൽ.എസ് റോക്കറ്റ്
കേപ് കനാവറൽ: അവസാന അപ്പോളോ ദൗത്യത്തിന് അരനൂറ്റാണ്ടിന് ശേഷം വീണ്ടും ചാന്ദ്രദൗത്യത്തിനൊരുങ്ങി നാസ. 1972ലെ അവസാന അപ്പോളോ ദൗത്യത്തിനു ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്കും ഒടുവിൽ ചൊവ്വയിലേക്കും തിരികെയും എത്തിക്കുന്ന ആർട്ടെമിസ് ദൗത്യവുമായാണ് നാസ എത്തുന്നത്.
322 അടിയുള്ള സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ്) റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ (കെ.എസ്.സി) നിന്ന് ആഗസ്റ്റ് 29ന് പ്രദേശിക സമയം രാവിലെ 8.33ന് വിക്ഷേപിക്കുകയാണ് പദ്ധതി. കാലാവസ്ഥ അനുകൂലമായാലാണ് തിങ്കളാഴ്ച വിക്ഷേപണം നടക്കുക.
അന്ന് നടന്നില്ലെങ്കിൽ സെപ്റ്റംബർ രണ്ട്, അഞ്ച് തീയതികൾ കൂടി നാസ പകരം നിശ്ചയിച്ചിട്ടുണ്ട്. ആർട്ടെമിസ് 1 ദൗത്യത്തിന്റെ പ്രഥമലക്ഷ്യം സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും അതിലുള്ള ഓറിയോൺ ക്രൂ കാപ്‌സ്യൂളും പരീക്ഷിക്കുകയാണ്.
ഇതിലെ ക്രൂ അംഗങ്ങൾക്ക് പകരമുള്ള സെൻസറുകൾ ഘടിപ്പിച്ച ഡമ്മികൾ സഞ്ചാരവിവരങ്ങൾ രേഖപ്പെടുത്തും. 42 ദിവസത്തെ യാത്രയുടെ ഓരോ നിമിഷവും കാമറകൾ പകർത്തുകയും ചന്ദ്രനും ഭൂമിയും പശ്ചാത്തലത്തിൽ വരുന്ന ബഹിരാകാശ പേടകത്തിന്റെ സെൽഫി എടുക്കുകയും ചെയ്യും.
ചന്ദ്രന്റെ ബഹിരാകാശ പരിതസ്ഥിതിയിൽ ഒരു മാസത്തോളം ഇത് നിലനിൽക്കും. ചന്ദ്രന് 100 കി.മീ (60 മൈൽ) ദൂരത്തിൽ ഓറിയോൺ കാപ്‌സ്യൂൾ ചന്ദ്രനുചുറ്റും ഭ്രമണം ചെയ്യും.
തുടർന്ന് എൻജിനുകൾ 40,000 മൈലുകൾക്കപ്പുറത്തേക്ക് വിക്ഷേപിക്കും. 16 അടി വ്യാസമുള്ള കാപ്‌സ്യൂളിന്റെ താപ കവചം പരീക്ഷിക്കുകയാണ് പ്രഥമ ലക്ഷ്യങ്ങളിലൊന്ന്, തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങുമ്പോൾ താപ കവചത്തിന് മണിക്കൂറിൽ 25,000 മൈൽ വേഗവും 2,760 ഡിഗ്രി സെൽഷ്യസ് താപനിലയും നേരിടേണ്ടിവരും. അപ്പോളോക്ക് ശേഷമുള്ള ഏറ്റവും വേഗമേറിയ കാപ്‌സ്യൂൾ തിരിച്ചെത്തലാണിത്. പാരച്യൂട്ടുകൾ വേഗം കുറച്ച ഓറിയോൺ, പസഫിക്കിലെ സാൻ ഡിയാഗോ തീരത്ത് കടലിൽ പതിക്കും.
410 കോടി ഡോളർ (ഏകദേശം 32,788 കോടി രൂപ) ചെലവുവരുന്നതാണ് പദ്ധതി. അടുത്ത ദൗത്യമായ ആർട്ടെമിസ് 2 ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. ആർട്ടെമിസ് 3 സംഘം 2025ൽ ചന്ദ്രനിൽ ഇറങ്ങും. അപ്പോളോ ദൗത്യത്തിലെ യാത്രികർ വെളുത്തവർഗക്കാരായ പുരുഷന്മാരായിരുന്നെങ്കിൽ ഇതിൽ സ്ത്രീയെയും കറുത്തവർഗത്തിൽപെട്ട വ്യക്തിയെയും ഉൾപ്പെടുത്തും.
ഗേറ്റ്‌വേ എന്ന ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയവും ചാന്ദ്രോപരിതലത്തിൽ വിക്ഷേപണത്തറയും സ്ഥാപിച്ച് ചന്ദ്രനിൽ സ്ഥിരം മനുഷ്യസാന്നിധ്യം ഉറപ്പാക്കുക കൂടി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

