യുദ്ധ ഭീഷണിക്കിടെ സിന്ധു നദീജലം വിട്ടുനൽകണമെന്ന അഭ്യർഥനയുമായി പാകിസ്താൻ രംഗത്ത്
text_fieldsഇസ്‌ലാമബാദ്: പാകിസ്താൻ സൈനിക മേധാവിയും മുതിർന്ന രാഷ്ട്രീയ നേതാക്കളും യുദ്ധഭീഷണി മുഴക്കുന്നതിനിടെ, സിന്ധു നദീജല കരാർ ഇന്ത്യ പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് പാക് സർക്കാർ ഇന്ത്യയെ സമീപിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ മരവിപ്പിച്ച കരാർ, പൂർവ സ്ഥിതിയിലാക്കണമെന്ന അഭ്യർഥനയുമായി പാക് വിദേശകാര്യ മന്ത്രാലയമാണ് രംഗത്തെത്തിയത്. വിഷയത്തിൽ തർക്ക പരിഹാര കോടതിയുടെ നിർദേശങ്ങൾ പാലിക്കാൻ തയാറാകണമെന്ന് പാകിസ്താൻ അഭ്യർഥിച്ചു. പാക് സൈനിക മേധാവി ആസിം മുനീറിന്‍റെ ആണവ ഭീഷണിക്കും മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ യുദ്ധഭീഷണിക്കും പിന്നാലെയാണ് പാകിസ്താൻ സർക്കാർ അഭ്യർഥനയുമായി രംഗത്തെത്തിയത്.
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ആഗസ്റ്റ് എട്ടിന് തർക്ക പരിഹാര കോടതി നൽകിയ വ്യാഖ്യാനത്തെ പാകിസ്താൻ സ്വാഗതം ചെയ്തു. പടിഞ്ഞാറൻ നദികളെ ഒഴുക്ക് തടസ്സപ്പെടുത്താതെ പാകിസ്താനിലേക്ക് കടത്തിവിടണമെന്നാണ് കോടതി നിർദേശം. അതിന്‍റെ അടിസ്ഥാനത്തിൽ പുതിയ ജലവൈദ്യുത പദ്ധതികൾ ഈ നദികളിൽ നിർമിക്കുന്നതിൽ ഇന്ത്യ കരാറിലെ വ്യവസ്ഥകൾ പാലിക്കണം. എന്നാൽ, തർക്ക പരിഹാര കോടതിയുടെ നിർദേശങ്ങൾ അംഗീകരിക്കുന്നതായി ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ല. ഏപ്രിൽ 22നുണ്ടായ ഭീകരാക്രമണത്തിന് പാകിസ്താന്‍റെ പിന്തുണയുണ്ടെന്ന് കാണിച്ചാണ് 1960ലെ സിന്ധു നദീജല കരാറിൽനിന്ന് ഇന്ത്യ പിന്മാറിയത്.
നേരത്തെ, യു.എസ് സന്ദർശനത്തിനിടെയായിരുന്നു ആസിം മുനീർ ആണവ യുദ്ധ ഭീഷണിയുമായി രംഗത്തുവന്നത്. സിന്ധുനദി ഇന്ത്യയുടെ കുടുംബ സ്വത്തല്ല. ദൈവം സഹായിച്ച് ഞങ്ങൾക്ക് മിസൈൽ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇനിയും ഭീഷണി ഉയർന്നാൽ ആണവായുധങ്ങൾ പ്രയോഗിക്കും. ഇന്ത്യയുടെ കിഴക്ക് ഭാഗത്തു നിന്നാവും പാകിസ്താൻ ആക്രമണം തുടങ്ങുക. അവിടെയാണ് ഏറ്റവും വിലകൂടിയ സമ്പത്തുകൾ ഉള്ളത്. അവിടെ നിന്നും പടിഞ്ഞാറൻ ഭാഗത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും ആസിം മുനീർ പറഞ്ഞു.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ബിലാവൽ ഭൂട്ടോയും ഇന്ത്യക്കെതിരെ യുദ്ധം വേണ്ടിവന്നേക്കാമെന്ന പരാമർശവുമായി രംഗത്തെത്തി. “നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ പാകിസ്താന് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മോദിക്കും പ്രകോപനങ്ങൾക്കുമെതിരെ നമ്മൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആറ് നദികളുടെയും നിയന്ത്രണം തിരിച്ചുപിടിക്കാൻ, യുദ്ധത്തിനുള്ള ശക്തി പാകിസ്താനിലെ ജനങ്ങൾക്കുണ്ട്. ഇന്ത്യ ഇതേരീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ, രാജ്യതാൽപര്യം സംരക്ഷിക്കാൻ ചിലപ്പോൾ നമുക്ക് ഏതറ്റം വരെയും പോകേണ്ടിവന്നേക്കാം. യുദ്ധം നമ്മളായിട്ട് തുടങ്ങില്ല. എന്നാൽ സിന്ദൂർ പോലുള്ള സൈനിക നീക്കങ്ങൾ നടത്തിയാൽ അത് യുദ്ധത്തിലേക്ക് നീങ്ങും. ഞങ്ങളൊരിക്കലും തല കുനിക്കില്ല” -തിങ്കളാഴ്ച സിന്ധ് സർക്കാറിന്‍റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ബിലാവൽ ഭൂട്ടോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

