ലോകത്തിന്റെ ഉള്ളുലച്ച ആ ചിത്രം നിക് ഉട്ട് പകർത്തിയതല്ലെന്ന്; നാപാം പെൺകുട്ടിയുടെ ചിത്രത്തെ കുറിച്ച് പുതിയ വിവാദം
text_fields1972ലെ വിയറ്റ്നാം യുദ്ധഭീകരതയുടെ നേർസാക്ഷ്യമായ പെൺകുട്ടിയുടെ ഫോട്ടോ കാമറയിൽ പകർത്തിയത് വിഖ്യാത ഫോട്ടോഗ്രാഫർ നിക് ഉട്ട് അല്ലെന്ന് വെളിപ്പെടുത്തൽ. ആരുടെയും ഉള്ളുലയ്ക്കുന്നതാണ് ബോംബാക്രമണത്തിൽ ഗുരുതരമായി പൊള്ളലേക്ക് നിലവിളിച്ചു കൊണ്ട് നിരത്തിലൂടെ നഗ്നയായി ഓടുന്ന ഒമ്പത് വയസുള്ള പെൺകുട്ടിയുടെ ചിത്രം. ഈ ചിത്രം നിക് ഉട്ട് എടുത്തതാണെന്നാണ് നാളിതുവരെയും പറഞ്ഞുകേട്ടത്. നാപാം പെൺകുട്ടി എന്നാണ് ചിത്രത്തിന്റെ പേര്. നിക് ഉട്ടിന് വളരെയധികം പ്രശസ്തി ഉണ്ടാക്കിക്കൊടുത്ത ആ ചിത്രത്തിന് പുലിറ്റ്സർ പുരസ്കാരവും ലഭിച്ചു.
എന്നാൽ എൻ.ബി.സി ന്യൂസിന്റെ ഡ്രൈവർ ആയിരുന്ന നോയൻ ടാൻ നെയാണ് ഫോട്ടോയുടെ യഥാർഥ അവകാശിയെന്നാണ് കഴിഞ്ഞദിവസം പ്രദർശിപ്പിച്ച'ദ സ്ട്രിങ്ങർ' എന്ന ഡോക്യുമെന്ററി പറയുന്നത്. ഫ്രീലാൻസർ കൂടിയായിരുന്നു ടാൻ നെ. അദ്ദേഹം ഫോട്ടോ പകർത്തി അസോസിയേറ്റഡ് പ്രസിനു(എ.പി) നൽകി. അന്ന് എ.പിയുടെ ഫോട്ടോ വിഭാഗം മേധാവിയായിരുന്ന ഹോസ്റ്റ് ഫാസ് ആണ് ഈ ചിത്രം നിക് ഉട്ടിന്റെ പേരിൽ അയച്ചുകൊടുക്കാൻ നിർദേശിച്ചതായി എ.പി ഫോട്ടോ എഡിറ്ററായ കാൾ റോബിൻസൺ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തി. റോബിൻസണെ 1978ൽ എ.പിയിൽ നിന്ന് പിരിച്ചുവിട്ടതാണ്. യു.എസിലെ പാർക്ക് സിറ്റി സൺഡാൻസ് ചലച്ചിത്ര മേളയിൽ ജനുവരി 25ന് ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. അതിനിടെ, നാപാം പെൺകുട്ടിയെന്ന പേരിലുള്ള പ്രശസ്തമായ ചിത്രത്തിന്റെ പിതൃത്വം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് ഡോക്യുമെന്ററിക്കു പിന്നിലുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിക് ഉട്ട് ഭീഷണി മുഴക്കിയിരുന്നു. ഇത് തള്ളിയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ചിത്രമെടുത്തത് നിക് ഉട്ട് അല്ലെന്ന് തെളിയിക്കാൻ സാധിക്കുന്ന ഒന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ വിശകലനത്തിന് തയാറാണെന്നും എ.പി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ഗാരി നൈറ്റും സംഘവുമാണ് ഡോക്യുമെന്ററിയുടെ അണിയറയിലുള്ളത്.
ഡോക്യുമെന്ററിയുടെ പ്രദർശനത്തിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ നോയൻ ടാൻ നെ പങ്കെടുത്തിരുന്നു. താനാണ് നാപാം പെൺകുട്ടിയായ കിം ഫുക്കിന്റെ ചിത്രം എടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. 20 ഡോളറിനാണ്(ഏതാണ്ട് 1700 രൂപ) 1972 ജൂൺ എട്ടിന് എടുത്ത ആ ചിത്രം എ.പിക്ക് വിറ്റതെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോയുടെ പ്രിന്റ് തന്റെ ഭാര്യ നശിപ്പിച്ചു കളഞ്ഞുവെന്നും ടാൻ നെ പറഞ്ഞു. രണ്ടുവർഷത്തിലേറെ നീണ്ട അന്വേഷണങ്ങൾക്ക് ശേഷമാണ് ഡോക്യുമെന്ററി തയാറാക്കിയതെന്ന് സംവിധായകനും വ്യക്തമാക്കി.
അതേസമയം, ഡോക്യുമെന്ററിയുടെ അവകാശ വാദം കിം ഫുക് തള്ളി. ഇപ്പോൾ കാനഡയിലാണ് കിം ഫുക് ഉള്ളത്. നിക് ഉട്ട് വെറുമൊരു ഫോട്ടോഗ്രാഫർ മാത്രമല്ല, കാമറ മാറ്റിവെച്ച് തന്റെ ജീവൻ രക്ഷിച്ച ഹീറോ കൂടിയാണ്. അദ്ദേഹമാണ് അന്ന് ആശുപത്രിയിലെത്തിച്ച് എന്റെ ജീവൻ രക്ഷിച്ചതെന്നും കിം ഫുക് വാനിറ്റി ഫെയറിനു നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
പുറത്തുവന്ന് 50 വർഷത്തിനു ശേഷമാണ് ചിത്രത്തിന്റെ പിതൃത്വത്തെ ചൊല്ലി പുതിയ വിവാദം ഉടലെടുക്കുന്നത്. 2017ൽ വിരമിക്കുന്നത് വരെ 40 വർഷക്കാലം എ.പിയുടെ ഫോട്ടോഗ്രാഫറായിരുന്നു നിക് ഉട്ട്. നാപാം പെൺകുട്ടിയുടെ ഫോട്ടോ ഇദ്ദേഹം എടുത്തതാവാൻ സാധ്യതയില്ലെന്ന് ഫ്രഞ്ച് ഫോറൻസിക് സംഘവും നിഗമനത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

