Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒരു ഇന്ത്യൻ ഡോക്ടർ...

ഒരു ഇന്ത്യൻ ഡോക്ടർ പാക് ബാലികയുടെ ജീവൻ രക്ഷിച്ച കഥ

text_fields
bookmark_border
pak girl
cancel
camera_alt

അഫ്ഷീൻ സഹോദരൻ യഅ്ഖൂബിനും ഡോക്ടർ രാജഗോപാലൻ കൃഷ്ണനുമൊപ്പം 

കഴുത്ത് 90 ഡിഗ്രിയിൽ വളഞ്ഞിരിക്കുന്ന അസുഖമായിരുന്നു പാക് ബാലികയായ അഫ്ഷീൻ ഗുല്ലിന്. 13 വയസുവരെ അഫ്ഷീന് സ്കൂളിൽ പോകാൻ സാധിച്ചിരുന്നില്ല. ഏഴുമക്കളിൽ ഏറ്റവും ഇളയകുട്ടിയായിരുന്നു അവൾ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ജനനം. സാധാരണ കുഞ്ഞുങ്ങളെ പോലെ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതെയാണ് അഫ്ഷീൻ ജനിച്ചത്. 10 മാസം പ്രായമുള്ളപ്പോൾ സഹോദരിയുടെ കൈകളിൽ നിന്ന് വീണതാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ കഴുത്ത് 90 ഡി​ഗ്രിയിലേക്ക് വളഞ്ഞു. മാതാപിതാക്കൾ ഉടനെ അവളെ ഡോക്ടറെ കാണിച്ചു. കുറച്ചു മരുന്നുകൾ കുറിച്ചു നൽകിയ ഡോക്ടർ കഴുത്തിന് ബെൽറ്റിടാനും നിർദേശിച്ചു. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. അവൾക്ക് എഴുന്നേൽക്കാനോ നടക്കാനോ എന്തിന് സംസാരിക്കാനും ഭക്ഷണം കഴിക്കാനും പോലും സാധിച്ചില്ല. തറയിൽ കിടക്കുക മാത്രം ചെയ്യും-അഫ്ഷീന്റെ മാതാവ് ജമീലൻ ബിബി ഓർക്കുന്നു.

കൂടുതൽ ചികിത്സ നടത്താനുള്ള സാമ്പത്തിക ഭദ്രതയും കുടുംബത്തിനുണ്ടായില്ല. അതോടൊപ്പം സെറിബ്രൽ പാൾസിയും കൂടി വന്നതോടെ ദുരിതം ഇരട്ടിയായി. ആറു വയസായപ്പോഴാണ് അഫ്ഷീൻ നടക്കാൻ പഠിച്ചത്. എട്ടുവയസുള്ളപ്പോൾ സംസാരിക്കാൻ തുടങ്ങി. 12 വയസു വരെ വീട്ടിനുള്ളിൽ തന്നെയായിരുന്നു.

ദൈവദൂതനെ പോലൊരു ഡോക്ടർ

ഇന്ത്യൻ ഡോക്ടർ രാജഗോപാലൻ കൃഷ്ണനെ കണ്ടുമുട്ടിയതാണ് അവളുടെ ജീവിതത്തിലെ വഴിത്തിരിവായത്. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ അവളുടെ കഴുത്തിലെ വളവ് ശരിയാക്കി. തീർത്തും സൗജന്യമായിരുന്നു ശസ്ത്രക്രിയ. നാലു മാസത്തിനു ശേഷം അഫ്ഷീന് സ്വയം നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിച്ചു. ശസ്​ത്രക്രിയയുടെ മുറിവുകൾ ഉണങ്ങി. എല്ലാ ആഴ്ചയും സ്കൈപ് വഴി ഡോ. കൃഷ്ണൻ അവളെ പരിശോധിക്കും. മകളുടെ ജീവൻ രക്ഷപ്പെടുത്തിയതിന് കൂപ്പുകൈകളോട് നന്ദിപറയുകയാണ് ഡോക്​റോട് അവളുടെ മാതാപിതാക്കൾ.


അഫ്ഷീനെ ലോകമറിയുന്നു

2017ലാണ് അഫ്ഷീന്റെ രോഗവിവരം​ ആദ്യമായി ലോകത്തിന്റെ ശ്രദ്ധയിൽ പെട്ടത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ പ്രമുഖ പാക് നടൻ അഹ്സാൻ ഖാൻ സഹായം അഭ്യർഥിച്ച് അവളുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു. വളരെ വേഗം ആളുകൾ ഇത് ഏറ്റെടുത്തു. യു.എസ് ഓർഗനൈസറുടെ നേതൃത്വത്തിൽ ഓൺലൈൻ ഫണ്ട് സമാഹരണം തുടങ്ങി.

ചികിത്സ പൂർണമായി ഏറ്റെടുക്കുമെന്നാണ് കാണിച്ച് 2017 നവംബറിൽ പാകിസ്താൻ പീപ്ൾസ് പാർട്ടി എം.പിയായ നാസ് ബലൂച് ട്വീറ്റ് ചെയ്തു. തുടർന്ന് 2018 ഫെബ്രുവരിയിൽ പാകിസ്‍താനിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായ ആഗാ ഖാൻ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ അഫ്ഷീനെ പ്രവേശിപ്പിച്ചു.

എന്നാൽ ശസ്ത്രക്രിയ നടത്തിയാൽ മരണം സംഭവിക്കാനുള്ള സാധ്യത 50 ശതമാനമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി. വെല്ലുവിളി ഏറ്റെടുക്കാൻ കുടുംബം തയാറാണെങ്കിൽ ശസ്ത്രക്രിയ തുടരാമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആലോചിക്കാമെന്നു പറഞ്ഞ് കുടുംബം അവളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. സഹോദരിയുടെ വിവാഹത്തിരക്കിലായതിനാൽ അഫ്ഷീന്റെ ശസ്ത്രക്രിയയും നീണ്ടുപോയി. തിരക്കു കഴിഞ്ഞ് കുടുംബം സർക്കാർ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. അതേസമയം, വിദേശത്തെ എൻ.ജി.ഒകളുമായി സഹകരിച്ച് ബലൂച് തുടർ ചികിത്സക്കുള്ള ഒരുക്കം തുടങ്ങി.

ഡോ. രാജഗോപാലൻ കൃഷ്ണനെ കണ്ടുമുട്ടുന്നു

അഫ്ഷീന്റെ അവസ്ഥ വിവരിച്ച് ബ്രിട്ടീഷ് മാധ്യമപ്രവർത്ത അലക്സാണ്ട്രിയ തോമസ് റിപ്പോർട്ട് തയാറാക്കിയതോടെ 2019ൽ അവൾ വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഡൽഹിയിലെ ഡോ. കൃഷ്ണനെയും അലക്സാണ്ട്രിയ കുടുംബത്തിന് പരിചയപ്പെടുത്തി. അഫ്ഷീനെ സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ചികിത്സക്കായി ഇന്ത്യയിലെത്താൻ വിസ ലഭിക്കാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഒടുവിൽ കഴിഞ്ഞ നവംബറിൽ അഫ്ഷീനും കുടുംബവും ഇന്ത്യയിലെത്തി. ദാറുൽ സുകൂൻ എന്ന ചൈൽഡ്കെയർ സംഘടനയും സഹായത്തിനെത്തി.

ശസ്ത്രക്രിയയിൽ അഫ്ഷീനു സംഭവിക്കാവുന്ന പ്രശ്നങ്ങളെ കുറിച്ച് ഡോക്ടർ കൃഷ്ണൻ കുടുംബത്തെ ബോധ്യപ്പെടുത്തി. ചിലപ്പോൾ ഹൃദയം നിലച്ചുപോകാം. അല്ലെങ്കിൽ ശ്വാസകോശങ്ങളുടെ പ്രവർത്തനം തകരാറിലാകാം...ഡോക്ടറുടെ വാക്കുകൾക്ക് മുന്നിൽ കുടുംബം നിറകണ്ണുകളോടെ നിന്നു. ചികിത്സക്ക് ആവശ്യമായ പണവും അവരുടെ കൈയിലുണ്ടായിരുന്നു. ഓൺലൈൻ ഫണ്ട് സമാഹരണം വീണ്ടും തുടങ്ങി. ഒടുവിൽ ഡോക്ടർ കൃഷ്ണന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ പൂർണമായും വിജയകരമായി നടന്നു. ഫെബ്രുവരിയിലായിരുന്നു പ്രധാന ശസ്ത്രക്രിയ.


ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ അവളുടെ തലയോട്ടി സുഷുമ്ന നാഡിയിൽ ഘടിപ്പിച്ചു. തുടർന്ന് കഴുത്ത് നേരെയാക്കാൻ വടിയും സ്ക്രൂകളും ഉപയോഗിച്ച് തലയോട്ടി സെർവിക്കൽ നട്ടെല്ലിൽ ഘടിപ്പിച്ചു.കഷ്ടപ്പാടുകൾക്കൊടുവിൽ ഇക്കഴിഞ്ഞ ഈദിൽ ഫേസ്ബുക്കിൽ ഇപ്പോഴവളുടെ ചിരിക്കുന്ന മുഖം കണ്ട നിർവൃതിയിലാണ് ഡോക്ടർ ​കൃഷ്ണൻ. ''അവളിപ്പോഴും കുറച്ചു ദുർബലയാണ്. മറ്റു കുട്ടികളെ​ പോലെയല്ല, മന്ദഗതിയിലാണ് നടത്തവും സംസാരവും എന്നാണ് മറ്റുള്ളവരുടെ പഴിചാരൽ. അതൊന്നും ഞങ്ങൾക്ക് പ്രശ്നമില്ല. അവളെ ജീവനോട് തിരിച്ചുകിട്ടിയല്ലോ. സമയമെടുത്താണെങ്കിലും അവളിൽ മാറ്റങ്ങളുണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അതാണ് ഞങ്ങളുടെ പ്രതീക്ഷ'' അഫ്ഷീന്റെ സഹോദരൻ യഅ്ഖൂബ് കുമ്പാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakistanAfsheen GulIndian doctor saved
News Summary - Afsheen Gul: How a kind Indian doctor saved a Pakistani teen's life
Next Story